ആദ്യവിവാഹത്തിലെ കയ്പേറിയ അനുഭവങ്ങള്‍ പങ്കുവച്ച് നടി ഷെഫാലി ഷാ. ജീവിതം പൂര്‍ണമാവാന്‍ ഭര്‍ത്താവിന്‍റെ ആവശ്യമില്ലെന്നും നമുക്ക് നാം തന്നെ മതിയെന്നും ഷെഫാലി ഷാ പറഞ്ഞു. ഭര്‍ത്താവ് ഇല്ലാത്ത ജീവിതം ഒരിക്കലും നിങ്ങളുടെ മൂല്യം നിര്‍ണയിക്കാന്‍ പോകുന്നില്ലെന്നും ഷെഫാലി സൂം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. 

'ജീവിതത്തിൽ പൂർണത നേടാൻ ഭർത്താവോ സുഹൃത്തോ സഹോദരനോ സഹോദരിയോ വേണമെന്ന് നിർബന്ധമില്ല, അത് പറഞ്ഞുതരാൻ ആരുമുണ്ടായിരുന്നില്ല. നല്ല ബന്ധങ്ങളുണ്ടെങ്കിൽ നല്ലതാണ്. ഇല്ലെങ്കിൽ അതൊരിക്കലും നിങ്ങളുടെ മൂല്യം നിർണയിക്കാൻ പോവുന്നില്ല. അത് എന്നോട് ആരും പറഞ്ഞില്ല.

ജീവിതത്തിൽ ചില കാര്യങ്ങൾ സംഭവിക്കുകയും അത് സ്വയം തിരിച്ചറിവ് നൽകുകയുംചെയ്യും. അത് നിർണായകമായൊരു ഘട്ടത്തിലെത്തിക്കും. അപ്പോഴാണ് തിരിച്ചറിവുണ്ടാവുക. അത് ചിലപ്പോൾ എന്നും സംഭവിക്കാം. എന്നാൽ, അത് തിരിച്ചറിയുകയും ഇത് എന്നേം കൊണ്ടേ പോവൂ എന്ന് മനസിലാക്കുകയും ചെയ്യുന്ന ഒരു നിമിഷം വരും. ഇതുമായി മുന്നോട്ടുപോകാനാവില്ലെന്ന് തിരിച്ചറിയും. 

എന്നെ സംബന്ധിച്ച് ആ തിരിച്ചറിവ് ആദ്യ വിവാഹത്തിന് ശേഷമാണ് സംഭവിച്ചത്. സന്തോഷവും ആത്മവിശ്വാസവും നൽകാത്തതോ വിലമതിക്കപ്പെടുന്നു എന്ന് തോന്നിപ്പിക്കാത്തതോ ആയ ഒരു സാഹചര്യത്തിൽ നിലനിൽക്കാൻ കഴിയില്ല. അപ്പോഴാണ് ഞാൻ തനിച്ച് മാറി താമസിക്കാൻ തീരുമാനിച്ചത്. പ്രായം കൂടുന്തോറും നിങ്ങൾ കെയർലെസ് ആവും. എല്ലാവരേയും സന്തോഷിപ്പിക്കാനുള്ള ശ്രമം മടുക്കും. അപ്പോഴാണ് എനിക്ക് ബോധോദയമുണ്ടായത്, ഞാൻ ഒരു പിസയല്ലെന്നും എല്ലാവരേയും തൃപ്തിപ്പെടുത്താൻ സാധിക്കില്ലെന്നും മനസിലായത്,' ഷെഫാലി പറഞ്ഞു. 

1994-ൽ നടൻ ഹർഷ് ഛയ്യയുമായിട്ടായിരുന്നു ഷെഫാലിയുടെ ആദ്യവിവാഹം.  2000-ത്തിൽ വിവാഹമോചനം നേടി. പിന്നീട് അതേവർഷം സംവിധായകനും നിർമാതാവുമായ വിപുൽ ഷായുമായി വിവാഹിതയായി. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുമുണ്ട്. 

ENGLISH SUMMARY:

Shefali Shah discusses her experiences in her first marriage and the importance of self-worth. The actress emphasizes that fulfillment in life doesn't necessarily require a partner and that one's value is not determined by marital status.