ജനനായകന്‍ സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കേസില്‍ മദ്രാസ് ഹൈക്കോടതി ഇന്ന് വിധി പറയും. വിജയ് ആരാധകരെയൊന്നടങ്കം നിരാശയിലാക്കിയ നടപടിയായിരുന്നു സെന്‍സര്‍ ബോര്‍ഡിന്‍റേത്. ഇളയ ദളപതിയുടെ ജനനായകനു വേണ്ടി ആരാധകര്‍ ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കുമ്പോഴായിരുന്നു റിലീസ് മാറ്റിയതായി അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്.
മുതിർന്ന അഭിഭാഷകനായ സതീഷ് പരാശരൻ ആണ് സിനിമയുടെ നിര്‍മാതാക്കളായ കെവിഎൻ പ്രൊഡക്ഷൻസിനുവേണ്ടി ഹാജരാകുന്നത്. നടന്‍ കമല്‍ഹാസന്റെ അനന്തരവന്‍ ആണ് സതീഷ് പരാശരന്‍. 1983-89 കാലഘട്ടത്തിൽ ഇന്ത്യയുടെ അറ്റോർണി ജനറലായിരുന്ന കെ. പരാശരന്റെയും സരോജയുടെയും മകനാണ് സതീഷ് . കമല്‍ഹാസന്‍റെ ഫസ്റ്റ് കസിന്‍ ആണ് സരോജ.
നേരത്തേ കമല്‍ ചിത്രങ്ങള്‍ പ്രതിസന്ധിയിലാകുമ്പോഴും കോടതിയില്‍ ഹാജരാകുന്നത് സതീഷ് പരാശരനാണ്. രാജ് കമല്‍ ഫിലിംസിനു വേണ്ടി നിരവധി തവണ ഇദ്ദേഹം കോടതിയില്‍ ഹാജരായിട്ടുണ്ട്. ‘തമിഴില്‍ നിന്നാണ് കന്നഡ ഉണ്ടായത്’ എന്ന പരാമര്‍ശത്തിന്‍റെ പേരില്‍ കര്‍ണാടകയില്‍ ‘തഗ് ലൈഫ്’ ചിത്രത്തിനു വെല്ലുവിളികളും സുരക്ഷാ പ്രശ്നങ്ങളും വന്നപ്പോഴും സതീഷ് പരാശരനാണ് കോടതിയില്‍ ഹാജരായത്.
2020-ൽ മൂന്ന് പേരുടെ മരണത്തിനിടയാക്കിയ ‘ഇന്ത്യൻ 2’ സിനിമയുടെ ഷൂട്ടിങ് സെറ്റിലെ അപകടവുമായി ബന്ധപ്പെട്ട് മദ്രാസ് ഹൈക്കോടതി കമൽ ഹാസനെ വിളിപ്പിച്ചപ്പോഴും പരാശരന്‍ രക്ഷയ്ക്കായെത്തിയിരുന്നു. ഡൽഹിയിലെ ക്യാമ്പസ് ലോ സെന്‍ററിൽ നിന്നാണ് സതീഷ് പരാശരൻ എൽഎൽബി പൂർത്തിയാക്കിയത്