‘ചിന്താവിഷ്ടയായ ശ്യാമള’ മലയാള സിനിമയില്‍ വലിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട നാളുകളിലൊന്നില്‍ കടുത്ത സ്ത്രീപക്ഷവാദിയായ ഒരു സ്ത്രീ ചിത്രത്തിന്‍റെ സംവിധായകനായ ശ്രീനിവാസനോട് തന്‍റെ ഒരു വലിയ വിയോജിപ്പറിയിച്ചു. ‘നിങ്ങള്‍ ശ്യാമളയുടെ ജീവിതം കാണിച്ചു, പക്ഷേ സ്ത്രീകള്‍ അനുഭവിക്കുന്ന മറ്റ് പല പ്രധാന പ്രശ്നങ്ങളെക്കുറിച്ചും നിങ്ങള്‍ ആ സിനിമയില്‍ ഒന്നും പ്രതികരിച്ചില്ല.’ ശ്രീനിവാസന്‍റെ മറുപടി രസകരമായിരുന്നു. താന്‍ അങ്ങനെ ഫെമിനിസം പറയാനൊന്നുമല്ല സിനിമയെടുത്തതെന്നും ലോകത്തെ എല്ലാ കാര്യങ്ങളോടും പ്രതിഷേധിക്കാന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും ശ്രീനി മറുപടി കൊടുത്തു. ശരിക്കും ശ്രീനിവാസന്‍ എന്ന ചലച്ചിത്രകാരന്‍റെ സ്ത്രീപക്ഷം അങ്ങിനെ തന്നെയായിരുന്നു. വ്യവസ്ഥാപിതമോ ബോധപൂര്‍വമോ ആയ ഫെമിനിസം ആയിരുന്നില്ല ശ്രീനിവാസന്‍റേത്. എന്നാല്‍ ശ്രീനിവാസന്‍ രചനകളിലെ സ്ത്രീകളില്‍ ഭൂരിഭാഗവും സ്വതന്ത്രമായ വ്യക്തിത്വമുള്ളവരും സ്വന്തമായി അധ്വാനിച്ച് ജീവിതം കരുപ്പിടിപ്പിച്ചവരും സഹാനുഭൂതിയുള്ളവരും സാഹചര്യങ്ങള്‍ക്കനുസരിച്ച് പതിയെ കരുത്തരാകുന്നവരുമായിരുന്നു.
സ്ത്രീപക്ഷത്തുനിന്ന് നോക്കി കാണുമ്പോള്‍ ‘ചിന്താവിഷ്ടയായ ശ്യാമള’ ഒരു സ്ത്രീപക്ഷ സിനിമ തന്നെയാണ്. ശ്യാമള എന്ന ഒരു സാധാരണക്കാരിയായ സ്ത്രീയുടെ അതിജീവനവിജയത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും കഥയാണത്. എന്നാല്‍ കണ്ണടച്ചുള്ള പുരുഷനിരാസമല്ല ശ്യാമളയുടേത്. ഒരര്‍ഥത്തില്‍ അത്തരം ഫെമിനിസ്റ്റ് കാഴ്ചപ്പാടുകളോടുള്ള താല്‍പ്പര്യമില്ലായ്മയും യഥാര്‍ഥ ജീവിതപ്രശ്നങ്ങളെ ഒരു പക്ഷവുമില്ലാതെ തന്നെ ധീരമായി നേരിടുന്നതിന്‍റെ സൗന്ദര്യവും ശ്യാമളയിലൂടെ കാണാനുമാകും. അത്തരത്തില്‍ നോക്കുമ്പോള്‍ സ്ത്രീശാക്തീകരണത്തിന്‍റെ സത്യസന്ധമായ മുഖമാണ് ശ്രീനിവാസന്‍റെ ശ്യാമളയ്ക്ക് എന്ന് പറയാം. സ്വന്തം കുടുംബത്തോടോ പങ്കാളിയോടോ നീതി പുലര്‍ത്താത്ത വിജയന്‍മാഷ് എന്ന പുരുഷനോട് കലാപത്തിനിറങ്ങുകയല്ല ശ്യാമള ചെയ്യുന്നത്. ക്രിയാത്മകവും സ്വാഭാവികവുമായ സ്വന്തം വഴികളിലേക്ക് അവള്‍ നടന്നുനീങ്ങുകയാണ്. അത് അവളുടെ കീഴടങ്ങലല്ല, മുന്നോട്ടുള്ള ഒറ്റയ്ക്കുള്ള യാത്രയാണ്. ശ്യാമളയുടെ ആ യാത്ര സ്ത്രീയുടെ വ്യക്തി സ്വത്വത്തിന്‍റെ കണ്ടെടുക്കലാകുന്നത് ബോധപൂര്‍വമെന്ന് തോന്നുന്ന ഉദ്ഘോഷങ്ങളല്ലാതെ തന്നെ തീര്‍ത്തും സ്വാഭാവികതയോടെയാണ് എന്നിടത്താണ് ശ്രീനിവാസന്‍റെ ശ്യാമള പ്രേക്ഷരെ പക്ഷം പിടിപ്പിക്കാതെ ചിന്താവിഷ്ടരാക്കുന്നത്.
