ശ്രീനിവാസന് യാത്രാമൊഴിയേകാന്‍ കണ്ടനാട്ടെ വീട്ടിലേക്ക് മമ്മൂട്ടിയെത്തി. ഭാര്യസുല്‍ഫത്തും ഒപ്പമുണ്ടായിരുന്നു . ഒരുമിച്ച് നടന്ന കാലത്തെ ഓര്‍മകളത്രയും മനസിലടക്കിയ മമ്മൂട്ടി ആദരാഞ്ജലി ആര്‍പ്പിച്ച് മടങ്ങി .ഒട്ടേറെ ചലച്ചിത്രപ്രവര്‍ത്തകരും വീട്ടിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു.
ഇന്ന് രാവിലെ എട്ടരയോടെയായിരുന്നു ശ്രീനിവാസന്‍റെ അന്ത്യം. ഡയാലിസിസിനായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് പോകും വഴി ശ്വാസതടസമുണ്ടായി. ഉടന്‍ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ വിമല അന്ത്യസമയം ഒപ്പമുണ്ടായിരുന്നു. ചെന്നൈയിലേക്കുള്ള യാത്ര റദ്ദാക്കി മകന്‍ വിനീത് ഉടന്‍ ആശുപത്രിയിലേക്കെത്തി.
തിരക്കഥാകൃത്തും നടനുമായ രഞ്ജി പണിക്കർ, നടി സരയു, നിർമാതാവ് ആന്‍റോ ജോസഫ്, കെ.ബാബു എംഎൽഎ എന്നിവർ വിവരമറിഞ്ഞ് ആശുപത്രിയിലെത്തി. തുടര്‍ന്ന് മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി . മൃതദേഹം വീട്ടിലെത്തിച്ചതിന് പിന്നാലെയാണ് മകന്‍ ധ്യാന്‍ എത്തിയത് . അച്ഛന്‍റെ വേര്‍പാട് ഉള്‍ക്കൊള്ളാനാകാതെ ധ്യാന്‍ പൊട്ടിക്കരഞ്ഞു. വീട്ടില്‍ നിന്ന് മൃതദേഹം പൊതുദര്‍ശനത്തിനായി എറണാകുളം ടൗണ്‍ഹാളില്‍ എത്തിച്ചു. മൂന്നുമണിവരെയാണ് ടൗണ്‍ഹാളില്‍ പൊതുദര്‍ശനം. Also Read: 'ശ്രീനി മാജിക്കിലൂടെയാണ് ദാസനും വിജയനും മലയാളിക്ക് സ്വന്തമായത്'; അനുസ്മരിച്ച് മോഹൻലാൽ .
തലശ്ശേരിയിലെ പാട്യത്ത് ഒരു സാധാരണകുടുംബത്തില്‍ ജനിച്ച ശ്രീനിവാസന്‍ അടയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് ഡിപ്ലോമനേടിയ ശേഷമാണ് ചലച്ചിത്രരംഗത്ത് സജീവമായത് .പി.എ.ബക്കറുടെ ‘മണിമുഴക്കമായിരുന്നു ആദ്യസിനിമ. നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച ശ്രീനിവാസന്‍ ഇരുന്നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചു. സാധാരണക്കാര്‍ കഥാപാത്രങ്ങളായുള്ള ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കയും അത്തരം വേഷങ്ങള്‍ അഭിനയിച്ച് ഫലിപ്പിച്ചുമാണ് ശ്രീനിവാസന്‍ ചലച്ചിത്രലോകത്ത് ചിരപ്രതിഷ്ഠനേടിയത്. ചിന്താവിഷ്ടയായ ശ്യാമള എന്ന ചിത്രത്തിന്‍റെ തിരക്കഥയ്ക്ക് ദേശീയ പുരസ്കാരം നേടി. കഥയ്ക്കും തിരക്കഥയ്ക്കും 5വട്ടം സംസ്ഥാന പുരസ്കാരങ്ങളും സ്വന്തമാക്കി.
സന്മസുളളവർക്ക് സമാധാനം, ടി പി ബാലഗോപാലൻ എം എ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, നാടോടിക്കാറ്റ് , തലയണമന്ത്രം, ഗോളാന്തരവാർത്ത,ചമ്പക്കുളം തച്ചൻ, വരവേൽപ്, സന്ദേശം,ഉദയനാണ് താരം , മഴയെത്തും മുമ്പേ,അഴകിയ രാവണൻ, ഒരു മറവത്തൂർ കനവ് , അയാൾ കഥയെഴുതുകയാണ്, കഥ പറയുമ്പോൾ ,ഞാൻ പ്രകാശൻ തുടങ്ങിയ നിരവധി ഹിറ്റ്ചിത്രങ്ങൾക്ക് തിരകഥ ഒരുക്കി. ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്ത വടക്കുനോക്കിയന്ത്രം, ചിന്താവിഷ്ടയായ ശ്യാമള എന്നീ ചിത്രങ്ങൾ സംസ്ഥാന,ദേശീയ പുരസ്കാരങ്ങൾ നേടി. കുടുംബബന്ധങ്ങൾ പ്രമേയമാകുമ്പോൾ പോലും സാമൂഹ്യപ്രശ്നങ്ങളും നിരീക്ഷണങ്ങളും തന്‍റെ ചിത്രങ്ങളിൽ ഭംഗിയായി ഇഴചേർക്കാനും ശ്രീനിവാസന് കഴിഞ്ഞു. സത്യൻ അന്തിക്കാടിന്റെ സംവിധാനത്തിൽ, 2018 ഡിസംബറിൽ പുറത്തിറങ്ങിയ 'ഞാൻ പ്രകാശൻ'ആണ് ശ്രീനിവാസൻ ഏറ്റവും ഒടുവിൽ തിരകഥ എഴുതിയ ചിത്രം.