Image Credit: Facebook

തമിഴ് സൂപ്പര്‍താരം ശിവകാര്‍ത്തികേയന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ചെന്നൈയിലെ മധ്യ കൈലാസ ക്ഷേത്രത്തിന് സമീപത്ത് വച്ചായിരുന്നു അപകടം. താരം പരുക്കേല്‍ക്കാതെ രക്ഷപെട്ടു. അപകടത്തിന് പിന്നാലെ രണ്ടു പേര്‍ തമ്മില്‍ തര്‍ക്കിക്കുന്നതും ശിവകാര്‍ത്തികേയന്‍ ഇവര്‍ക്കടുത്ത് നില്‍ക്കുന്നതിന്‍റെയും വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. കറുത്ത ടീ ഷര്‍ട്ടാണ് താരം ധരിച്ചിരുന്നത്. വാക്കേറ്റം മൂര്‍ച്ഛിക്കുന്നത് കണ്ട് ട്രാഫിക് പൊലീസ് ഓടിയെത്തുന്നതും ഇടപെടുന്നതും വിഡിയോയില്‍ കാണാം. പിന്നാലെ ശിവകാര്‍ത്തികേയന്‍ സംഭവ സ്ഥലത്ത് നിന്നും മാറുകയും ചെയ്തു.

തിരക്കേറിയ റോഡില്‍ വച്ച് ശിവകാര്‍ത്തികേയന്‍റെ കാര്‍ മുന്നിലുള്ള കാറില്‍ ഇടിക്കുകയായിരുന്നു. മതിയായ ഗ്യാപ്പില്ലാതെ വാഹനമോടിച്ചതാണ് അപകടത്തിന് കാരണമെന്നാണ് ആളുകള്‍ കുറിച്ചിരിക്കുന്നത്. അതേസമയം, പ്രശ്നം രമ്യമായി പരിഹരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍പ്പെട്ട കാറില്‍ ഒരു യുവതിയാണ് ഉണ്ടായിരുന്നതെന്നും അപ്രതീക്ഷിതമായി ഇവര്‍ വാഹനം ബ്രേക്കിട്ടതാണ് അപകടത്തിന് കാരണമായതെന്നും അവര്‍ പറഞ്ഞുവെന്ന് തന്തി ടിവി റിപ്പോര്‍ട്ട് ചെയ്യുന്നു. 

അമരന്‍റെ സൂപ്പര്‍ഹിറ്റ് വിജയത്തിനും ഗോട്ടിലെ കാമിയോ റോളിനും ശേഷം മുരുഗദോസിന്‍റെ മദ്രാസിയിലാണ് ശിവകാര്‍ത്തികേയന്‍ അഭിനയിച്ചത്. 98 കോടിയാണ് ചിത്രം കലക്ഷനായി നേടിയത്. സുധ കൊങ്കരയുടെ പരാശക്തിയാണ് ശിവകാര്‍ത്തികേയന്‍റേതായി പുറത്തിറങ്ങാനുള്ള ചിത്രം. രവിമോഹനും ശ്രീലീലയും അഥര്‍വയുമാണ് ചിത്രത്തിലെ മറ്റുതാരങ്ങള്‍. ജനുവരി പത്തിന് പൊങ്കല്‍ റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.

ENGLISH SUMMARY:

Tamil superstar Sivakarthikeyan’s car met with an accident near Madhya Kailash Temple in Chennai. While the actor escaped unhurt, a video showing him amidst a heated argument between individuals following the crash has surfaced online. Reports suggest the collision occurred after a car in front braked suddenly. Traffic police intervened to settle the dispute. Sivakarthikeyan is currently gearing up for his next release 'Parasakthi'.