ബസിൽ അപമര്യാദയായി പെരുമാറിയെന്ന യുവതിയുടെ ആരോപണത്തെ തുടർന്ന് ജീവനൊടുക്കിയ ദീപക്കിനെക്കുറിച്ചുള്ള പോസ്റ്റ് നടൻ ഹരീഷ് കണാരൻ പങ്കുവച്ചിരുന്നു. ഹരീഷ് കണാരന്റെ പോസ്റ്റിന് താഴെ കമന്റുമായി പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയുടെ കമന്റാണ് ശ്രദ്ധനേടുന്നത്.
‘സുഹൃത്തെ, സ്വന്തം നേട്ടത്തിന് വേണ്ടി ഒരാളെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചാൽ എന്തു സംഭവിക്കും എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് നാം കണ്ടത്. എല്ലാവർക്കും ഒരു പോലെ സഹിച്ച് നിൽക്കുവാനാവില്ല. അതുപോലെ ഒരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്ന് പോകുന്നത്. അപമാനിക്കപ്പെടലിലൂടെ നഷ്ടപ്പെടുന്ന ജീവിതം ഒരിക്കലും തിരിച്ചുപിടിക്കാനാവില്ല.അത് ഒന്ന് ഓർത്താൽ നല്ലത്..അപമാനിതനാകുന്നയാളുടെ കുടുംബം അനുഭവിക്കുന്ന വേദനയ്ക്കും ദുഃഖത്തിനും അവരുടെ നഷ്ടങ്ങൾക്കും ഒന്നും പരിഹാരം കാണാനാവില്ല.. അങ്ങയെ അത് ഓർമിപ്പിക്കുന്നു.’, എന്നായിരുന്നു ബാദുഷയുടെ കമന്റ്.
കഴിഞ്ഞ വർഷം കടംവാങ്ങിയ തുക തിരിച്ച് ചോദിച്ചതിന്റെ പേരിൽ പ്രൊഡക്ഷൻ കണ്‍ട്രോളറായ ബാദുഷ തന്നെ സിനിമകളിൽ നിന്ന് ഒഴിവാക്കുന്നതായി ഹരീഷ് കണാരന്‍ വെളിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് ബാദുഷയുടെ കമന്റെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്. 20 ലക്ഷം ബാദുഷയ്ക്ക് ഹരീഷ് കണാരൻ നൽകിയിരുന്നുവെന്നും അതില്‍ ചെറിയ തുകമാത്രമാണ് തിരികെ നൽകിയതെന്നും ഹരീഷ് ആരോപിച്ചിരുന്നു. എന്നാൽ തനിക്ക് പറയാനുള്ളതെല്ലാം ‘റേച്ചല്‍’ എന്ന സിനിമ റിലീസിന് ശേഷം പറയുമെന്നായിരുന്നു അന്ന് ബാദുഷ പറഞ്ഞത്.