തെലുങ്ക് സൂപ്പര്‍താരം വിജയ് ദേവരകൊണ്ടയുടെ പുതിയ ചിത്രം 'റൗഡി ജനാര്‍ദ്ദന'യുടെ ടൈറ്റില്‍ ടീസര്‍ റിലീസിന് പിന്നാലെ ട്രോള്‍ മഴ. മലയാളം ടീസറില്‍ വിജയ് ദേവരകൊണ്ട പറയുന്ന ഡയലോഗിനെ ട്രോളിയാണ് മലയാളികള്‍ രംഗത്തെത്തിയത്. ചില അസഭ്യ ഡയലോഗുകളും ടീസറിലുണ്ട്.
വലിയ കത്തിയും ദേഹത്ത് നിറയെ രക്തവുമായാണ് ദേവരകൊണ്ടയെ ടീസറിലുടനീളം കാണാനാകുന്നത്. യൂട്യൂബില്‍ റിലീസ് ചെയ്ത ടീസറിന് താഴെ മലയാളം ഡയലോഗുകളെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തുവന്നത്. 'നാടകം പോലുള്ള ഡയലോഗെ'ന്നും, 'ആരെടേയ് ഡയലോഗ് എഴുതിയതെ'ന്നും വിജയുടെ പടങ്ങളിലെ 'ട്രെയിലര്‍ നല്ലതായിരിക്കും സിനിമ മോശമായിരിക്കും' എന്നിങ്ങനെ പോകുന്നു കമന്‍റുകള്‍. റൗഡി ജനാര്‍ദ്ദനന്‍ എന്ന ടൈറ്റില്‍ റോളിലാണ് വിജയ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തുക.
1980കളിലെ ഈസ്റ്റ് ഗോദാവരിയുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ആക്ഷന്‍ ചിത്രമാണ് റൗഡി ജനാര്‍ദ്ദന. രവി കിരണ്‍ കോല സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് ദില്‍ രാജുവും ശിരീഷും ചേര്‍ന്നാണ്. മലയാളികളായ ക്രിസ്റ്റോ സേവ്യര്‍ സംഗീതവും ആനന്ദ് സി.ചന്ദ്രന്‍ ക്യാമറയും നിര്‍വഹിക്കുന്നു. സുപ്രീം സുന്ദര്‍ ആക്ഷന്‍ കൊറിയോഗ്രഫി ചെയ്യുന്ന ചിത്രം അഞ്ച് ഭാഷകളിലായി 2026 ഡിസംബറില്‍ തിയറ്ററുകളിലെത്തും. കീര്‍ത്തി സുരേഷാണ് നായിക.