parvathy-maryan

TOPICS COVERED

മരിയാന്‍ സിനിമയുടെ ഷൂട്ടിനിടയ്​ക്ക് സെറ്റില്‍ നേരിട്ട വെല്ലുവിളികള്‍ തുറന്നുപറഞ്ഞ് നടി പാര്‍വതി തിരുവോത്ത്. കടലോരത്ത് പൂര്‍ണമായി വെള്ളം നനഞ്ഞുള്ള ഷൂട്ടിനിടയില്‍ തനിക്ക് വസ്ത്രം മാറാനായി സൗകര്യമില്ലായിരുന്നുവെന്ന് പാര്‍വതി പറഞ്ഞു. ഹോട്ടല്‍ റൂമിലേക്ക് പോകണമെന്ന് പറ‍ഞ്ഞപ്പോള്‍ അവര്‍ സമ്മതിച്ചില്ലെന്നും പീരിയഡ്സാണെന്ന് ഉച്ചത്തില്‍ പറയേണ്ടിവന്നുവെന്നും പാര്‍വതി പറ‍ഞ്ഞു. ഹൗട്ടര്‍ഫ്ലൈക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. 

"തമിഴില്‍ മരിയാന്‍ എന്ന സിനിമ ചെയ്തു. ഒരു ദിവസത്തെ ഷൂട്ടില്‍ ഞാന്‍ പൂര്‍ണമായും വെള്ളത്തില്‍ നനഞ്ഞ്, ഹീറോ റൊമാന്‍സ് ചെയ്യുന്ന സീനാണ്. ഞാന്‍ മാറ്റാന്‍ വസ്ത്രമെടുത്തിരുന്നില്ല. എന്റെ കാര്യങ്ങള്‍ നോക്കാന്‍ ഒപ്പം ആളുകളില്ല. ഒരു ഘട്ടമെത്തിയപ്പോള്‍ ഹോട്ടല്‍ റൂമില്‍ പോയി വസ്ത്രം മാറണമെന്ന് എനിക്ക് പറയേണ്ടി വന്നു. പറ്റില്ലെന്ന് അവര്‍ പറഞ്ഞപ്പോള്‍ എനിക്ക് പീരിയഡ്‌സ് ആണ് എന്ന് ഉച്ചത്തില്‍ പറഞ്ഞു. അതിനോടെങ്ങനെ പ്രതികരിക്കണമെന്ന് അവര്‍ക്ക് ഒരു ഐഡിയയുമില്ലായിരുന്നു. 

50 പേരുള്ള സെറ്റില്‍ മൂന്ന് സ്ത്രീകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. ഇപ്പോഴും മലയാളം സിനിമയില്‍ പോലും വളരെ കുറച്ച് സ്ത്രീകളെ സെറ്റില്‍ ഉണ്ടാവുകയുള്ളൂ. അതുകൊണ്ട് കൂടുതല്‍ സ്ത്രീകളെ സെറ്റില്‍ കണ്ടാല്‍ ഞാന്‍ സന്തോഷിക്കും,' പാര്‍വതി പറഞ്ഞു. 

കുട്ടിക്കാലത്തുണ്ടായ താന്‍ നേരിട്ട ദുരനുഭവങ്ങളും താരം അഭിമുഖത്തില്‍ പറഞ്ഞിരുന്നു. റെയില്‍വേ സ്റ്റേഷനില്‍ മാതാപിതാക്കള്‍ക്കൊപ്പം നില്‍ക്കുമ്പോള്‍ ഒരാള്‍ തന്‍റെ മാറത്ത് അടിച്ചിട്ട് പോയി. തൊടുക പോലുമായിരുന്നില്ല, അടിക്കുകയായിരുന്നു. അന്ന് ഞാന്‍ ഒരു കുട്ടിയാണ്. നല്ല വിഷമമായിരുന്നു. പുറത്തുകൂടി നടക്കുമ്പോള്‍ പുരുഷന്മാരുടെ കൈകളിലേക്ക് ശ്രദ്ധിക്കണമെന്ന് തന്‍റെ അമ്മ പറയുമായിരുന്നുവെന്നും പാര്‍വതി പറഞ്ഞു