ശിവകാര്‍ത്തികേയനും രവിമോഹനും അഭിനയിച്ച ചിത്രം പരാശക്തി നിരോധിക്കണമെന്ന ആവശ്യം ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് രംഗത്ത്. ചരിത്രത്തെ വളച്ചൊടിക്കുന്നുവെന്നും കോണ്‍ഗ്രസ് നേതാക്കളെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിക്കുന്നു. സിനിമയിലെ കെട്ടിച്ചമച്ച രംഗങ്ങള്‍ നീക്കം ചെയ്യണമെന്നും ചിത്രത്തിന്റെ നിര്‍മാതാക്കള്‍ പരസ്യമായി മാപ്പ് പറയണമെന്നുമാണ് യൂത്ത് കോണ്‍ഗ്രസ് തമിഴ്നാട് ഘടകം ഉന്നയിക്കുന്ന പ്രധാന ആവശ്യം.
യൂത്ത് കോണ്‍ഗ്രസിന്‍റെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ചിത്രത്തിനെതിരെ നിയമനടപടികളിലേക്ക് നീങ്ങുമെന്നുമാണ് നിലപാട്. യൂത്ത് കോണ്‍ഗ്രസ് സ്റ്റേറ്റ് സീനിയര്‍ വൈസ് പ്രസിഡന്‍റ് അരുണ്‍ ഭാസ്ക്കര്‍ എക്സില്‍ പങ്കുവച്ച പ്രസ്താവന മുതിര്‍ന്ന നേതാവും കോണ്‍ഗ്രസ് വക്താവുമായ എം കുമാരമംഗലം പങ്കുവയ്ക്കുകയും ചെയ്തു.
‘പരാശക്തി സിനിമ നിരോധിക്കുക തന്നെ വേണം, ശിവകാര്‍ത്തികേയന്‍ അവതരിപ്പിക്കുന്ന കഥാപാത്രം ഇന്ദിരാഗാന്ധിയെ കാണുന്നതും സംസാരിക്കുന്നതുമായ രംഗം തീര്‍ത്തും അപകീര്‍ത്തികരമാണ്. ഇന്ദിരാഗാന്ധി മോശമായി സംസാരിക്കുന്നതായാണ് ചിത്രത്തില്‍ കാണിച്ചിരിക്കുന്നത്. ചരിത്രത്തിലില്ലാത്ത കാര്യങ്ങള്‍ പറഞ്ഞ് മരിച്ചുപോയ നേതാക്കളെക്കുറിച്ച് സിനിമയിലായാലും കഥകള്‍ മെനയുന്നത് നിയമവിരുദ്ധമാണെന്ന് ഈ ബുദ്ധിശൂന്യരായ നിര്‍മാതാക്കള്‍ക്കറിയില്ലേയെന്നും യൂത്ത് കോണ്‍ഗ്രസ് ചോദിക്കുന്നു.
സ്വന്തം താല്‍പര്യത്തിനും ഭാവനയ്ക്കും അനുസരിച്ചാണ് നിര്‍മാതാക്കള്‍ ഈ സിനിമ നിര്‍മിച്ചതെന്നും ആരോപണമുണ്ട്. ചരിത്രത്തിലില്ലാത്ത പല സംഭവങ്ങളും ചരിത്രത്തിന്‍റെ ഭാഗമെന്ന രീതിയിലാണ് ചിത്രത്തില്‍ ചേര്‍ത്തിരിക്കുന്നത്. #ബാന്‍പരാശക്തിമൂവി എന്ന ഹാഷ്ടാഗോടെയാണ് എക്സിലെ പ്രസ്താവന അരുണ്‍ ഭാസ്ക്കര്‍ അവസാനിപ്പിക്കുന്നത്. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ക്കു ശേഷം കഴിഞ്ഞ വാരമാണ് പരാശക്തി റിലിസിനായെത്തിയത്. സുധാ കൊങ്കര സംവിധാനം ചെയ്ത ചിത്രത്തില്‍ ശ്രീലീലയാണ് നായിക.