തന്‍റെ അമ്മയെക്കുറിച്ച് ഒരു മാതൃദിനത്തില്‍ മോഹന്‍ലാല്‍ മലയാള മനോരമ ദിനപത്രത്തില്‍ കുറിച്ച വാക്കുകള്‍ ഹൃദയസ്പര്‍ശിയാണ്. തന്‍റെ അച്ഛന് മറവിരോഗം ബാധിച്ചിരുന്ന കാലത്തെ ഓര്‍മകളാണ് അന്ന് അദ്ദേഹം പങ്കുവെച്ചത്. ആഘോഷങ്ങള്‍ക്കെല്ലാം ഒു കൊച്ചുകുഞ്ഞിനെ പോലെയാണ് അമ്മ അച്ഛനെ കൊണ്ടു നടന്നിരുന്നത്. ചോറുരുള വായില്‍വെച്ച് കൊടുത്തു.
താന്‍ അഭിനയിച്ച സിനിമ കാണാനായി അമ്മയും താനും ചേര്‍ന്ന് അച്ഛനെ തിയറ്ററിലേക്ക് കൈപിടിച്ചുകൊണ്ടുപോയി. ഓരോന്നും പറഞ്ഞ് കൊടുത്ത് അച്ഛനൊപ്പം അമ്മ സിനിമ കണ്ടു. അപ്പോഴും അമ്മയുടെ ഒരു കൈ അച്ഛന്റെ കൈ പിടിച്ചിരിക്കുന്നതു തിയറ്ററിലെ ഇരുട്ടിലും ഞാൻ കണ്ടിരുന്നു. അമ്മയെ ആരും ഒന്നും പഠിപ്പിക്കേണ്ടതില്ല എന്ന് പറഞ്ഞാണ് അദ്ദേഹം തന്‍റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
മോഹന്‍ലാലിന്‍റെ വാക്കുകള്‍
അച്ഛനു മറവിരോഗം വന്നു തുടങ്ങിയപ്പോൾ ആദ്യം അതു തിരിച്ചറിഞ്ഞത് അമ്മയാണ്. അന്നത്തെ കാലത്തെല്ലാം ഈ രോഗം വന്ന പലരെയും വീടിനു പുറത്തു കൊണ്ടുപോകാൻ ആരും തയാറാകുമായിരുന്നില്ല. എങ്ങനെ കൈകാര്യം ചെയ്യണമെന്നുപോലും അറിയില്ല. എന്നാൽ എന്റെ അമ്മ അച്ഛനെ കല്യാണങ്ങൾക്കും ആഘോഷങ്ങൾക്കും ൈകപിടിച്ചു കൊണ്ടുപോയി. കുട്ടികളോടെന്നപോലെ എല്ലാം വീണ്ടും വീണ്ടും പറഞ്ഞു കൊടുത്തു. പലപ്പോഴും ചോറുരുള വായിൽവച്ചുകൊടുത്തു.
ഞാൻ അഭിനയിച്ച സിനിമ കാണാൻ തിയറ്ററിൽ അച്ഛനെ കൈപിടിച്ചു കൊണ്ടുപോയത് അമ്മയും ഞാനും കൂടിയാണ്. സ്ക്രീനിൽ എന്നെ അച്ഛൻ തിരിച്ചറിഞ്ഞുവോ എന്നെനിക്കറിയില്ല. പക്ഷേ അമ്മയ്ക്ക് അതു വലിയ സന്തോഷമായിരുന്നു. അമ്മയുടെ ഒരു കൈ അച്ഛന്റെ കൈ പിടിച്ചിരിക്കുന്നതു തിയറ്ററിലെ ഇരുട്ടിലും ഞാൻ കണ്ടു. കല്യാണം കഴിച്ച കാലത്തെന്നപോലെ അമ്മ അച്ഛനോടൊപ്പമിരുന്ന് ആ സിനിമ കണ്ടു. ഓരോന്നും പറഞ്ഞു കൊടുത്തു. ഇതൊന്നും ഒരു ഡോക്ടറും പറഞ്ഞു കൊടുത്തു ചെയ്യിച്ചതല്ല. അമ്മയ്ക്ക് എല്ലാം അറിയാമായിരുന്നു.
ആരാണിതെല്ലാം അമ്മയെ പഠിപ്പിച്ചത് ?
ഒരമ്മയെയും ആരും ഒന്നും പഠിപ്പിക്കേണ്ട...
അതാണ് അമ്മ.