കലയിലെ രാഷ്ട്രീയം എന്നും പ്രസക്തമായ വിഷയമാണ്. എങ്ങനെയാണ് സിനിമ അടക്കമുള്ള കലാരൂപങ്ങള്‍ രാഷ്ട്രീയമായി സംവദിക്കേണ്ടത്? അല്ലെങ്കില്‍ അങ്ങനെയൊരു ഉത്തരവാദിത്വം സിനിമയ്ക്കുണ്ടോ എന്നൊക്കെയുള്ള ചോദ്യങ്ങള്‍ എല്ലായ്പ്പോഴും പൊതുസമൂഹം ചോദിച്ചുകൊണ്ടിരിക്കുന്നു. 1984ല്‍ പുറത്തിറങ്ങിയ അടൂര്‍ ഗോപാലകൃഷ്ണന്‍റെ ‘മുഖാമുഖം’ അതേ വര്‍ഷം തന്നെ പുറത്തിറങ്ങിയ കെ.ജി. ജോര്‍ജിന്‍റെ ‘പഞ്ചവടിപ്പാലം’, എന്നിങ്ങനെ പല കോണുകളില്‍ വായിക്കപ്പെടാവുന്ന ചലച്ചിത്രങ്ങള്‍ മുതല്‍ ടി ദാമോദരന്‍റെയും രഞ്ജി പണിക്കരുടെയും മുരളി ഗോപിയുടെയുമൊക്കെ ചൂടന്‍ രാഷ്ട്രീയ ചാട്ടുളികള്‍ വരെ മലയാളി പ്രേക്ഷകരിലേക്കെത്തിയിട്ടുണ്ട്. ഇക്കൂട്ടത്തിലൊക്കെ വേറിട്ടുനില്‍ക്കുന്നവയാണ് ശ്രീനിവാസന്‍റെ രാഷ്ട്രീയ ബോധ്യങ്ങളുടെ ദൃശ്യഭാഷകള്‍. മലയാള സിനിമ കണ്ട എക്കാലത്തയും പ്രസക്തമായ പൊളിറ്റിക്കല്‍ സറ്റയര്‍ എന്ന വിശേഷണമാണ് 1991ല്‍ സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ കൂട്ടുകെട്ടില്‍ പിറന്ന ‘സന്ദേശ’ത്തിന് ഏറ്റവും അനുയോജ്യം.
കേരളരാഷ്ട്രീയത്തെ പ്രത്യേകിച്ചും ഇടതുപക്ഷരാഷ്ട്രീയത്തെ അടപടലം കുടഞ്ഞിട്ട ‘സന്ദേശം’ അരാഷ്ട്രീയ സിനിമ എന്നുപോലും ഇന്നും വിമര്‍ശനങ്ങളേറ്റുവാങ്ങേണ്ടി വരുന്നുണ്ടങ്കില്‍ അതിന് കാരണം കാലമിത്ര കഴിഞ്ഞിട്ടും കേരള രാഷ്ട്രീയത്തിലും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഒരു മാറ്റവും സംഭവിച്ചിട്ടില്ലാത്ത, ആ സിനിമ തുറന്നിട്ട കാഴ്ചകളുടെ സത്യസന്ധത തന്നെയാണെന്ന് പറയേണ്ടിവരും. കേരളത്തിലെ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ കാപട്യങ്ങളെ, പ്രത്യശാസ്ത്ര വൈരുദ്ധ്യങ്ങളെ, ജനവിരുദ്ധതകളെ, സ്വജനപക്ഷപാതങ്ങളെ കണക്കറ്റ് കളിയാക്കുന്നുണ്ട് ‘സന്ദേശം’ എന്നതിനാല്‍ എന്തുകൊണ്ട് രാഷ്ട്രീയ നേതാക്കള്‍ക്ക് പ്രത്യേകിച്ചും ഇടത് നേതാക്കള്‍ക്ക് ‘സന്ദേശ’ത്തോടിന്നുമിത്ര തൊട്ടുകൂടായ്മ എന്ന ചോദ്യം ചോദിക്കേണ്ട കാര്യമില്ല. ഏറ്റവും പുതിയ രാഷ്ട്രീയ സാഹചര്യങ്ങളില്‍ പോലും അതിനുള്ള ഉത്തരം നമുക്ക് കണ്ടെടുക്കാനാകുന്നതേയുള്ളൂ.
