TOPICS COVERED

ലോസാഞ്ചൽസിലെ പ്രശസ്തമായ ഓസ്കർ അക്കാദമി മ്യൂസിയത്തിൽ ഫെബ്രുവരി 12ന് മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ പ്രദർശിപ്പിക്കും. അക്കാദമി മ്യൂസിയത്തിന്റെ ‘Where the Forest Meets the Sea’ എന്ന ചലച്ചിത്ര വിഭാഗത്തിലായിരിക്കും ചിത്രം പ്രദര്‍ശിപ്പിക്കുക.  സംവിധായകൻ രാഹുൽ സദാശിവനാണ് ഇക്കാര്യം സ്വന്തം പേജിലൂടെ ആരാധകരെ അറിയിച്ചത്. 

'ഞാൻ കേട്ടുവളർന്ന കഥകളിൽ നിന്നും, വിട്ടുമാറാത്ത ഭയങ്ങളിൽ നിന്നും, ഒരിക്കലും ഒഴിഞ്ഞുപോകാത്ത നിശ്ശബ്ദതകളിൽ നിന്നുമാണ് ഭ്രമയുഗത്തിന്റെ പിറവി. ഭാഷയ്ക്കും ദേശത്തിനും അതീതമായി അത് സ്വീകരിക്കപ്പെടുന്നത് കാണുന്നത് ഹൃദയസ്പർശിയാണ്. ഇത് യാഥാർഥ്യമാക്കിയ അഭിനേതാക്കൾക്കും അണിയറപ്രവർത്തകർക്കും ഒപ്പം നിന്ന എല്ലാവർക്കും നന്ദി. ലോസ് ഏഞ്ചൽസിലെ അക്കാദമി മ്യൂസിയത്തിന്റെ “Where the Forest Meets the Sea” എന്ന സിനിമാ പരമ്പരയിലെ ഏക ഇന്ത്യൻ ചലച്ചിത്രം - ഫെബ്രുവരി 12, 2026,’ രാഹുൽ കുറിച്ചു.

പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങള്‍ ഒത്തുചേര്‍ന്നുള്ള വിഡിയോ അക്കാദമി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്. ഇതിനിടയ്​ക്ക് ഭ്രമയുഗത്തിലെ വിവിധ രംഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓസ്കാർ അക്കാദമിയുടെ പ്രത്യേക സ്ക്രീനിങ് പ്രോഗ്രാമിന്റെ ഭാഗമായാണ് ഭ്രമയുഗം ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ ആഗോള സിനിമാ പ്രേമികൾക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ലോകമെമ്പാടുമുള്ള നാടോടിക്കഥകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിർമിച്ചിരിക്കുന്ന വിവിധ ചിത്രങ്ങളാണ് ഈ പരമ്പരയിൽ പ്രദർശിപ്പിക്കുന്നത്. മിഡ്സോമ്മർ (2019), ഹാക്സൻ (1922), ലാ ല്ലോറോണ (2019), ദി വിച്ച് (2015), വിയ് (1967), യു വോണ്ട് ബി എലോൺ (2022), അണ്ടർ ദി ഷാഡോ (2016), ദി വിക്കർ മാൻ (1973), ഹിസ് ഹൗസ് (2020), ഒനിബാബ (1965) എന്നിവയാണ് ഈ പരമ്പരയിൽ പ്രദർശിപ്പിക്കപ്പെടുന്ന മറ്റു ചിത്രങ്ങൾ.

ENGLISH SUMMARY:

Bramayugam is set to be screened at the Oscar Academy Museum in Los Angeles on February 12th. The film will be featured in the Academy Museum's 'Where the Forest Meets the Sea' film series.