നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനായ നടന്‍ ദിലീപിനെതിരായ  സൈബര്‍ ആക്രമണങ്ങളോട് പ്രതികരിച്ച്  സംവിധായകന്‍ ആലപ്പി അഷറഫ്. കോടതി വിധിക്ക് പിന്നാലെ ദിലീപ് മാധ്യമങ്ങളോട് സംസാരിച്ച കാര്യങ്ങളും ശരീരഭാഷയുമൊക്കെയാണ് സൈബര്‍ ആക്രമങ്ങളുടെ ആക്കം കൂട്ടിയെന്ന് അഷ്റഫ് പറഞ്ഞു. ദിലീപിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ സഹോദരന്‍ നടത്തിയ പ്രസ്താവനെയും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.

രാമലീലക്കെതിരെ ബഹിഷ്കരിക്കണാഹ്വാനം വന്നപ്പോള്‍ മഞ്ജു വാരിയര്‍ അടക്കമുള്ളവരെടുത്ത നിലപാടിനെയും അഷറഫ് ചൂണ്ടിക്കാണിക്കുന്നുണ്ട്. ഈ ചിത്രം ദിലീപിന്റെ ജീവൻ മരണ പോരാട്ടം തന്നെയാണ്. ഇവിടെ ഒരു സിനിമാ പ്രവർത്തകൻ എന്ന നിലയിൽ തനിക്ക് പറയുവാനുള്ളത് ഒരു സിനിമ കാണണമോ വേണ്ടയോ എന്ന് തീരുമാനിക്കുവാനുള്ള അവകാശം ഇവിടെ നമുക്കോരോരുത്തർക്കുമുണ്ട്. സിനിമയെ തകർക്കുന്ന രീതിയിലുള്ള സൈബർ ആക്രമണം, അതുകൊണ്ട് ഉപജീവനം നടത്തുന്നവരുടെ അന്നം മുട്ടിക്കുന്ന രീതിയിൽ ആകരുത് എന്നാണെന്നും അദ്ദേഹം പറഞ്ഞു.

സിനിമയ്ക്ക് പിന്നില്‍ ഒരു ദിലീപ് മാത്രമല്ല അതിന്‍റെ പിന്നിൽ ഒരുപാട് പേരുടെ അധ്വാനമുണ്ട് അവരുടെ വിയർപ്പുമുണ്ട്. ഈ വരുമാനം കൊണ്ട് മാത്രം ജീവിക്കുന്ന ഒരുപാട് കുടുംബങ്ങളുമുണ്ട്. അതൊക്കെ ഓർക്കുമ്പോഴാണ് ദിലീപിനെ എതിർക്കുമ്പോഴും സിനിമയെ എതിർക്കാത്തത്. സിനിമ ഉണ്ടായതുകൊണ്ടാണല്ലോ അതിജീവിതയും മഞ്ജു വാരിയരും ഒക്കെ ഉണ്ടായത്. സിനിമയും സിനിമക്കാരും നിലനിൽക്കുന്നത് നിങ്ങൾ ഉള്ളതുകൊണ്ടാണ്. ഇനി എന്ത് വേണമെന്ന് നിങ്ങൾ തീരുമാനിക്കൂ, ഞാൻ എപ്പോഴും പൊതുസമൂഹത്തോടൊപ്പമാണ്, അതിജീവിതക്കൊപ്പവും എന്നാണ് ആലപ്പി അഷറഫ് പറയുന്നത്.

ആലപ്പി അഷറഫിന്‍റെ വാക്കുകള്‍

ചില ഇടങ്ങളിൽ മൗനമാണ് ഏറ്റവും നല്ലത്. മൗനം പാലിച്ചതിന്റെ പേരിൽ ഒരിക്കലും ഖേദിക്കേണ്ടി വരില്ല. പക്ഷേ സംസാരിച്ചതിന്റെ പേരിൽ ഖേദിച്ചെന്ന് വരാം.

