മോഹന്‍ലാലിന്‍റെ അമ്മ ശാന്തകുമാരിയുടെ അപ്രതീക്ഷിതമായ വിയോഗം ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് വിശ്രമത്തിലായിരുന്നു. കൊച്ചി എളമക്കരയിലെ വസതിയിലായിരുന്നു അന്ത്യം. ഇപ്പോഴിതാ അമ്മയുടെ രോഗാവസ്ഥയില്‍ അമ്മയെക്കുറിച്ച് ലാല്‍ പറഞ്ഞ വാക്കുകളെ വീണ്ടും ഓര്‍ത്തെടുക്കുകയാണ് സോഷ്യല്‍ മീഡിയ.
പക്ഷാഘാതത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന അമ്മയ്ക്ക് സംസാരിക്കാന്‍ കഴിയില്ലെന്ന് രണ്ട് വര്‍ഷം മുന്‍പ് ഒരു കുറിപ്പിലൂടെ താരം വെളിപ്പെടുത്തിയിരുന്നു.കണ്ണുകളിലൂടെയാണ് താന്‍ അമ്മയോട് സംസാരിക്കുന്നതെന്നും കണ്ണില്‍ നോക്കിയിരിക്കുമ്പോള്‍ താന്‍ ആ സ്നേഹവും വാല്‍സല്യവും അറിയുന്നുവെന്നുമാണ് അദ്ദേഹം എഴുതിയത്.
അമ്മയുടെ സ്പര്‍ശനത്തിലും തലോടലിലും തലയിളക്കലിലും ഒരു ഭാഷ തിരിച്ചറിയാന്‍ തനിക്ക് സാധിക്കുന്നുണ്ടെന്നും പണ്ട് അമ്മ ഉരുള ഉരുട്ടി നല്‍കിയത് പോലെ താന്‍ അമ്മയെ ഊട്ടാറുണ്ടെന്നും മോഹന്‍ലാല്‍ കുറിച്ചിരുന്നു. അമ്മയുടെ അടുത്തിരിക്കുമ്പോള്‍ ജീവിതത്തിന്‍റെ ഒരു ചക്രം പൂര്‍ത്തിയാവുന്നത് താന്‍ അറിയുന്നുണ്ടെന്നും അനുഭവിക്കുന്നുണ്ടെന്നും തന്നെയും മനുഷ്യജീവിതത്തെയും അതില്‍ അറിയുന്നുവെന്നും അദ്ദേഹം വൈകാരികമായി എഴുതിയിരുന്നു.
തന്‍റെ അമ്മയെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം മനസ് നിറഞ്ഞ് സംസാരിച്ചിരുന്ന അദ്ദേഹം അമ്മയുടെ രോഗാവസ്ഥയില്‍ കണ്ണ് നിറഞ്ഞ് വാക്കുകള്‍ അവസാനിപ്പിക്കുകയായിരുന്നു. തന്നെ അവസാന നേട്ടമായ ഫാല്‍ക്കെ പുരസ്കാരം ലഭിച്ചപ്പോഴും തന്‍റെ അമ്മക്കരികിലേക്കായിരുന്നു അദ്ദേഹം ആദ്യം ഓടിയെത്തിയത്.