TOPICS COVERED

ഇന്ന് 86–ാം പിറന്നാള്‍ ആഘോഷിക്കുകയാണ് മലയാളത്തിന്‍റെ ഗാനഗന്ധര്‍വന്‍ യേശുദാസ്. സാമൂഹിക രാഷ്​ട്രീയ മണ്ഡലങ്ങളിലെ നിരവധി പ്രമുഖരാണ് യേസുദാസിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയത്. 

ഗായിക സുജാത പങ്കുവച്ച പിറന്നാള്‍ ആശംസ ശ്രദ്ധ നേടുകയാണ് ഇപ്പോള്‍. കുട്ടിക്കാലത്ത് യേശുദാസിനൊപ്പം എടുത്ത ചിത്രം പങ്കുവച്ചാണ് സുജാത പിറന്നാള്‍ ആശംസ പങ്കുവച്ചത്. ‘ഗന്ധർവ നാദത്തിന് പിറന്നാൾ ആശംസകൾ. എന്റെ ദാസേട്ടന് എപ്പോഴും സന്തോഷവും, കൃപയും, ആയുരാരോഗ്യവും കൊടുക്കണമേ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു. ഹാപ്പി ബര്‍ത്ത് ഡേ ദാസേട്ടാ,' എന്നാണ് സുജാത കുറിച്ചത്. 

എട്ടാം വയസിൽ തന്നെ സംഗീതലോകത്തിലേക്ക് കടന്നുവന്ന സുജാത, അക്കാലത്ത് ‘ബേബി സുജാത’ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. ഒന്‍പതാം വയസുമുതൽ യേശുദാസിനൊപ്പം ഗാനമേളകളിൽ പാടിത്തുടങ്ങി. ഗുരുവായൂരിൽ നടന്ന ഒരു വിവാഹച്ചടങ്ങിലാണ് യേശുദാസിനെ ആദ്യമായി കണ്ടതും അദ്ദേഹത്തോടൊപ്പം ആദ്യമായി പാടിയതും. തുടർന്ന് ഏകദേശം രണ്ടായിരത്തോളം ഗാനമേളകളിൽ യേശുദാസിനൊപ്പം പങ്കെടുത്ത സുജാത, ആ കാലഘട്ടത്തിൽ ‘കൊച്ചുവാനമ്പാടി’ എന്ന പേരിലായിരുന്നു പ്രശസ്തയായത്. 1975-ൽ പിന്നണി ഗാനരംഗത്തേക്ക് കടന്ന സുജാത, അതേ വർഷം തന്നെ കാമം ക്രോധം മോഹം എന്ന ചിത്രത്തില്‍ യേശുദാസിനൊപ്പം പാടി. 

അച്ഛന്‍ അഗസ്റ്റിന്‍ ജോസഫാണ് യേശുദാസിനെ  പാട്ടിന്റെ ലോകത്തേക്ക് കൈപിടിച്ചു കയറ്റിയത്. എല്ലാ ഭാഷകളിലെയും ഒട്ടു മിക്ക സംഗീതസംവിധായകര്‍ക്കൊപ്പവും പ്രവര്‍ത്തിച്ച യേശുദാസിന് ആദ്യ കരിയര്‍ ബ്രേക്ക് നല്‍കിയത് ദേവരാജന്‍ മാസ്റ്ററായിരുന്നു. പിന്നീടങ്ങോട്ട് റെക്കോര്‍ഡുകള്‍. ഒരേ ദിവസം 11 വ്യത്യസ്ത ഭാഷകളില്‍ ഗാനങ്ങള്‍ റെക്കോര്‍ഡ് ചെയ്തു. തലമുറകള്‍ മാറിയിട്ടും ആ പാട്ടിന്റെ മാജിക് തുടര്‍ന്നുകൊണ്ടേയിരിക്കും.