മൗനം പലപ്പോഴും ബലമുള്ള ഒരു ഊന്നുവടിയാണ് സ്വയം വീഴാതിരിക്കാനും മറ്റുള്ളവരെ വീഴ്ത്താതിരിക്കാനും. കോടതി വിധിക്ക് ശേഷം പുറത്തുവന്ന ദിലീപിന്റെ പ്രതികരണങ്ങൾ അപ്പോൾ അനിവാര്യമായിരുന്നു എന്ന് നമുക്കൊന്ന് പരിശോധിക്കാം. ഒന്നുമില്ലായ്മയിൽ നിന്നും തൻറെ കലാപരമായ കഴിവുകൊണ്ടും ബുദ്ധികൊണ്ടും കഠിനാധ്വാനം കൊണ്ടും മലയാള സിനിമയിലെ സമസ്ത മേഖലകളെയും കൈക്കുമ്പിളിൽ ഒതുക്കിയ നടനാണ് ദിലീപ്.

വളരെ ചുരുങ്ങിയ കാലയളവ് കൊണ്ടാണ് അദ്ദേഹം സൂപ്പർ സ്റ്റാറുകളായ മമ്മൂട്ടിയുടേയും മോഹൻലാലിന്റെയുമൊക്കെ ഒപ്പമെത്തിയത്. അദ്ദേഹത്തോടുള്ള ജനങ്ങളുടെ ഇഷ്ടം അവർ ദിലീപിന് ജനപ്രിയ നായകൻ എന്ന പേരും ചാർത്തിക്കൊടുത്തു. അന്നൊക്കെ ദിലീപിന്‍റെ ഒരു ചിത്രം വരാൻ കണ്ണട്ടിരുന്ന പ്രേക്ഷകരിൽ നല്ലൊരു ഭാഗം ഇന്ന് ദിലീപ് അഭിനയിക്കുന്ന ചിത്രങ്ങൾ. ഇന്ന് ദിലീപിന്‍റെ ചിത്രങ്ങള്‍ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്യുകയാണ് ഇന്ത്യൻ സിനിമ.

ചരിത്രത്തിൽ തന്നെ ഇത്തരമൊരു സംഭവം അരങ്ങേറിയിട്ടുണ്ടോ എന്നത് സംശയമാണ്.

 

എന്നാല്‍ സിനിമ രംഗത്തെ ആരും തന്നെ ഈ അഭിപ്രായത്തോട് യോജിക്കുന്നില്ല എന്ന് മാത്രമല്ല അദ്ദേഹത്തെ ചേർത്ത് നിർത്തുകയാണ് ചെയ്യുന്നത്.ദിലീപിന്‍റെ 85 ദിവസത്തെ ജയിൽവാസത്തിനുശേഷം പുറത്തിറങ്ങിയ രാമലീല എന്ന ചിത്രം ചിലർ ബഹിഷ്കരിക്കണമെന്ന് ആഹ്വാനം ചെയ്തപ്പോൾ മഞ്ജു വാര്യർ അന്ന് നടത്തിയ  പ്രസ്താവന നമുക്ക് മുൻപിൽ ഉണ്ടല്ലോ. സിനിമയെ സിനിമയായിട്ട് കാണണമെന്നും അത് ഒരുപാട് പേരുടെ അന്നമാണെന്നും അതിന്‍റെ പിന്നിൽ ഒരുപാട് പേരുടെ അധ്വാനമുണ്ടെന്നും പറഞ്ഞിരുന്നു.  മഞ്ജു വാര്യർ മാത്രമല്ല അന്ന് ദിലീപിനെ എതിർത്ത് രംഗത്തു വന്ന പല സിനിമാക്കാരുടെയും അഭിപ്രായം ഇതുതന്നെയായിരുന്നു.

