തെലുങ്ക് സിനിമ പ്രേക്ഷകരുടെ ദത്ത് പുത്രനാണ് ഇപ്പോള്‍ ദുല്‍ഖര്‍ സല്‍മാന്‍. തെലുങ്കിലെ ആദ്യചിത്രമായ 'മഹാനടി' മുതല്‍ 'ലക്കി ഭാസ്കര്‍' വരെ ദുല്‍ഖര്‍ തെലുങ്കില്‍ പരാജയമറിഞ്ഞിട്ടില്ല. അതിഥിതാരമായും തെലുങ്കില്‍ തിളങ്ങുകയാണ് ദുല്‍ഖര്‍. പ്രഭാസ് ചിത്രം 'കല്‍ക്കി 2898 എഡി'യിലെ ദുല്‍ഖറിന്‍റെ കാമിയോ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ മറ്റൊരു ചിത്രത്തിലെ ദുല്‍ഖറിന്‍റെ കാമിയോ ശ്രദ്ധ നേടിയിരിക്കുകയാണ്.
റോഷന്‍ മേക നായകനായ 'ചാംപ്യന്‍' എന്ന ചിത്രത്തിലാണ് ദുല്‍ഖറിന്‍റെ സര്‍പ്രൈസ് കാമിയോ എത്തിയത്. അനശ്വര രാജനാണ് ഈ ചിത്രത്തില്‍ നായികയായത്. ദേശീയ പുരസ്കാര ജേതാവായ പ്രദീപ് അദ്വൈതം സംവിധാനം ചെയ്ത പിരീഡ് സ്പോർട്സ് ഡ്രാമയാണ് ചാംപ്യൻ. ചിത്രത്തില്‍ നായകന്‍റെ സൈനികനായ പിതാവിന്‍റെ വേഷത്തിലാണ് ദുല്‍ഖര്‍ അഭിനയിച്ചത്. സിനിമയുടെ റിലീസിന് മുന്നേ ദുല്‍ഖറിന്‌റെ റോളിനെ പറ്റി ചെറിയ സൂചന പോലും പുറത്തുവിട്ടിട്ടില്ലായിരുന്നു. തിയേറ്ററിലെത്തിയ പ്രേക്ഷകര്‍ക്ക് ഒരു സര്‍പ്രൈസ് തന്നെയായി ഈ രംഗം.
ഔദ്യോഗികമായി ദുല്‍ഖറിന്‍റെ ക്യാരക്ടര്‍ വിഡിയോ നിര്‍മാതാക്കളായ സ്വപ്ന സിനിമാസ് തന്നെ പുറത്തുവിട്ടിരിക്കുകയാണ്. ജോര്‍ജ് വില്യംസണ്‍ എന്നാണ് ദുല്‍ഖറിന്‍റെ കഥാപാത്രത്തിന്‍റെ പേര്. ഈ കഥാപാത്രത്തിന്‍റെ ഒരു സിനിമ തന്നെ വേണമെന്നാണ് കമന്‍റില്‍ പ്രേക്ഷകരുടെ ആവശ്യം. ഇതൊക്കെ എപ്പോള്‍ പോയി ചെയ്തെന്നും ചിലര്‍ സംശയമുന്നയിച്ചു. എന്തായാലും കഥാപാത്രത്തെ ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകര്‍.