Image Credit: x/ActorBalaOfficial
പുതിയ വര്‍ഷത്തെ കുറിച്ചുള്ള പ്രതീക്ഷകളും പ്രാര്‍ഥനയും ആഗ്രഹങ്ങളും പങ്കുവച്ച് നടന്‍ ബാല. ഭാര്യ കോകിലയ്ക്കൊപ്പം ചിത്രീകരിച്ച വിഡിയോയിലാണ് ബാല നാല് വ്യക്തിപരമായ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നത്. 2026 നല്ല വര്‍ഷമായിരിക്കട്ടെയെന്നും സന്തോഷവും മനസമാധാനവും കണ്ടെത്താനും മറ്റുള്ളവര്‍ക്ക് നല്‍കാനും എല്ലാവര്‍ക്കും കഴിയട്ടെ എന്നും ബാല ആശംസിക്കുന്നു.
പുതിയ വര്‍ഷത്തില്‍ എന്താണ് സമ്മാനം ലഭിച്ചതെന്ന ചോദ്യത്തിന് അമേരിക്കയില്‍ നിന്ന് ചേച്ചി ഒരു കണ്ണട കൊടുത്തുവിട്ടുവെന്നാണ് ബാല പറയുന്നത്. ചില ബന്ധങ്ങള്‍ ഇപ്പോഴും ഉണ്ടെന്നത് സന്തോഷമാണെന്നും താരം പറയുന്നു. തനിക്കും കുറച്ച് സമ്മാനങ്ങള്‍ ലഭിച്ചുവെന്ന് കോകില കൂട്ടിച്ചേര്‍ക്കുന്നുണ്ട്.
ഒരു വര്‍ഷമായി താന്‍ ബാലയെ കാണുന്നുണ്ടെന്നും ഇക്കാലയളവില്‍ നിരവധി ശത്രുക്കള്‍ ഉണ്ടായിട്ടുണ്ടെന്നും കോകില പറയുന്നു. ശത്രുക്കളെ എങ്ങനെയാണ് കൈകാര്യം ചെയ്യുന്നതെന്ന് ചോദിച്ചപ്പോള്‍ 'അത് സിംപിളാണ്. ശത്രുവിനെ ശത്രുവായി കാണേണ്ടതില്ലെന്നും മിത്രമായി കണ്ടാല്‍ എങ്ങനെ ശത്രുവാകാന്‍' ആണെന്നുമാണ് ബാല തിരിച്ച് ചോദിക്കുന്നത്. ആരെയും താന്‍ ശത്രുവായി കാണുന്നില്ലെന്നും 2026 ല്‍ എല്ലാവരും നന്നായിരിക്കണമെന്നാണ് ആഗ്രഹമെന്നും ബാല മറുപടി നല്‍കുന്നു. വിവാഹത്തിന് ശേഷം ഒരുപാട് പ്രയാസങ്ങള്‍ ഉണ്ടായെന്നും 2026ല്‍ താനും കോകിലയും പുതിയ ജീവിതത്തിലേക്ക് കടക്കുകയാണെന്നും ബാല വെളിപ്പെടുത്തി.
നാലഞ്ച് കഥ കേട്ടു, എന്നിട്ടും ഒന്നിനോടും ഓക്കെ പറഞ്ഞിട്ടില്ല...എന്താണ് പ്ലാന്‍ എന്നാണ് കോകിലയുടെ മൂന്നാമത്തെ ചോദ്യം. ആറ്റിറ്റ്യൂഡാണ് കാരണമെന്ന് ബാലയുടെ മറുപടി. താനിപ്പോഴും അതേ ബാലയാണ്,അതേ നടനാണ്. സര്‍ജറിക്ക് ശേഷം സിനിമയിലേക്ക് വരുമ്പോള്‍ വലിയ വിജയം നേടണമെന്നാണ് തന്‍റെ ആഗ്രഹം. വെറുതേ ഒരു സിനിമയില്‍ അഭിനയിച്ച് പോകണമെന്നല്ല. ദൈവം സഹായിച്ച് ഇതിഹാസങ്ങളുടെ കൂടെ അഭിനയിക്കാന്‍ കഴിഞ്ഞു. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ടൊവിനോ, പ്രിയസുഹൃത്ത് പൃഥ്വിരാജ് അങ്ങനെ എല്ലാവരുടെയും കൂെട അഭിനയിച്ചിട്ടുണ്ട്. അടുത്ത ഒരു പടം ചെയ്യുകയാണെങ്കില്‍ അതിനൊരു അര്‍ഥമുണ്ടാകണം. അത് നടക്കുമെന്നും ബാല വിശദീകരിച്ചു.
2026 ല്‍ തനിക്ക് എന്താണ് ഉപദേശം തരാനുള്ളതെന്ന് ചോദിച്ചതോടെ സന്തോഷം നമ്മുടെ കടമയാണെന്നാണ് ബാല പറയുന്നത്. താനെപ്പോഴും അത് പാലിക്കാറുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. അംഗഭംഗങ്ങളില്ലാത്ത ശരീരം ദൈവം തന്നിട്ടും മിക്കവരും നിരന്തരം പരാതി പറയുന്നവരാണ്. മരണത്തിന്‍റെ വക്കിലെത്തിയപ്പോഴാണ് ജീവിതത്തിന്‍റെ വില തനിക്ക് മനസിലായത്. അതുകൊണ്ട് സന്തോഷവും മനസമാധാനവും നമ്മള്‍ ഉണ്ടാക്കേണ്ടതാണെന്നും നമ്മുടെ ചുറ്റുമുള്ളവര്‍ക്കും നമ്മള്‍ അത് നല്‍കണമെന്നും ബാല പറയുന്നു.