നിവിന്‍ പോളി ചിത്രം 'ബോസ് & കോ'യുമായി ബന്ധപ്പെട്ട രസകരമായൊരു വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ അജു വര്‍ഗീസ്. ചിത്രത്തില്‍ തനിക്കും വേഷമുണ്ടായിരുന്നുവെന്നും 'കേരള ക്രൈം ഫയല്‍സി'ന്‍റെ തിരക്കിനിടയില്‍ ആ വേഷം ചെയ്യാന്‍ കഴിഞ്ഞില്ലെന്നുമാണ് താരത്തിന്‍റെ പ്രതികരണം. പേര്‍ളി മാണി ഷോയില്‍ 'സര്‍വം മായ' എന്ന ചിത്രത്തിന്‍റെ പ്രമോഷനിടെയാണ് അജു വര്‍ഗീസിന്‍റെ വെളിപ്പടുത്തല്‍ . നിവിനും ഒപ്പമുണ്ടായിരുന്നു. 

 'ബോസ് & കോയുടെ സമയത്ത് ഡേറ്റ് മാറിക്കൊണ്ടിരുന്നു, എനിക്കാണെങ്കില്‍ നിവിന്‍റെ കൂടെ സിനിമ ചെയ്യണമെന്നുണ്ടായിരുന്നു. കുറേ നാളായി നിവിനൊപ്പം സിനിമ ചെയ്തിട്ട്. അതേ സമയത്ത് തന്നെയായിരുന്നു കേരള ക്രൈം ഫയല്‍സിന്‍റെ ഷൂട്ടും. രണ്ടുംകൂടെ ക്ലാഷായി. അപ്പോള്‍ നിവിന്‍ പറഞ്ഞു നീ ഒരു കാര്യം ചെയ്യ് ക്രൈം ഫയല്‍സ് ചെയ്യേണ്ട ബോസ് & കോ ചെയ്യ്..അതെങ്ങാനും ഞാന്‍ കേട്ടിരുന്നെങ്കില്‍... ' അജുവിന്‍റെ വാക്കുകളിങ്ങനെ.. 

ആരെങ്കിലും ചെയ്യരുത് എന്ന് പറഞ്ഞപ്പോള്‍ ഒഴിവാക്കിയ ചിത്രം മറ്റാരെങ്കിലും ചെയ്ത് സൂപ്പര്‍ ഹിറ്റായി മാറിയിട്ടുണ്ടോ എന്ന പേര്‍ളിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. ഈ പറഞ്ഞതൊക്കെ പബ്ലിഷ് ചെയ്യാമല്ലോയെന്ന് പേര്‍ളി ചോദിക്കുമ്പോള്‍ അതിനെന്തായെന്നും അജു പറഞ്ഞു.

നിവിന്‍ പോളിയെ നായകനാക്കി 2023ല്‍ ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രമായിരുന്നു രാമചന്ദ്ര ബോസ് ആന്‍റ് കോ. നിവിന്‍ പോളിയും ചിത്രത്തിന്‍റെ നിര്‍മാണത്തില്‍ പങ്കുചേര്‍ന്നിരുന്നു.22 കോടിയോളം ബജറ്റില്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കിയ ചിത്രത്തിന് അതിന്‍റെ പകുതി പോലും നേടാനായില്ല. ഓണം റിലീസായി എത്തിയ ചിത്രം ബോക്സ് ഓഫിസില്‍ പ്രതീക്ഷിച്ച വിജയം നേടിയില്ല. 

ENGLISH SUMMARY:

Aju Varghese reveals missed opportunity in 'Boss & Co'. The actor couldn't join the Nivin Pauly movie due to scheduling conflicts with 'Kerala Crime Files'.