തമിഴ്നാട്ടിലെ ഏറ്റവും ട്രെന്‍ഡിങ്ങായ നടന്‍ നിലവില്‍ പ്രദീപ് രംഗനാഥനാണ്. സംവിധായകനായായിരുന്നു സിനിമാപ്രവേശം . തുടര്‍ച്ചയായി രണ്ട് സിനിമകളാണ് നടന്‍ നൂറുകോടി ക്ലബ്ബിലെത്തിച്ചത്. അവസാനമിറങ്ങിയ ഡ്യൂഡിന്‍റെ പ്രമോഷനായി കേരളത്തിലെത്തിയപ്പോള്‍ നടത്തിയ ഒരു പരാമര്‍ശമണ് ഇപ്പോള്‍ പ്രദീപിന് കുരുക്കായിരിക്കുന്നത് . വിവാദത്തിനും വ്യക്തി ഹത്യയ്ക്കും പിന്നാലെ സൈബര്‍ ആക്രമണവും നേരിടുകയാണ് പ്രദീപ്.
കേരളത്തിലെത്തിയ രംഗനാഥനോട് കേരള ഫുഡ് കഴിക്കുമോ എന്ന ചോദ്യമുന്നയിച്ചു. ഉറപ്പായും ട്രൈ ചെയ്യും, പൊറോട്ടയും ബീഫും കഴിക്കണമെന്ന് ആഗ്രഹമുണ്ട് എന്നായിരുന്നു താരത്തിന്‍റെ മറുപടി. രംഗനാഥന്‍റെ ഈ വാക്കുകള്‍ ഏറ്റുപിടിച്ചാണ് ഇപ്പോള്‍ ആക്രമണം.
'ഇത്തരത്തിലുള്ള ചാപ്രി (ജാതി അധിഷ്ടിത അധിക്ഷേപം) നടന്‍മാരെ ഒരിക്കലും പിന്തുണക്കരുത്. ഹിന്ദുക്കളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന എല്ലാവരെയും ഒറ്റപ്പെടുത്തണം. ഈ ധര്‍മദ്രോഹിയുടെ വരാനിരിക്കുന്ന സിനിമ ബഹിഷ്കരിക്കണം' എന്നാണ് സനാതന്‍ കന്നഡ എന്ന ഏക്സ് ഹാന്‍ഡില്‍ പോസ്റ്റ് ചെയ്തത്.
പിന്നാലെ പോസ്റ്റിന് താഴെ പ്രദീപിനെതിരെ രൂക്ഷവിമര്‍ശനവുമായി കമന്‍റുകള്‍ വന്നു. പ്രദീപിന്‍റെ നിറത്തിനെയും രൂപത്തിനെയും വിമര്‍ശിച്ചും പ്രദീപ് ആദ്യമായി സംവിധാനം ചെയ്ത സിനിമയിലെ കുട്ടി ഹോമകുണ്ഡത്തില്‍ മൂത്രമൊഴിക്കുന്ന സീനിനെ പരാമര്‍ശിച്ചും കമന്‍റുകള്‍ വന്നു.
എന്നാല്‍ പോസ്റ്റിനെ വിമര്‍ശിച്ചും രംഗനാഥനെ പിന്തുണച്ചും ഒട്ടേറെ കമന്‍റുകളും പ്രത്യക്ഷപ്പെട്ടു. ഇന്ത്യയില്‍ ഏറ്റവും ബീഫ് കയറ്റുമതി ചെയ്യുന്നത് യുപിയില്‍ നിന്നാണെന്ന ചാറ്റ് ജിപിറ്റി സ്ക്രീന്‍ഷോട്ട് കമന്‍റിനും വന്‍ പിന്തുണയുണ്ട്.