ടി.പി ബാലഗോപാലന്‍ എം.എ ബാലഗോപാലന്‍റെ കഥയാണെങ്കിലും അവിടെയുമുണ്ട് ജീവനുള്ള സ്ത്രീകള്‍. ശോഭന അവതരിപ്പിച്ച അനിത കുടുംബത്തിലെ എല്ലാ അസ്വസ്ഥതകള്‍ക്കിടയിലും ആത്മവിശ്വാസത്തോടെ ജോലി ചെയ്ത് ജീവിക്കുന്നവളാണ്, സത്യസന്ധതയും മനസ്സലിവുമുള്ളവളുമാണ്. നന്ദികേട് കാണിക്കാന്‍ സാധിക്കാത്തവളാണ്. സന്മനസ്സുള്ളവര്‍ക്ക് സമാധാനത്തിലെ കാര്‍ത്തികയുടെ മീര സങ്കടങ്ങളുടെ വലിയൊരു ഭൂതകാലം ഉള്ളിലൊതുക്കി ജീവിതത്തോട് ഊര്‍ജത്തോടെ പൊരുതുന്നവളാണ്. മുന്നില്‍ വരുന്ന, മോഹന്‍ലാലിന്‍റെ ഗോപാലകൃഷ്ണ പണിക്കര്‍ ഉള്‍പ്പെടെയുള്ള പ്രതിസന്ധികളോടുള്ള അവളുടെ കലഹങ്ങളാണ് സിനിമയെ സജീവമാക്കുന്നതുപോലും. ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റിലെ നായികയായ മായ പ്രണയത്തിനിടയിലെ ശരികേടുകളോട് പ്രതിഷേധിച്ച് ആദ്യം ഇറങ്ങിപ്പോയവളാണ്. ഗാന്ധിനഗറിലെ മറ്റൊരു ശക്തമായ കഥാപാത്രമാണ് സീമയുടെ നിര്‍മല. ചുറ്റുമുള്ള മുഴുവന്‍ ലോകവും ചെയ്യാത്ത തെറ്റുകളുടെ പേരില്‍ അവള്‍ക്കുനേരെ വിരല്‍ ചൂണ്ടിയപ്പോഴും സ്വന്തം ശരികളുടെ ആത്മവിശ്വാസത്തില്‍ തലയുയര്‍ത്തിപ്പിടിച്ച് നടന്നവളാണ് നിര്‍മല. ‘വരവേല്‍പ്പി’ലെ രമയും പൊരുതാന്‍ പഠിച്ച സ്ത്രീയാണ്. ദാരിദ്ര്യത്തിനും സങ്കടങ്ങള്‍ക്കുമൊന്നും അവളെ തോല്‍പ്പിക്കാന്‍ സാധിക്കുന്നില്ല. എല്ലാം നഷ്ടമായ നായകന് ഒടുവില്‍ താങ്ങാകുന്നതും രമയുടെ സ്നേഹത്തണലാണ്.
പെണ്‍മനസ്സിന്‍റെ സങ്കീര്‍ണതകളും കൗതുകങ്ങളുമൊക്കെയും പിറന്നിട്ടുണ്ട് ശ്രീനിവാസന്‍റെ തൂലികയില്‍. സ്ത്രീയുടെ രണ്ട് വ്യത്യസ്തഭാവങ്ങളാണ് തലയണ മന്ത്രത്തില്‍ ഉര്‍വശിയുടെ കാഞ്ചനയും പാര്‍വതി അവതരിപ്പിച്ച ഷൈലജയും. കൊക്കിലൊതുങ്ങാത്ത ആഗ്രഹങ്ങളിലേക്ക് കാഞ്ചന സ്വയം ചെന്ന് പതിക്കുകയും ഒപ്പമുള്ളവരെ കുഴപ്പത്തിലാക്കുകയും ചെയ്യുമ്പോള്‍ വിദ്യാസമ്പന്നയും പക്വമതിയുമായ സ്ത്രീയായ ഷൈലജ സാഹചര്യങ്ങള്‍ക്കൊത്തുയരുകയും ഒപ്പമുള്ളവരെ സ്നേഹത്തിന്‍റെ ശരീരഭാഷയിലൂടെ ചേര്‍ത്തുനിര്‍ത്തുകയും ചെയ്യുന്നത് കാണാം. മിഥുനത്തിലെ സുലോചനയെ സ്ത്രീവിരുദ്ധമെന്ന് ചിലരെങ്കിലും വിമര്‍ശിക്കാറുണ്ട്. എന്നാല്‍ സ്ത്രീമനസ്സുകളിലെ ചെറിയ വലിയ കാര്യങ്ങളെയും പ്രണയനിരാസമേല്‍പ്പിക്കുന്ന മുറിവുകളുടെ വേദനകളെയുമൊക്കെ വളരെ സൂക്ഷമമായി സുലോചനയില്‍ കാണാനാകും. സിനിമയുടെ അവസാനം ദമ്പതികളുടെ വേര്‍പിരിയാനുള്ളള തീരുമാനത്തില്‍ നിന്നും വാഹനം ഊട്ടിയിലേക്ക് വഴിതിരിക്കുമ്പോള്‍ പങ്കാളികള്‍ പരസ്പരം കേള്‍ക്കാനും തിരുത്താനുമുള്ള വഴിയിലേക്കാണ് സിനിമ പ്രേക്ഷരെ നയിക്കുന്നത്.
ഇവയൊന്നും ആണിനോ പെണ്ണിനോ വേണ്ടി ബോധപൂര്‍വം സംസാരിച്ചവയല്ല. ആണും പെണ്ണും ഒരുമിച്ച് ചേരുന്ന ലോകത്തിന്‍റെ ശരിയും ശരികേടുകളും തിരുത്തലുകളുമാണ് ശ്രീനിവാസന്‍ സിനിമകളിലേത്. അതുകൊണ്ടുതന്നെയാണ് ശ്രീനിവാസന്‍റെ സ്ത്രീപക്ഷം സ്ത്രീയുടെ മാത്രം പക്ഷമല്ലാതാകുന്നതും മനുഷ്യപക്ഷമാകുന്നതും.