കാതുകുത്തി കമ്മലിടുന്ന വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് നടൻ ആന്റണി വർഗീസ് പെപ്പെ. ബക്കറ്റ് ലിസ്റ്റിലെ ഒരു ആഗ്രഹം കൂടി സാധിച്ചിരിക്കുകയാണെന്നാണ് താരം കുറിച്ചത്. മീശയൊക്കെ പിരിച്ച് നല്ല സ്റ്റൈലിലാണ് നടൻ കാതുകുത്താൻ ചെല്ലുന്നത്. കാതുകുത്തിയതിന് ശേഷം കുഞ്ഞുകമ്മലിട്ട് നിൽക്കുന്ന പെപ്പെയെയും വിഡിയോയിൽ കാണാം.
‘ബക്കറ്റ് ലിസ്റ്റ് ചെക്ക്ഡ് ’എന്ന കുറിപ്പിനൊപ്പമാണ് നടൻ വിഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ക്യൂബ്സ് എന്റർടൈൻമെന്റിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമിക്കുന്ന ആക്ഷൻ ത്രില്ലർ ‘കാട്ടാളൻ’ ആണ് പെപ്പെയുടെ പുതിയ ചിത്രം. ‘പാൻ ഇന്ത്യൻ’ ടാഗിൽ അവതരിപ്പിക്കുന്ന ‘കാട്ടാള’ന്റെ നിർമാണച്ചെലവ് 45 കോടിയാണ്. നഹാസ് ഹിദായത്തിൻ്റെ ‘ഐ ആം ദ് ഗെയിം’, ആരവം എന്നീ ചിത്രങ്ങളിലും പെപ്പെയുണ്ട്.
2017ൽ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ലിജോ ജോസ് പെല്ലിശ്ശേരിയാണ് ആൻ്റണി വർഗീസ് ‘പെപ്പെ’യെ മലയാളത്തിന് സമ്മാനിച്ചത്. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, ജല്ലിക്കട്ട്, അജഗജാന്തരം, സൂപ്പർ ശരണ്യ, വിക്രം, ആർ.ഡി.എക്സ്, ദാവീദ്, മീശ തുടങ്ങി പതിനഞ്ചിലേറെ സിനിമകളിൽ പെപ്പെ ശ്രദ്ധേയവേഷങ്ങൾ കൈകാര്യം ചെയ്തു. 2017ൽ നവാഗത താരത്തിനുള്ള ഫിലിം ഫെയർ പുരസ്കാരവും ലഭിച്ചു.