Image credit:instagram.com/i_nivethathomas
നടിയും ഇന്‍ഫ്ലുവന്‍സറുമായ നിവേദ തോമസിന്‍റേതെന്ന പേരില്‍ പ്രചരിച്ച ചിത്രങ്ങള്‍ക്കെതിരെ താരം രംഗത്ത്. നിയമനടപടി സ്വീകരിക്കുമെന്ന് താരം വ്യക്തമാക്കി. സമൂഹമാധ്യമക്കുറിപ്പിലൂടെയാണ് ഓണ്‍ലൈനില്‍ വ്യാപകമായി പ്രചരിച്ച ചിത്രങ്ങള്‍ക്കെതിരെ നിവേദ രംഗത്തെത്തിയത്. നിയമവിരുദ്ധവും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റവുമാണ് നടപടിയെന്നും താരം വ്യക്തമാക്കി.
സമൂഹമാധ്യമത്തില്‍ താരം പങ്കുവച്ച ചിത്രമാണ് വികലമാക്കി പ്രചരിപ്പിക്കുന്നത്. തന്‍റെ ശ്രദ്ധയില്‍ ഇത് പെട്ടുവെന്നും അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതാണ് ഇത്തരം ചിത്രങ്ങളെന്നും അവര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. ഇത്തരം നിയമവിരുദ്ധവും മനുഷ്യത്വ വിരുദ്ധവുമായ നടപടികളില്‍ നിന്ന് പിന്‍വാങ്ങണമെന്നും ഇത്തരം ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും താരം വ്യക്തമാക്കി.
എഐ നിര്‍മിത ചിത്രങ്ങള്‍ക്കെതിരെ നടി ശ്രീലിലയും നേരത്തെ രംഗത്തെത്തിയിരുന്നു. സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്യുന്നത് എഐയുടെ വരവോടെ വര്‍ധിച്ചുവെന്നും താരം കുറ്റപ്പെടുത്തിയിരുന്നു. 'സാങ്കേതിക വിദ്യയുടെ വികാസം ജീവിതം ലളിതമാക്കാനാണ് , സങ്കീര്‍ണാക്കാനല്ല' എന്നായിരുന്നു ശ്രീലിലയുടെ കുറിപ്പ്. സിനിമയിലുള്ള സ്ത്രീകള്‍ കുറേക്കൂടി സുരക്ഷിതത്വവും ബഹുമാനവും അര്‍ഹിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.