Image Credit:Facebook

സൂപ്പര്‍താരം യഷിനെ നായകനായി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന 'ടോക്സിക്' ടീസര്‍ പുറത്തിറങ്ങിയതിന് പിന്നാലെ നടി പാര്‍വതി തിരുവോത്തിന് നേരെ സമൂഹമാധ്യമങ്ങളില്‍ സൈബര്‍ ആക്രമണം. സമൂഹമാധ്യമങ്ങളില്‍ പാര്‍വതി പങ്കുവച്ച വിഡിയോയ്ക്കും ചിത്രങ്ങള്‍ക്കും ചുവടെയാണ് രൂക്ഷമായ പ്രതികരണങ്ങളും പരിഹാസവും നിറയുന്നത്. 

ആക്ഷന്‍ മാസ് മസാല ചേരുവകളുള്ള ടീസറില്‍ ഡബ്ല്യുസിസിയുടെയും പാര്‍വതിയുടെയുമെല്ലാം നിലപാടെന്താണെന്നും ഗീതു വഞ്ചിച്ചല്ലോ എന്തായിയെന്നും, കസബയെ കുറ്റം പറഞ്ഞയാള്‍ക്ക് ഇതിലൊന്നും പറയാനില്ലേയെന്നുമെല്ലാമാണ് കമന്‍റുകള്‍. ഇരട്ടത്താപ്പ് കാണിക്കരുതെന്നും ഗീതുവിന്‍റെ സിനിമയുടെ ടീസറിനോട് പ്രതികരിക്കണമെന്നും സ്ത്രീശരീരത്തിന്‍റെ ഒബജക്ടിഫിക്കേഷനോട് ഒന്നും പറയാനില്ലേ എന്നും കമന്‍റുകള്‍ നിറയുന്നുണ്ട്. വെറുതേ ആവശ്യമില്ലാത്ത സംസാരത്തിന് പോയി സ്വന്തം അവസരങ്ങളാണ് പാര്‍വതി കളഞ്ഞെതെന്നും മറ്റാര്‍ക്കും ഒരു നഷ്ടവും ഉണ്ടായില്ലെന്നും ചിലര്‍ കുറിച്ചിട്ടുണ്ട്. 

ടോക്സികിലെ യഷിന്‍റെ ഇന്‍ട്രോ സീനാണ് സമൂഹമാധ്യമങ്ങളിലെ ചൂടന്‍ ചര്‍ച്ച. ഇതിനൊപ്പം ഗീതു മോഹന്‍ദാസ് നേരത്തെ  സിനിമയിലെ സ്ത്രീപക്ഷ–സ്ത്രീവിരുദ്ധ നിലപാടുകളെ കുറിച്ച് പറഞ്ഞതും ചേര്‍ത്തുവച്ചാണ്  ചര്‍ച്ചകള്‍ കൊഴുക്കുന്നത്. സിനിമയുടെ ആദ്യ ടീസര്‍ പുറത്തിറങ്ങിയ സമയത്തും വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കസബയെ സ്ത്രീവിരുദ്ധതയുടെ പേരില്‍ വിമര്‍ശിച്ചയാള്‍ മറ്റൊരു ഭാഷയില്‍ പോയി ആ വ്യാഖ്യാനം തിരുത്തിയെന്ന് നിതിന്‍ രഞ്ജി പണിക്കരും വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ഇന്നലെ ടീസര്‍ പുറത്ത് വന്നതിന് പിന്നാലെ രാജന്‍ സക്കറിയ ഒരു വരവ് കൂടി വരുമെന്ന് നിര്‍മാതാവ് ജോബി ജോര്‍ജും ഫെയ്സ്ബുക്കില്‍ കുറിച്ചിരുന്നു.

ഗീതുവിന്‍റെ ഫെയ്സ്ബുക്ക് പോസ്റ്റിലും പടം കണ്ട് ഡബ്ല്യുസിസി എന്ത് പറയുമെന്നറിയാന്‍ കൗതുകമുണ്ടെന്നും സിനിമയിലെ മോശം സീനിനെ കുറിച്ച് വാതോരാതെ സംസാരിച്ച് മറ്റ് നടിമാരുടെ അവസരം കളഞ്ഞിട്ട് അതിലും മോശം സീന്‍ വച്ച് സിനിമയെടുത്തിരിക്കുന്നുവെന്നുമെല്ലാം ആളുകള്‍ കമന്‍റ് ചെയ്തിട്ടുണ്ട്.  

അതേസമയം, ഗീതു സ്ത്രീശാക്തീകരണത്തിന്‍റെ പ്രതീകമാണെന്നായിരുന്നു ടീസര്‍ കണ്ട ശേഷം രാം ഗോപാല്‍ വര്‍മ കുറിച്ചത്. ഗീതുവാണിത് ചിത്രീകരിച്ചതെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല. ഒരു പുരുഷനുമായും അവരെ താരതമ്യം ചെയ്യാന്‍ താനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ചിത്രത്തില്‍ റായ എന്ന കഥാപാത്രത്തെയാണ് യഷ് അവതരിപ്പിക്കുന്നത്. കെജിഎഫിന്‍റെ വമ്പന്‍ വിജയത്തിന് ശേഷം നാലുവര്‍ഷങ്ങള്‍ക്കിപ്പുറമാണ് യഷിന്‍റെ ചിത്രം വരുന്നത്. കിയാര, നയന്‍താര, ഹുമ ഖുറേഷി, താര സുതാര തുടങ്ങിയവരും ചിത്രത്തിലുണ്ട്. മാര്‍ച്ച് 19നാണ് റിലീസ്. 

ENGLISH SUMMARY:

Actress Parvathy Thiruvothu faces cyber attacks on social media following the release of Yash's 'Toxic' teaser directed by Geetu Mohandas. Netizens question Parvathy's stance on anti-misogyny after seeing the high-octane action scenes in Geetu's film. Read about the WCC controversy and RGV's reaction.