ഗീതു മോഹൻദാസ് ചിത്രം ടോക്സികിന്‍റെ ടീസറില്‍ വിവാദങ്ങളും ചര്‍ച്ചകളും കനക്കവേ ആരാധകര്‍ തിരയുന്ന മറ്റൊരു വ്യക്തികൂടിയുണ്ട്, യാഷിനൊപ്പം ടീസറിലെത്തിയ നടി! യുക്രേനിയൻ അമേരിക്കൻ നടിയായ നതാലി ബേൺ ആണ് ടീസറിലെ ബോള്‍ഡ് രംഗങ്ങളില്‍ എത്തിയിരിക്കുന്നത്. നടി മാത്രമല്ല, മോഡലും തിരക്കഥാകൃത്തും നിർമാതാവുമാണ് നതാലി ബേൺ. ടോക്സിനൊപ്പം ഗൂഗിള്‍ ട്രെന്‍ഡിങ് ലിസ്റ്റില്‍ നതാലിയുമുണ്ട്. നതാലിയുടെ ഇന്ത്യൻ അരങ്ങേറ്റ ചിത്രമാണ് ടോക്സിക്ക്.
2006 മുതൽ നതാലി സിനിമാ മേഖലയിലും മോഡലിങ്ങിലും സജീവമാണ്. മോഡലിങ്ങിലൂടെയാണ് ഹോളിവുഡിലെത്തുന്നതും. ‘ദ എക്സ്പൻഡബിൾ 3’, ‘ദ കംബാക്ക് ട്രെയില്‍’, ‘ടിൽ ഡെത്ത് ഡു അസ് പാർട്ട്’, ‘ദ ലാസ്റ്റ് റിഡംപ്ഷൻ’, ‘ഐസ് ഇൻ ദി ട്രീസ്’ എന്നിവയുള്‍പ്പെടെ ഹോളിവുഡിലെ നിരവധി സിനിമകളില്‍ നതാലി അഭിനയിച്ചിട്ടുണ്ട്. കൂടാതെ 7 ഹെവൻ പ്രൊഡക്ഷൻസ് എന്ന പേരിൽ ഒരു നിർമ്മാണ കമ്പനിയും സ്വന്തമായിട്ടുണ്ട്. മോഡലിങിനൊപ്പം പ്രൊഫഷണൽ ബാലെറ്റ് നർത്തകിയുമാണ് നതാലി. ഒപ്പം ആയോധനകലയിലും പ്രാഗത്ഭ്യം. ആക്ഷൻ ത്രില്ലർ ചിത്രങ്ങളുടെ ഭാഗമായിട്ടുള്ള നതാലിയുടെ കാസ്റ്റിങ്ങിനെ പ്രശംസിക്കുകയാണ് ആരാധകരും.
ALSO READ: 'ടോക്സിക്' ടീസറിനെതിരായ വിമർശനങ്ങളിൽ ഗീതു മോഹൻദാസിന്‍റെ ആദ്യ പ്രതികരണം
നടന്‍ യഷിന്റെ 40ാം ജന്മദിനമായ ഇന്നലെയാണ് അണിയറ പ്രവര്‍ത്തകര്‍ ടോക്സിക്കിന്റെ ടീസര്‍ പുറത്തുവിട്ടത്. ആക്ഷന്‍– മാസ് രംഗങ്ങളും ഹോട്ട് ദൃശ്യങ്ങളും ടീസറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശ്മശാനത്തിന്‍റെ നിശ്ശബ്‌ദതയിൽ തുടങ്ങുന്ന ടീസർ, പെട്ടെന്ന് വെടിവെയ്പ്പിലേക്കും ആക്രമണങ്ങളിലേക്കും നീങ്ങുന്നു. കടുത്ത ബോള്‍ഡ് ദൃശ്യങ്ങളും ടീസറിലുണ്ട്. ഈ ദൃശ്യങ്ങളിലാണ് നതാലി പ്രത്യക്ഷപ്പെടുന്നത്. അതേസമയം, ഈ ദൃശ്യങ്ങൾ ചൂണ്ടിക്കാട്ടിയാണ് സമൂഹ മാധ്യമങ്ങളിൽ ഗീതു മോഹൻദാസിനെതിരെ വിമർശനങ്ങൾ ഉയരുന്നത്.
കെജിഎഫ് 2 വിന്റെ ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷം നാലു വർഷങ്ങൾക്കു ശേഷമാണ് യഷിന്‍റെ ഒരു ചിത്രം റിലീസിനൊരുങ്ങുന്നത്. 'മൂത്തോൻ' എന്ന ചിത്രത്തിന് ശേഷം ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടോക്സിക്. കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ തുടങ്ങിയവരും ചിത്രത്തിലുണ്ട്. മാർച്ച് 19 നാണ് സിനിമ തിയേറ്ററിലെത്തുന്നത്. യഷും ഗീതു മോഹൻദാസും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ. ദേശീയ അവാർഡ് ജേതാവായ രാജീവ് രവി ആണ് ഛായാഗ്രഹണം.