വിവാദ പരാമർശങ്ങളല്‍ മാപ്പ് പറഞ്ഞ് നടന്‍ ശിവാജി. ശനിയാഴ്ച തെലങ്കാന സംസ്ഥാന വനിതാ കമ്മീഷന്  മുന്നിലാണ് നടന്‍ മാപ്പ് പറഞ്ഞത്.  ഹൈദരാബാദിലെ കമ്മീഷൻ ഓഫീസിൽ രാവിലെ 11 മണിക്ക് എത്തിയ ശിവാജിയെ ഏകദേശം നാല് മണിക്കൂറോളം കമ്മീഷൻ ചോദ്യം ചെയ്തു. സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് താൻ നടത്തിയ പരാമർശങ്ങളിൽ അദ്ദേഹം രേഖാമൂലം മാപ്പ് എഴുതി നൽകുകയും പ്രസ്താവനകൾ പൂർണ്ണമായും പിൻവലിക്കുകയും ചെയ്തു. സ്ത്രീകളോട് മാന്യമായും ആദരവോടും കൂടി മാത്രമേ പെരുമാറൂ എന്നും അദ്ദേഹം വനിതാ കമ്മീഷൻ അധ്യക്ഷ നെരല്ല ശാരദയ്ക്ക് ഉറപ്പ് നൽകി. സിനിമകളിൽ സ്ത്രീകളെ ബഹുമാനത്തോടെ ചിത്രീകരിക്കുന്നതിനായി കമ്മീഷൻ നൽകിയ നിർദ്ദേശങ്ങൾ പാലിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

വസ്ത്രധാരണത്തിന്റെ പേരിൽ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെ ന്യായീകരിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കമ്മീഷൻ പറഞ്ഞു. ശിവാജി നൽകിയ വിശദീകരണങ്ങളും രേഖകളും പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും കമ്മീഷന്‍ കൂട്ടിച്ചേര്‍ത്തു. 

'ദന്തോറ' എന്ന സിനിമയുടെ പ്രൊമോഷൻ പരിടിക്കിടെയാണ് സ്ത്രീകൾ മോശമായി വസ്ത്രം ധരിക്കുന്നുവെന്ന് ശിവാജി അധിക്ഷേപകരമായ രീതിയിൽ സംസാരിച്ചത്. "ശരീരം തുറന്നുകാണിക്കുന്ന വസ്ത്രങ്ങൾ ധരിക്കരുതെന്ന് എല്ലാ നായികമാരോടും ഞാൻ അഭ്യർഥിക്കുകയാണ്. ദയവായി സാരിയോ അല്ലെങ്കിൽ ശരീരം മുഴുവനായി മൂടുന്ന വസ്ത്രങ്ങളോ ധരിക്കൂ. മുഴുവനായി മൂടുന്ന വസ്ത്രത്തിലോ സാരിയിലോ ഒക്കെയാണ് സൗന്ദര്യമുള്ളത്. അല്ലാതെ ശരീരഭാഗങ്ങൾ തുറന്നുകാണിക്കുന്നതിലല്ല,' എന്നായിരുന്നു ശിവാജി പറഞ്ഞത്. 

ശിവാജിയുടെ നിലപാടിനെതിരെ പ്രകാശ് രാജ്, ചിന്മയി ശ്രീപദ, അനസൂയ ഭരദ്വാജ് തുടങ്ങിയ പ്രമുഖരും പൊതുജനങ്ങളും ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. തുടർന്നാണ് വനിതാ കമ്മീഷൻ അദ്ദേഹത്തിന് നോട്ടീസ് അയച്ചത്. 

ENGLISH SUMMARY:

Actor Shivaji apologizes to the Telangana State Women's Commission for his controversial remarks. The actor expressed regret for his comments on women's clothing and assured respectful treatment towards women going forward.