Image: facebook.com/DhruvRatheePage

Image: facebook.com/DhruvRatheePage

ശനിയാഴ്ചയാണ് 300 കോടിയുടെ ഒരു ‘പ്രൊപ്പഗാണ്ട സിനിമ’യെ താന്‍ നശിപ്പിക്കുമെന്ന് ശപഥം ചെയ്ത് പ്രമുഖ യൂട്യൂബറായ ധ്രുവ് റാഠി രംഗത്തെത്തിയത്. ചിത്രത്തിന്റെ പേര് പരാമർശിക്കാതെയായിരുന്നു പോസ്റ്റ്.‘300 കോടിയുടെ ഒരു പ്രൊപ്പഗാണ്ട സിനിമ നശിപ്പിക്കാൻ ഒരു യൂട്യൂബ് വിഡിയോ മതി’ എന്നായിരുന്നു ധ്രുവിന്‍റെ ട്വീറ്റ്. രണ്‍‌വീര്‍ സിങ് ചിത്രം ധുരന്ദർ ആഭ്യന്തര ബോക്സ് ഓഫീസിൽ 300 കോടി കടന്നതിന് പിന്നാലെയായിരുന്നു ട്വീറ്റ്. നവംബറില്‍ ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങിയതിന് പിന്നാലെ ചിത്രത്തിലെ ആക്രമണ രംഗങ്ങളില്‍ സംവിധായകൻ ആദിത്യ ധറിനെ ധ്രുവ് നേരത്തെ വിമർശിച്ചിരുന്നു. ഇതോടെ എല്ലാവരും ആ സിനിമ ദുരന്ധര്‍ ആണെന്ന് ഉറപ്പിച്ചു. പിന്നാലെ ധ്രുവ് റാഠിയുടെ വിഡിയോയുമെത്തി.

dhurandhar-ranveer

ദുരന്ദറില്‍ രണ്‍വീര്‍ സിങ്

ധുരന്ദറിലൂടെ സൂക്ഷ്മമായ പ്രൊപ്പഗാണ്ട കടത്തുന്നുണ്ടെന്നും വസ്തുതകളും കെട്ടുകഥകളും കൂട്ടിക്കലർത്തി കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിക്കാനുള്ള സാധ്യതയുണ്ടെന്നുമാണ് പുറത്തുവി‍ട്ട പുതിയ വിഡിയോയില്‍ ധ്രുവ് റാഠി അവകാശപ്പെടുന്നത്. പ്രേക്ഷകർക്ക് സിനിമയില്‍ നിന്നും ഫിക്ഷനേത് യാഥാർഥ്യമേത് എന്ന് വേർതിരിച്ചറിയാൻ എങ്ങനെ കഴിയുമെന്നു ധ്രുവ് വിഡിയോയില്‍ ചോദിക്കുന്നു. ഇത് പ്രേക്ഷകര്‍ക്ക് അവരുടെ ‘സത്യമായി’ മാറുമെന്നും ഫിക്ഷനൊപ്പം യഥാർഥ സംഭവങ്ങള്‍ ഉപയോഗിക്കുന്നത് ചരിത്രത്തെക്കുറിച്ചുള്ള വികലമായ ധാരണ നൽകുമെന്നും ധ്രുവ് വിഡിയോയില്‍ പറയുന്നു.

ചിത്രത്തിലെ ആക്രമണ രംഗങ്ങളെയും ക്രിമിനൽ കഥാപാത്രങ്ങളുടെ ചിത്രീകരണത്തെയും ധ്രുവ് വിമര്‍ശിക്കുന്നു. അക്രമത്തെയും ഗുണ്ടാസംഘങ്ങളെയും മഹത്വവൽക്കരിക്കുന്നുവെന്നും ധ്രുവ് പറഞ്ഞു. അക്ഷയ് ഖന്ന അവതരിപ്പിക്കുന്ന റഹ്മാൻ ദകൈത് എന്ന കഥാപാത്രം കൊലയും കൊള്ളയും നടത്തുന്ന ലഹരിമരുന്ന് ഉപയോഗിക്കുന്ന കുറ്റവാളികളെ ആഘോഷിക്കുന്നുവെന്നെ ധ്രുവ് പറയുന്നു. ‘അമ്മയെ പോലും കൊന്ന അയാള്‍ക്ക്  സ്റ്റൈലിഷ് ലുക്കുകൾ, വൈറൽ നൃത്തച്ചുവടുകൾ. അക്രമികളെ ഈ രീതിയിൽ സ്റ്റൈലൈസ് ചെയ്യുന്നത് ഉചിതമാണോ?’ ധ്രുവ് ചോദിച്ചു.

‘ഗാങ്‌സ് ഓഫ് വാസിപൂർ പോലുള്ള ഒരു ഗ്യാങ്‌സ്റ്റർ സിനിയാണ് ദുരന്ദര്‍. പാകിസ്ഥാന്‍ പശ്ചാത്തലമാക്കിയുള്ള മൃഗീയമായ അക്രമങ്ങള്‍ രാഷ്ട്രീയ പ്രചാരണമാണ്. വ്യക്തമായി എഴുതി തയ്യാറാക്കിയ തിരക്കഥയാണ്’ ധ്രുവ് പറഞ്ഞു. ‘കല ആളുകളെ സംവേദനക്ഷമതയുള്ളവരാക്കണം പക്ഷേ ആദിത്യ ധറിനെപ്പോലുള്ള ചലച്ചിത്ര പ്രവർത്തകർ അവരെ സംവേദനക്ഷമത കുറഞ്ഞവരാക്കുന്നു’ ധ്രുവ് പറഞ്ഞു. ദേശസ്നേഹ സിനിമകൾ കാണാൻ ശരിക്കും ആഗ്രഹിക്കുന്നുവെങ്കിൽ നിരവധി മികച്ച സിനിമകളുണ്ടെന്നും പ്രഹാർ, ബോർഡർ, 1971, സർഫറോഷ്, സാം ബഹാദൂർ , പിപ്പ, നീർജ, സ്വദേശ്, ചക് ദേ ഇന്ത്യ എന്നി ഉദാഹരണമാക്കി ധ്രുവ് പറഞ്ഞു.

