പരസ്പരം കൗണ്ടറുകളടിച്ചും സ്‌നേഹിച്ചും കലഹിച്ചും മുന്നോട്ട് പോയ അച്ഛനും മകനും. അതാണ് ശ്രീനിവാസനും ധ്യാനും. എല്ലാവരേയും ട്രോളുന്ന ശ്രീനിയെ യാതൊരു ദയയുമില്ലാതെ പൊതുവേദിയില്‍ ട്രോളുന്ന ധ്യാന്‍ സൈബറിടത്തെ വൈറല്‍ കാഴ്ചയായിരുന്നു. അച്ഛനെ ട്രോളുന്ന അതേ ഡോസിന് തിരികെ കൊടുക്കാനും ശ്രീനി അവസരം കണ്ടെത്തുമായിരുന്നു. ഹോക്കി താരം ധ്യാന്‍ ചന്ദിനോടുള്ള ആരാധനയാണ് ഇളയ മകന് ധ്യാന്‍ എന്ന് പേരിടാന്‍ കാരണമായതെന്ന് ശ്രീനി പറഞ്ഞിട്ടുണ്ട്.
ഒരിടയ്ക്ക് തന്‍റെ ദുശ്ശീലങ്ങള്‍ മൂലം അച്ഛനുമായി പിണങ്ങി വീടുവിട്ടിറങ്ങേണ്ടി വന്നതിനെക്കുറിച്ച് ധ്യാന്‍ പലപ്പോഴും പറഞ്ഞിട്ടുണ്ട്. ഏറെക്കാലം വീട്ടില്‍ നിന്നും അകന്നായിരുന്നു ധ്യാന്‍റെ ജീവിതം. എന്നാല്‍ കാലം ആ പിണക്കത്തേയും പരിഭവങ്ങളേയും മായ്ച്ചുകളഞ്ഞു. അച്ഛനും മകനും ഒന്നായി. പിന്നീട് അച്ഛന്‍റെ പകരക്കാരനായി, അച്ഛന്‍റെ കൃഷിയേറ്റെടുത്ത് നടത്തുന്ന മകനായി ധ്യാനിനെ പ്രേക്ഷകര്‍ കണ്ടു.
പൊതുവേദികളില്‍ സംസാരിക്കുമ്പോഴൊക്കെ ധ്യാനിനെ സ്വതസിദ്ധമായ ശൈലിയിൽ വിമർശിക്കുന്നതിൽ മുൻപിലുണ്ടായിരുന്നു ശ്രീനിവാസൻ. ധ്യാനിനോടുള്ള സ്നേഹം പുറമേയ്ക്ക് പ്രകടിപ്പിക്കാൻ എന്നും പിശുക്ക് കാണിച്ച ശ്രീനിവാസൻ പക്ഷേ, അവസാന നാളുകളിൽ ധ്യാനിനോട് കൂടുതൽ ചേർന്നു നിന്നു
വീട്ടില്‍ നിന്ന് ഇറങ്ങി പോയതിനെ പറ്റി ധ്യാന്‍ പറഞ്ഞത്
അച്ഛനെ ചീത്ത വിളിച്ചാണ് വീട്ടിൽനിന്ന് ഇറങ്ങിപ്പോകുന്നത്. പഠനത്തിന്‍റെ കാര്യത്തിലാണ് അച്ഛനുമായി തെറ്റിപ്പിരിയുന്നത്. പല സ്കൂളുകളിൽനിന്നും മാറ്റിയിട്ടുണ്ട്, എല്ലാ സ്ഥലത്തും പ്രശ്നങ്ങൾ. ലഹരി അച്ഛനുമായുള്ള അഭിപ്രായഭിന്നത രൂക്ഷമാക്കി. അത് എല്ലാ ബന്ധങ്ങളും ഇല്ലാതായി. കുഞ്ഞു വന്നതോടെ ജീവിതത്തിലെ എല്ലാം മാറി. എന്‍റെ റീ ഹാബ് ആണ് ഈ സിനിമകൾ. ഒരു ദിവസംപോലും സിനിമ ചെയ്യാതിരിക്കുന്നില്ല. ആ റീ ഹാബിന്‍റെ അവസാന ഘട്ടത്തിലാണ് ഞാൻ.