അവിടെയാണ് ‘എന്തുകൊണ്ട് പാര്‍ട്ടി തോറ്റു’ എന്ന ബോബി കൊട്ടാരക്കരയുടെ ‘ഉത്തമ’ന്‍റെ നിഷ്ളങ്കമായ ചോദ്യം ഇന്നും ചിരി പടര്‍ത്തുന്നത്. അതിന് ‘വിഘടവാദത്തിന്‍റെയും പ്രതിക്രിയാവാദത്തിന്‍റെ’യും താത്ത്വികമായ ഉത്തരം നല്‍കി സങ്കീര്‍ണമാക്കുന്ന ശങ്കരാടിയുടെ ‘കുമാരപിള്ള’യെപ്പോലുള്ള കപട രാഷ്ട്രീയ ബുദ്ധിജീവികള്‍ ഇന്നും നമ്മുടെ ദൈനംദിനതകളില്‍ ചിരിക്കാഴ്ചകളാണ്. ‘പോളണ്ടിനെക്കുറിച്ച് ഒരക്ഷരം പറയേണ്ടാത്തതിലെ വൈരുദ്ധ്യവും കട്ടന്‍ചായ പരിപ്പുവട പ്രയോഗത്തിന്‍റെ പരിഹാസ്യതയും തുറന്നുകാണിക്കാന്‍ ശ്രീനിവാസനക്കൊണ്ടല്ലേ സാധിക്കൂ. പ്രഥമദൃഷ്ട്യാ അകല്‍ച്ചയിലെങ്കിലും സജീവമായ അന്തര്‍ധാരകള്‍ സിനിമയിറങ്ങി 35വര്‍ഷങ്ങള്‍ക്കിപ്പുറം സമകാലിക രാഷ്ട്രീയത്തില്‍ ഒരു തമാശപോലുമല്ലാതായി മാറിക്കഴിഞ്ഞു. രാജാവ് നഗ്നനാണെന്ന് വിളിച്ചുപറയുന്നത് സഹിക്കാനാകാത്തവര്‍ക്കാണ് ‘സന്ദേശം’ അരാഷ്ട്രീയ സിനിമയോ രാഷ്ട്രീയ ‘അശ്ലീല’മോ ഒക്കെയായി തോന്നുന്നത്.
എന്നാല്‍ അതിനുമൊക്കെയപ്പുറം ‘സന്ദേശം’ പറയുന്ന ചില കാര്യങ്ങളുണ്ട്. രാഷ്ട്രീയമെന്നാല്‍ ആദ്യം അവനവനില്‍ നിന്ന് സ്വന്തം കുടുംബത്തില്‍ നിന്ന്, സഹജീവികളില്‍ നിന്ന് തുടങ്ങേണ്ടതാണ് എന്ന ഏറെ പ്രസക്തമായ സന്ദേശമാണ് ശ്രീനിവാസന്‍ നല്‍കുന്നത്. തൊട്ടടുത്ത് നില്‍ക്കുന്നവരെ കാണാതെ മാനവികതയെ മറന്നുകൊണ്ടുള്ള കാട്ടിക്കൂട്ടലുകളെല്ലാം പരിഹാസ്യമാകുന്നത് എങ്ങനെയാണെന്നാണ് ‘സന്ദേശം’ കാണിച്ചുതരുന്നത്. പ്രകാശനെയും പ്രഭാകരനെയും കാണുമ്പോള്‍ തോന്നുന്ന സഹതാപവും കുമാരപിള്ളയെയുടെയും പൊതുവാളിന്‍റെയും വാക്കുകളും പ്രവൃത്തികളും സൃഷ്ടിക്കുന്ന പരിഹാസ്യതയുമൊക്കെ അങ്ങനെയാണ് സമൂഹത്തിന്‍റെ സ്വയം വിമര്‍ശനങ്ങളാകുന്നത്. ചുറ്റുപാടുകളോട് നീതി പുലര്‍ത്താന്‍ കഴിയാത്തവര്‍ പൊതുപ്രവര്‍ത്തനത്തിനും ഭാരമാണെന്ന തുറന്നുപറച്ചിലാണ് ‘സന്ദേശ’ത്തിന്‍റെ യഥാര്‍ഥ സന്ദേശം. അതുകൊണ്ടാണ് പ്രഭാകരനെയും പ്രകാശനെയും സിനിമയുടെ അവസാനം ചലച്ചിത്രകാരന്‍ അധ്വാനിച്ച് ജീവിക്കാന്‍ വിടുന്നത്. സ്കൂളില്‍ കയറാതെ കൊടിപിടിക്കാന്‍ നടക്കുന്നവന്‍റെ കൊടി ഒടിച്ചിടുന്നത് അവനെ നാളെയൊരു സാമൂഹ്യ ദുരന്തമാക്കാതിരിക്കാന്‍ തന്നെയാണ്. അതുകൊണ്ടൊക്കെ തന്നെ സന്ദേശം ഒരിക്കലുമൊരു അരാഷ്ട്രീയ സിനിമയല്ല, ‘സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്ത്വശാസ്ത്രത്തെയും’ എന്ന് നല്ല ഒന്നാന്തരം ശ്രീനിവാസന്‍ ശൈലിയില്‍ പറഞ്ഞുവെച്ചതാണ് ‘സന്ദേശം’ എന്ന സിനിമ.