സിനിമയിൽ രാഷ്ട്രീയ സന്ദേശങ്ങൾ ഉൾപ്പെടുത്തുന്നതിന്റെ ദീർഘകാല പ്രത്യാഘാതങ്ങളെക്കുറിച്ചും ധ്രുവ് വിഡിയോയില്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ‘അവസാനമായി, ഞാൻ ആദിത്യ ധറിനോട് പറയുന്നു, നിങ്ങളുടെ സിനിമകളിൽ പ്രൊപ്പഗാണ്ട ചേര്‍ക്കുന്നത് നിങ്ങൾ നിർത്തിയില്ലെങ്കിൽ, നിങ്ങളുടെ പാരമ്പര്യം ഹിറ്റ്‌ലറുടെ പ്രിയപ്പെട്ട ചലച്ചിത്രകാരൻ ലെനി റീഫെൻസ്റ്റാളിന് തുല്യമായിരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ഞാൻ പറയുന്നു, സമയം നിശ്ചലമല്ല. ഒരു ദിവസം ആരെങ്കിലും നിങ്ങളെക്കുറിച്ച് ഒരു ധുരന്ദർ പോലുള്ള സിനിമ നിർമ്മിച്ചാൽ, നിങ്ങളുടെ ഇമേജിന് എന്ത് സംഭവിക്കും? അതിനെക്കുറിച്ച് ചിന്തിക്കുക’ ധ്രുവ് പറയുന്നു.

ധുരന്ദറിലെ കഥപറച്ചിലിനെ അംഗീകരിച്ചെങ്കിലും അതിന്റെ രാഷ്ട്രീയ നിലപാടിനോട് വിയോജിപ്പ് പ്രകടിപ്പിച്ച നടൻ ഹൃത്വിക് റോഷന്റെ അഭിപ്രായങ്ങളെയും ധ്രുവ് വിമര്‍ശിക്കുന്നുണ്ട്. ‘സിനിമയുടെ രാഷ്ട്രീയത്തോട് താൻ യോജിക്കുന്നില്ലെങ്കിലും കഥപറച്ചിൽ വളരെ മികച്ചതായിരുന്നുവെന്ന് ഹൃത്വിക് റോഷൻ പറഞ്ഞു. അടിസ്ഥാനപരമായി, അദ്ദേഹം ഉദ്ദേശിക്കുന്നത് പ്രൊപ്പഗാണ്ടയാണെങ്കില്‍ പോലും സിനിമ നന്നായി നിർമ്മിക്കപ്പെട്ടിരിക്കുന്നു എന്നാണ്. പക്ഷേ, ഒരു സിനിമ എത്ര നന്നായി നിർമ്മിച്ചാലും അത് ഇപ്പോഴും ‘പ്രൊപ്പഗാണ്ട’ മാത്രമാണെന്ന് ഞാന്‍ പറയും’ ധ്രുവ് റാത്തി വിഡിയോയില്‍ പറയുന്നു.

രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത ആക്‌ഷൻ ത്രില്ലറാണ് ദുരന്ദര്‍. ‘ഉറി ദ് സർജിക്കൽ സ്ട്രൈക്ക്’ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകനാണ് ആദിത്യ. രണ്ടായിരങ്ങളുടെ തുടക്കത്തിൽ പാക്കിസ്ഥാനിൽ നടക്കുന്ന കഥയാണ് ധുരന്ദർ പറയുന്നത്. കറാച്ചിയിലെ ലിയാരി സംഘത്തിലേക്ക് നുഴഞ്ഞുകയറുന്ന ഒരു ഇന്ത്യൻ ഏജന്റായാണ് രൺവീർ എത്തുന്നത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ ആയി മാധവൻ അഭിനയിക്കുന്നു. അക്ഷയ് ഖന്ന, അർജുൻ രാംപാൽ, സഞ്ജയ് ദത്ത് എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. 16 ദിവസത്തിനുള്ളിൽ 500 കോടി കടന്ന ചിത്രം ഈ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചിത്രങ്ങളിൽ ഒന്നാണ്. ചിത്രത്തിന്‍റെ രണ്ടാം ഭാഗം 2026 മാർച്ചിൽ റിലീസ് ചെയ്യും.

ENGLISH SUMMARY:

Popular YouTuber Dhruv Rathee has released a scathing video against Aditya Dhar's latest blockbuster 'Dhurandhar'. Rathee claims the film distorts history by mixing fiction with facts and glorifies violence through stylish criminal characters. He criticized the portrayal of Akshaye Khanna's character and warned the director about his legacy. Despite the film crossing ₹500 crore, Rathee urged viewers to watch genuine patriotic films like Swades and Border instead of 'propaganda' movies.