എഐയിലൂടെ നിര്‍മിച്ച തന്‍റെ വ്യാജ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നവർക്ക് ശക്തമായ മുന്നറിയിപ്പുമായി നടി നിവേദ തോമസ്. ഇത് നിയമവിരുദ്ധവും സ്വകാര്യതയുടെ ലംഘനവുമാണെന്ന് നടി സമൂഹ മാധ്യമങ്ങളിലൂടെ പറഞ്ഞു. ഈ പ്രവൃത്തിയെ ‘ഡിജിറ്റൽ ആൾമാറാട്ടം’എന്നാണ് നിവേദ വിശേഷിപ്പിച്ചത്.
ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും താരം വ്യക്തമാക്കി. നടി ഇൻസ്റ്റഗ്രാമിൽ കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി പങ്കുവച്ച ചിത്രങ്ങളാണ് എഐയുടെ സഹായത്തോടെ അതീവ ഗ്ലാമറസ്സായ രീതിയില്‍ പ്രചരിപ്പിച്ചത്. തമിഴ് ഓൺലൈൻ ചാനലുകളിൽ അടക്കം ഈ ചിത്രം വ്യാപകമായി പ്രചരിച്ചിരുന്നു.
നിവേദയുടെ വാക്കുകൾ
‘എന്റെ വ്യക്തിത്വത്തെയും സോഷ്യൽ മീഡിയയിൽ ഞാൻ പങ്കുവച്ച ഒരു സമീപകാല ചിത്രത്തെയും ദുരുപയോഗം ചെയ്യുന്ന തരത്തിലുള്ള എഐ നിർമിത ചിത്രങ്ങൾ ഓൺലൈനിൽ പ്രചരിക്കുന്നുണ്ടെന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സമ്മതമില്ലാതെ ഇത്തരം ഉള്ളടക്കം നിർമിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് വളരെ വേദനാജനകവും അംഗീകരിക്കാനാവാത്തതും നിയമവിരുദ്ധവുമാണ്. ഇതു ഡിജിറ്റൽ സ്വത്വവഞ്ചനയും എന്റെ സ്വകാര്യതയിലേക്കുള്ള ഗുരുതരമായ കടന്നുകയറ്റവുമാണ്, അജ്ഞാതമായി പ്രവർത്തിക്കുന്ന അക്കൗണ്ടുകൾ ഉൾപ്പെടെ ഉത്തരവാദികളായവർ ഇത്തരം ഉള്ളടക്കം ഉടനടി നിർത്തലാക്കാനും നീക്കം ചെയ്യാനും നിർദേശിക്കുന്നു. ഈ പെരുമാറ്റം. സാധൂകരിക്കുന്നതിലെ ദോഷങ്ങളെക്കുറിച്ച് തിരിച്ചറിയണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ഇത്തരത്തിലുള്ളവ യാതൊരു തരത്തിലും വീണ്ടും പങ്കുവയ്ക്കുകയോ പ്രതികരിക്കുകയോ അംഗീകരിക്കുകയോ ചെയ്യരുത്.’