NewProject

നീണ്ട 26 വർഷങ്ങൾക്കുശേഷം കൊച്ചു കൊച്ചു സന്തോഷങ്ങളുമായി അവർ വീണ്ടും നമുക്ക്‌ മുന്നിലെത്തുന്നു. ആരെന്നല്ലേ മലയാളത്തിന്‍റെ പ്രിയനടന്‍ ജയറാമും മകൻ കാളിദാസ്‌ ജയറാമും. ജി പ്രജിത്ത്‌ സംവിധാനം ചെയ്യുന്ന ആശകൾ ആയിരമെന്ന ചിത്രത്തിലൂടെയാണ്‌ ഇരുവരുടെയും ഒരുമിച്ചുള്ള തിരിച്ചുവരവ്‌.

സത്യൻ അന്തിക്കാടിന്‍റെ സംവിധാനത്തിൽ 2000ൽ പുറത്തിറങ്ങിയ കൊച്ചു കൊച്ചു സന്തോഷങ്ങളിലാണ്‌ ഇരുവരെയും ആദ്യമായി ഒരുമിച്ച്‌ സ്‌ക്രീനിൽ കാണുന്നത്‌. അന്ന്‌ കാളിദാസിന്‌ വെറും ഏഴ്‌ വയസ്‌ മാത്രം പ്രായം. ഓഫ്‌ സ്‌ക്രീനിലെന്ന പോലെ അച്ഛൻ മകൻ കോമ്പോ ഓൺ സ്‌ക്രീനിലും സൂപ്പർഹിറ്റ്‌. പ്രാരാബ്‌ധങ്ങൾക്കിടയിൽ മകനെ വളർത്തുന്ന ഗോപനും അച്ഛന്റെ ദുരിതങ്ങള്‍ കണ്ടറിഞ്ഞ്‌ വളരുന്ന അച്ചുവും വളരെ പെട്ടന്നുതന്നെ മലയാളികളുടെ മനസിൽ സ്ഥാനം പിടിച്ചു. കൂടെ ലോറിയിൽ നാടുചുറ്റുന്ന ജോസ്‌ അങ്കിളും, സെലിനും തുടങ്ങി ഒരുപിടി കഥാപാത്രങ്ങളും, ഇന്നത്തെ ജെൻസി, പൂക്കി ഈറയിലും റിപ്പീറ്റ്‌ വാല്യു കെട്ടടങ്ങാത്ത ഇളയരാജ ഹിറ്റുകളും.

ഇരുവരും ഒരുമിച്ചുള്ള ആദ്യചിത്രം ചിരിപ്പിച്ചെങ്കില്‍, ഉള്ളിലൊരു വിങ്ങല്‍ നിറയ്ക്കുന്നതായിരുന്നു രണ്ടാംവരവ്. മികച്ച ചിത്രമായിരുന്നെങ്കിലും രണ്ടാമത് ഒരിക്കല്‍ കൂടി കാണാന്‍ മനസ് അനുവദിക്കാത്ത അവസ്ഥ. അതായിരുന്നു "എന്റെ വീട്‌ അപ്പൂന്റേം'. സിബി മലയിലിന്റെ സംവിധാനത്തിൽ 2003ലാണ്‌ സിനിമ പുറത്തിറങ്ങുന്നത്‌. വിശ്വന്റെയും വസുവിന്റെയും മാനസിക സംഘർഷങ്ങൾ സ്വന്തം മനസിലേക്ക്‌ ആവാഹിച്ചുകൊണ്ടായിരുന്നു ഒരോരുത്തരും അന്ന് ആ സിനിമ കണ്ട് തീര്‍ത്തത്. കൊച്ചു കൊച്ചു സന്തോഷങ്ങളിൽനിന്നുള്ള മൂന്ന്‌ വയസ്‌ ദൂരം കാളിദാസിന്റെ അഭിനയത്തിലും മികവുണ്ടാക്കി. ആ വർഷത്തെ മികച്ച ബാല താരത്തിനുള്ള പുരസ്കാരം അന്നത്തെ രാഷ്‌ട്രപതി എപിജെ അബ്‌ദുൾ കലാമിൽനിന്ന്‌ ഏറ്റുവാങ്ങി. അതിനുശേഷം അച്ഛനും മകനും ഒരുമിച്ചുള്ള സിനിമകളുണ്ടായില്ല. എന്നിരുന്നാലും ചെയ്തുവച്ച രണ്ട്‌ സിനിമകൾ എല്ലാ കാലവും പുതുപുത്തനായിനിന്നു. മലയാളികൾക്കെന്നും ജയറാമും കാളിദാസും തങ്ങളുടെ കുടുംബത്തിലെ അംഗമായിരുന്നു. പുതിയ സിനിമയെത്തുമ്പോഴും അതിനൊരു മാറ്റവുമില്ല.

ആയിരം ആശകളുടെ ആദ്യ ഗ്ലിംപ്‌സ്‌ യൂട്യൂബിൽ പുറത്തിറങ്ങി മണിക്കൂറുകൾ പിന്നിടുമ്പോൾ മികച്ച സ്വീകരണമാണ്‌ പ്രേക്ഷകരുടെ ഭാഗത്തുനിന്ന്‌. അച്ഛന്റെയും മകന്റെയും തിരിച്ചുവരവിനെ പ്രകീർത്തിക്കുന്നതാണ് കമന്‍റുകളത്രയും. കാളിദാസിന്‍റെ ലുക്കിനെ അപരൻ സിനിമയിലെ ജയറാമിന്‍റെ ലുക്കുമായി താരതമ്യപ്പെടുത്തിയും ചർച്ചകൾ സജീവം. എന്തായാലും അച്ഛന്റെയും മകന്റെയും ആശകൾ ആയിരമുള്ള കൊച്ചുകൊച്ചു സന്തോഷങ്ങൾക്കുവേണ്ടി എല്ലാവരും കട്ട വെയിറ്റിങ്ങാണ്‌.

ENGLISH SUMMARY:

Jayaram and Kalidas Jayaram are back together on screen after 26 years. Their new movie 'Aashakal Aayiram' is directed by G Prajith and is highly anticipated by the audience.