urfi-complaint

TOPICS COVERED

വിഷയങ്ങളില്‍ വെട്ടിത്തുറന്നുള്ള അഭിപ്രായ പ്രകടനങ്ങളിലൂടെ ഏവര്‍ക്കും സുപരിചിതയാണ് നടി ഉര്‍ഫി ജാവേദ്. മുംബൈയിലെ പൊലീസ് സ്റ്റേഷനില്‍ നില്‍ക്കുന്ന നടിയുടെ ചിത്രങ്ങള്‍ അടുത്തിടെ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതിന്റെ യഥാര്‍ത്ഥ കാരണം വെളിപ്പെടുത്തുകയാണ് നടി. 

തന്റെ ഫ്ലാറ്റിന്റെ വാതില്‍ക്കല്‍ വന്ന് രണ്ടു പുരുഷന്‍മാര്‍ പുലര്‍ച്ചെ മൂന്നിന് ഭയപ്പെടുത്തിയ കാര്യമാണ് നടി വെളിപ്പെടുത്തിയത്. ഒരാൾ ഏകദേശം 10 മിനിറ്റോളം തുടർച്ചയായി ബെല്‍ അടിക്കുകയും തിരിച്ചുപോകാന്‍ വിസമ്മതിക്കുകയും ചെയ്തു. വാതില്‍ തുറന്നേ പറ്റൂവെന്നതായിരുന്നു അയാളുടെ ആവശ്യം. ഈ സംഭവം നടക്കുമ്പോള്‍ തന്റെ സഹോദരിമാരും ഒപ്പമുണ്ടായിരുന്നുവെന്നും നടി പറയുന്നു. 

ഇയാളുടെ കൂടെവന്നയാള്‍ വാതിലിനടുത്തു നിന്നും മാറി ഒരു മൂലയ്ക്ക് നില്‍പ്പുണ്ടായിരുന്നു. ഈ അസംബന്ധം നിര്‍ത്തിപ്പോവാനായി പലതവണ ആവശ്യപ്പെട്ടെങ്കിലും അയാള്‍ പോകാന്‍ കൂട്ടാക്കിയില്ല, പൊലീസിനെ വിളിക്കുമെന്ന് ഭീഷണിപ്പെടുത്തിയപ്പോള്‍ മാത്രമാണ് ഇരുവരും പിന്‍വാങ്ങിയതെന്നും നടി പറയുന്നു. 

തങ്ങള്‍ താമസിക്കുന്ന ഫ്ലാറ്റിലെ 13ാം നിലയില്‍ താമസിക്കുന്നവരാണ് അന്നുവന്നതെന്നും ഉര്‍ഫി വെളിപ്പെടുത്തുന്നു.  പൊലീസ് വന്നപ്പോഴും ഇവര്‍ വളരെ മോശമായി പെരുമാറി. പിന്നീട്, ഉർഫിയും സഹോദരിമാരും പോലീസ് സ്റ്റേഷനിലേക്ക് പോയപ്പോൾ, ഇവര്‍ സെക്യൂരിറ്റി ഗാർഡിനോട് സിസിടിവി ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെട്ടെന്നും തങ്ങള്‍ക്ക് നല്ല രാഷ്ട്രീയ സ്വാധീനമുണ്ടെന്ന് പറഞ്ഞെന്നും നടി കൂട്ടിച്ചേര്‍ത്തു. 

പരാതി നല്‍കിയെങ്കിലും ജീവിതകാലം മുഴുവൻ നീണ്ടുനിൽക്കുന്ന ഒരു ഭയമാണ് ഈ സംഭവം തന്നില്‍ ഉണ്ടാക്കിയതെന്നും ഉർഫി പറയുന്നു. ഇത്തരമൊരു സംഭവം ഏറെ ആശങ്കയുണ്ടാക്കുന്നതാണെന്നും എന്തു നടപടിയാണ് ഈ പ്രതികള്‍ക്കെതിരെ ഉണ്ടാവുന്നതെന്ന് തനിക്കറിയണമെന്നും ഉര്‍ഫി വ്യക്തമാക്കുന്നു. 

ENGLISH SUMMARY:

Urfi Javed recently filed a police complaint after being harassed at her apartment in Mumbai. The actress details the disturbing incident, expressing ongoing safety concerns following the encounter.