കരിയറിന്‍റെ പീക്കില്‍ നില്‍ക്കുമ്പോള്‍ സിനിമാ രംഗത്ത് നിന്നും പിന്മാറ്റം പ്രഖ്യാപിച്ച് ബോളിവുഡ് താരം സന ഖാന്‍ ആരാധകരെ ഞെട്ടിച്ചിരുന്നു. 2020ൽ കോവിഡ് സമയത്തായിരുന്നു സന സിനിമാ ജീവിതം അവസാനിപ്പിച്ചത്. സാമൂഹിക സേവനത്തിനും ആത്മീയതയ്ക്കും പ്രാധാന്യം നൽകുന്നതിനായാണ് സിനിമയിൽ നിന്ന് പിൻവാങ്ങുന്നതെന്നായിരുന്നു സന പറഞ്ഞത്. ഈ പ്രഖ്യാപനത്തിനു ശേഷം അധികം വൈകാതെ മതപുരോഹിതനായ മുഫ്തി അനസ് സയ്യിദിനെ സന വിവാഹം ചെയ്തിരുന്നു.
ഇപ്പോള്‍ സിനിമയില്‍ നിന്നും പിന്മാറിയതിനെ പറ്റിയും വിവാഹ ജീവിതത്തെ പറ്റിയും സംസാരിക്കുകയാണ് സന. ആത്മീയ പാതയിലേക്ക് മാറിയത് തന്‍റെ തീരുമാനം തന്നെയായിരുന്നുവെന്നും ഭര്‍ത്താവ് ആ പാതയിലേക്ക് നയിക്കുക മാത്രമാണ് ചെയ്തതെന്നും സന പറഞ്ഞു. ആരും തന്നെ ബ്രെയിൻ വാഷ് ചെയ്തില്ലെന്നും തനിക്കു സമാധാനം വേണമായിരുന്നുവെന്നും നടി റഷാമി ദേശായിയുമായുള്ള അഭിമുഖത്തിൽ സന പറഞ്ഞു.
'അതീവ രഹസ്യമായിട്ടായിരുന്നു ഞങ്ങളുടെ വിവാഹം ഉറപ്പിച്ചത്. മാതാപിതാക്കൾക്കു മാത്രം അറിയാവുന്ന കാര്യമായിരുന്നു. വരന്റെ പേരു പോലും ആർക്കും അറിഞ്ഞിരുന്നില്ല. കൈകളിൽ മൈലാഞ്ചിയിടുന്ന സമയത്ത് മെഹന്ദി ആർട്ടിസ്റ്റ് എന്നോട് വരന്റെ പേര് ചോദിച്ചു. വരന്റെ പേര് പിന്നീട് എഴുതാമെന്നും ഇപ്പോൾ ആ ഭാഗം ഒഴിച്ചിട്ടോളാനും ഞാൻ അവരോടു പറഞ്ഞു.
അക്കാലത്ത് എന്റെ ജീവിതത്തിൽ വലിയ മാറ്റങ്ങളുണ്ടായി. ഞാൻ തികച്ചും വ്യത്യസ്തയായ മറ്റൊരാളായി മാറുകയായിരുന്നു. ഇതൊന്നും എന്റെ ഭർത്താവിന്റെ പ്രശ്നമല്ല. എനിക്കു വേണ്ടി ഞാൻ തന്നെ മാറിയതാണ്. അദ്ദേഹം ആ പാതയിലേക്ക് എന്നെ നയിച്ച ഒരാൾ മാത്രമാണ്.
ആരും എന്നെ ബ്രെയിൻ വാഷ് ചെയ്തില്ല. എനിക്കു സമാധാനം വേണമായിരുന്നു. ഒരാൾക്ക് പേരും പ്രശസ്തിയും പണവും പ്രതാപവും ഉണ്ടാകാം. പക്ഷേ, ആന്തരികമായ സമാധാനം ലഭിക്കണമെന്നില്ല. എന്റെ ചുറ്റുപാടുകൾ തീരുമാനത്തെ ബാധിച്ചെന്നാണ് അവർ പറയുന്നത്. കാലം കടന്നു പോയപ്പോൾ ഞാൻ ചിലകാര്യങ്ങൾ മനസ്സിലാക്കി. അതുകൊണ്ടു തന്നെ അദ്ദേഹവുമായുള്ള ബന്ധം എനിക്ക് മൂല്യവത്താണ്. ഇതിലും മികച്ച ഭർത്താവിനെ എനിക്കു കിട്ടില്ലെന്ന് ഞാൻ അദ്ദേഹത്തോടു തന്നെ പറയാറുണ്ട്. ജീവിതത്തിൽ വളരെ ബുദ്ധിമുട്ടുള്ള തീരുമാനമായിരുന്നു അതെങ്കിലും മുന്നോട്ടുപോകാൻ ഞാൻ ഉറപ്പിച്ചു,' സന പറഞ്ഞു.