മലയാളികളുടെ പ്രിയ നായികയായ അനശ്വര രാജനെ വാനോളം പുകഴ്ത്തി രാം ചരണും ‘കൽക്കി’ സംവിധായകൻ നാഗ് അശ്വിനും. അനശ്വരയുടെ തെലുങ്കിലെ അരങ്ങേറ്റ ചിത്രമായ ‘ചാംപ്യന്റെ’ ട്രെയിലർ ലോഞ്ചിനിടെയാണ് സംഭവം. വേദിയിൽവെച്ച് നടൻ രാംചരൺ അനശ്വരയെക്കുറിച്ച് പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിലെ സംസാരം. അനശ്വരയെ തേടി ഇനി നിരവധി സിനിമകള്‍ തെലുങ്കില്‍ നിന്നും വരുമെന്നാണ് രാം ചരണ്‍ പറയുന്നത്. ഫോട്ടോ സെഷനിടെ അനശ്വരയുടെ വള നിലത്തു വീണപ്പോള്‍ എടുത്തു കൊടുക്കുന്ന രാം ചരണിന്റെ വിഡിയോയും ഇപ്പോള്‍ വൈറലാണ്. അനശ്വരയുടെ അഭിനയ മികവിനെ അഭിനന്ദനം കൊണ്ടു മൂടുകയാണ് രാം ചരണും നാഗ് അശ്വിനും.
‘അനശ്വരയോട് എനിക്ക് രണ്ട് കാര്യങ്ങളാണ് പറയാനുള്ളത്. ഒന്നാമത്തേത് നിങ്ങൾക്ക് ഇവിടുത്തെ ഏറ്റവും വലിയ പ്രൊഡക്ഷൻ ഹൗസുകളിൽ നിന്നും മികച്ച സംവിധായകരിൽ നിന്നും നിരവധി കോളുകൾ വരാൻ പോവുകയാണ്. അതിന് തയ്യാറായി ഇരിക്കുക. കാരണം ചാമ്പ്യൻ എന്ന സിനിമയിലെ നിങ്ങളുടെ പ്രകടനം അത്രമേൽ മനോഹരമാണ്. ഇന്ത്യൻ സിനിമയിൽ നിങ്ങൾക്ക് വലിയൊരു ഭാവി കാണുന്നുണ്ട് ഞാൻ. രണ്ടാമതായി മാതൃഭാഷ മലയാളമായിരിന്നിട്ട് കൂടി തെലുങ്ക് പഠിച്ച് ഡബ്ബ് ചെയ്യാൻ വേണ്ടി എടുത്ത തീരുമാനത്തെയും ഞാൻ അഭിനന്ദിക്കുന്നു. ഇക്കാലത്ത് മറ്റുള്ളവർ ഇതൊന്നും ചെയ്യാറില്ല, താങ്കളുടെ പാഷനേയും ആത്മാർഥതയേയും ഞാൻ അഭിനന്ദിക്കുന്നു,’ രാം ചരൺ പറഞ്ഞു.
‘മഹാനടി’, ‘കൽക്കി’ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകൻ നാഗ് അശ്വിനും അനശ്വരയെ അഭിനന്ദിച്ചുകൊണ്ട് സംസാരിച്ചു. അനശ്വര, ഞാൻ നിങ്ങളുടെ ഫാൻ ആണ്. ഈ സിനിമ റിലീസ് ചെയ്തു കഴിഞ്ഞാൽ നിങ്ങൾ പലരുടേയും പ്രിയപ്പെട്ടവളായി മാറും. ഇതുപോലെയുള്ള സിനിമകളുമായി മുന്നോട്ട് പോകുക,’ നാഗ് അശ്വിൻ പറഞ്ഞു.