ഇന്നലെ പുറത്തിറങ്ങിയ ടോക്സിക് ചിത്രത്തിന്റെ ടീസര്‍ ചര്‍ച്ചയായതിനു പിന്നാലെ ഗീതു മോഹന്‍ദാസിനെ ലക്ഷ്യമിട്ട് കസബ സംവിധായകന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍. പ്രശസ്ത എഴുത്തുകാരന്‍ സക്കറിയയുടെ വരികള്‍ കടമെടുത്ത് നിഥിന്‍ പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയാണ് സൈബറിടത്ത് ശ്രദ്ധേയമാകുന്നത്.
മമ്മൂട്ടിയുടെ മാസ് ചിത്രം കസബ സ്ത്രീവിരുദ്ധമെന്ന് പറഞ്ഞ് ആക്രമിച്ചവര്‍ കന്നഡയില്‍ പോയി കോടികള്‍ മുടക്കി സകല മസാലകളും ചേര്‍ത്ത് സിനിമ എടുത്തതിലെ ഇരട്ടത്താപ്പ് നയമാണ് നിഥിന്‍ ചൂണ്ടിക്കാട്ടുന്നത്. ‘നിങ്ങൾ കെട്ടിയാടുന്ന ആ ‘കപട വ്യക്തിത്വം’ നിങ്ങളുടെ തന്നെ ആദർശങ്ങളെ വിസ്മരിക്കുമ്പോൾ, കാപട്യം അവിടെ പൂത്തുലയുന്നു... പിന്നാലെ ജീർണ്ണതയും (അങ്ങനെയുണ്ടാകില്ലെന്ന് ഞാൻ പ്രത്യാശിക്കുന്നു).
എങ്കിലും... ഇതിന്റെയെല്ലാം അനന്തരഫലമായി ഉണ്ടായ ആ തകർച്ചയിൽ (അലങ്കോലപ്പെട്ടതും എന്നാൽ അർഹിച്ചതുമായ ആ അവസ്ഥയിൽ) നിന്നുകൊണ്ട് എനിക്ക് സമ്മതിക്കാൻ കഴിയും; അതിനും അതിന്റേതായ ചില നിമിഷങ്ങളുണ്ടായിരുന്നു എന്ന്.’–സക്കറിയയുടെ ഈ വരികൾ നിഥിന്‍ സ്റ്റോറിയാക്കിയത് ഗീതു മോഹന്‍ദാസിനെ ലക്ഷ്യമിട്ടാണെന്നാണ് സോഷ്യല്‍ ഉപയോക്താക്കളുടേയും സിനിമാ ആസ്വാദകരുടേയും കണ്ടെത്തല്‍.
2016ലാണ് നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം കസബ റിലീസായത്. ചിത്രം സ്ത്രീവിരുദ്ധത നിറഞ്ഞതാണെന്ന് നടി പാര്‍വതി തിരുവോത്ത് ഒരു ചലച്ചിത്ര മേളയില്‍ വച്ച് വിമര്‍ശിച്ചിരുന്നു. സിനിമയുടെ പേര് പറയാന്‍ മടിച്ച പാര്‍വതിയോട് ‘സേ ഇറ്റ്’ എന്ന് പറഞ്ഞ് പ്രോത്സാഹിപ്പിച്ചത് അന്ന് ഗീതു മോഹന്‍ദാസായിരുന്നു. അതേ വ്യക്തി തന്നെയിപ്പോള്‍ ആണത്തവും ആണ്‍കോയ്മയും നിറഞ്ഞാടുന്ന ചിത്രമെടുത്ത് പ്രേക്ഷകര്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചിരിക്കുകയാണ്. അന്ന് ഗീതു എതിര്‍ത്ത അതേ ‘ടോക്സിക് മാസ്കുലിനിറ്റി’ സ്വന്തം സിനിമയിലൂടെ ആഘോഷിച്ചപ്പോള്‍ എന്തു സന്ദേശമാണ് ഗീതു പറയാന്‍ ഉദ്ദേശിക്കുന്നതെന്ന ചോദ്യമാണ് ഈ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ ഉയര്‍ന്നു കേള്‍ക്കുന്നത്.
നടന്‍ യഷിന്റെ 40ാം ജന്‍മദിനമായ ഇന്നലെയാണ് അണിയറ പ്രവര്‍ത്തകര്‍ ടോക്സിക്കിന്റെ ടീസര്‍ പുറത്തുവിട്ടത്. അശ്ലീവും ആക്ഷനും മാസും നിറഞ്ഞ രംഗങ്ങള്‍ സൈബറിടത്തും വന്‍ ചര്‍ച്ചയ്ക്കും വിമര്‍ശനത്തിനുമാണ് വഴിതെളിച്ചത്. മാര്‍ച്ച് 19നാണ് ചിത്രത്തിന്റെ റീലീസ്.