Image Credit:facebook/yash
കന്നഡ സൂപ്പര്‍താരം യഷിന്‍റെ ടോക്സിക് ടീസര്‍ സൃഷ്ടിച്ച പ്രകമ്പനങ്ങള്‍ സിനിമാലോകത്ത് അവസാനിക്കുന്നില്ല. ടീസറിലെ ഇൻ്റിമേറ്റ് കാര്‍ സീനാണ് ടീസര്‍ റിലീസിന് പിന്നാലെ സോഷ്യല്‍ ലോകത്തെ ചര്‍ച്ച. ചൂടന്‍ രംഗത്തിന് പിന്നാലെ നടിയും ബ്രസീലിയന്‍ മോഡലുമായ ബിയാട്രീസും വൈറലായി. ചിത്രത്തിന്‍റെ സംവിധായിക ഗീതു മോഹന്‍ദാസാണ് രംഗത്തില്‍ അഭിനയിച്ച നടിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തിയത്. ശവക്കോട്ടയ്ക്കുള്ളിലെ ബോള്‍ഡ് രംഗത്തില്‍ യഷിനൊപ്പമുള്ളത് നതാലി ബണ്‍ ആണെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകള്‍. ഇതേത്തുടര്‍ന്നാണ് ഗീതു തന്‍റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ വൈറല്‍ 'സിമിട്രി ഗേള്‍' ആരാണെന്ന് വ്യക്തത വരുത്തിയത്.
പാട്ടുകാരി കൂടിയായ ബിയാട്രീസിന്‍റെ ഇന്‍സ്റ്റഗ്രാം ഐഡിയിലേക്ക് പിന്നീട് മെസേജുകളുടെ പ്രവാഹമായിരുന്നു. സൈബര്‍ ബുള്ളിയിങും അശ്ലീല മെസേജുകളും സഹിക്കാവുന്നതിനപ്പുറമായതോടെ താരം ആദ്യം അക്കൗണ്ട് പ്രൈവറ്റാക്കുകയും ഇൻകൊഗ്നിറ്റോ മോഡിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് അക്കൗണ്ട് ഡിലീറ്റ് ചെയ്തു.
ടീസറിലെ ഈ രംഗങ്ങള്‍ സ്ത്രീകളെ അപമാനിക്കുന്നതാണെന്നും കന്നഡ സ്ത്രീകളുടെ അന്തസിന് വിഘാതം വരുത്തുന്നുവെന്നും ചൂണ്ടിക്കാട്ടി എഎപി വനിതാ കമ്മിഷനെ സമീപിച്ചിട്ടുണ്ട്. സെന്‍സര്‍ ബോര്‍ഡിനും പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ ടീസര്‍ യൂട്യൂബില്‍ നേരിട്ട് റിലീസ് ചെയ്യുന്നതാണെന്നും അത് ബോര്‍ഡിന്‍റെ അധികാര പരിധിയില്‍ വരുന്നതല്ലെന്നുമായിരുന്നു സിബിഎഫ്സി അധികൃതരുടെ പ്രതികരണം.
ടീസറിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ തുടക്കത്തില്‍ പ്രതികരിച്ചില്ലെങ്കിലും ' സ്ത്രീകളുടെ ആനന്ദത്തെ കുറിച്ച് ആളുകള്‍ തലപുകയ്ക്കുന്നത് കണ്ട് രസിച്ചിരിക്കുന്നു'വെന്നായിരുന്നു പിന്നീട് അവര്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചത്. മാര്‍ച്ച് 19നാണ് ചിത്രം തിയറ്ററുകളിലെത്തുക. നയന്‍താര, രുക്മിണി വാസന്ത്, കിയാര അദ്വാനി, ഹുമ ഖുറേഷി, താര സുതാരിയ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.