 

രാമലീല വിജയിച്ചപ്പോൾ ദിലീപ് നിരപരാധിയാണ്. ജനങ്ങളെല്ലാം അയാളോടൊപ്പമാണ്. അതുകൊണ്ടാണ് ജനങ്ങൾ ഈ സിനിമ വലിയ വിജയമാക്കിയതെന്ന് ദിലീപ് അനുകൂലികൾ തട്ടി തട്ടി വിട്ടിരുന്നു. പിന്നീട് വന്ന ദിലീപ് ചിത്രങ്ങൾ ഒന്നും തന്നെ നിലംതൊട്ടില്ല. നൂറു കണക്കിന് കോടികളാണ് ദിലീപ് ചിത്രങ്ങളിലൂടെ നിർമ്മാതാക്കൾക്ക് നഷ്ടമായത്. ദിലീപിന് വലിയൊരു തിരിച്ച് വരവ് നടത്താനുള്ള ശ്രമത്തിന്റെ ഭാഗമായി വരുന്ന സിനിമയാണ് ഭഭബ. ഈ ചിത്രം റിലീസ് ആകുന്നതോടുകൂടി സിനിമാ രംഗത്തുള്ളവരെല്ലാം ദിലീപിനോട് പഴയ ഭക്തി ബഹുമാനത്തോടെ പെരുമാറും എന്നുള്ള പ്രതീക്ഷയും അദ്ദേഹത്തിനുണ്ടാകാം.

 

ഈ പ്രതീക്ഷകളെയെല്ലാം അപ്പാടെ തകിടം മറിച്ചത് കോടതി വിധികേട്ട് പുറത്തിറങ്ങിവന്ന ദിലീപിന്‍റെ ശരീരഭാഷയും പ്രതികരണവും ആണ്. ഇത്രയൊക്കെ അനുഭവിച്ചിട്ടും അല്പം പോലും മാനസാന്തരം വന്നിട്ടില്ല എന്ന് തെളിയിക്കുന്നതായിരുന്നു അദ്ദേഹത്തിന്‍റെ പ്രകടനം. വിധി കേട്ട് പുറത്തുവന്ന ഉടനെ മഞ്ജു വാര്യരെയും അന്വേഷണ ഉദ്യോഗസ്ഥരെയും പ്രോസിക്യൂഷനെയും മീഡിയയുമൊക്കെ വെല്ലുവിളിച്ചു കൊണ്ടുള്ള പ്രതികരണം. ആർക്കെങ്കിലും അയാളോട് അല്പം സ്നേഹമുണ്ടായിരുന്നെങ്കിൽ അതുപോലും ഇല്ലാതാകുന്നതായിരുന്നു ആ പ്രകടനം.

 

അന്ന് കോടതിയിലേക്ക് കയറിപ്പോയ ദിലീപ് വളരെ വിനയത്തോടെ പാവത്താനപ്പോലെ കയറിപ്പോകുന്നത് കണ്ടപ്പോൾ പലർക്കും വിഷമം തോന്നിയിരുന്നു. എന്നാൽ തിരിച്ചിറങ്ങി വന്നപ്പോൾ കാണിച്ച ധിക്കാരവും അഹങ്കാരവും ഒക്കെ ഞാൻ മാറിയിട്ടില്ല എന്ന് തെളിയിക്കുന്നതായിരുന്നു. ഇത് കാണുമ്പോൾ ഒരു പഴയ കാര്യം ഓർമ വരികയാണ് ദിലീപിനെ അറസ്റ്റ് ചെയ്ത സമയത്ത് അദ്ദേഹത്തിന്റെ സഹോദരൻ ചാനലിലൂടെ പറഞ്ഞ ഒരു കാര്യമുണ്ട്, ‘ചേട്ടൻ ഒന്നിറങ്ങിക്കോട്ടെ ഞങ്ങൾ തുടങ്ങാനിരിക്കുന്നതേയുള്ളൂ, ഒരറ്റം മുതൽ ആരംഭിക്കുമെന്ന്’. ദിലീപിന്‍റെ അപ്പോഴത്തെ വാക്കുകൾ അതിജീവിതയ്ക്ക് നീതി കിട്ടിയില്ല എന്ന് വിശ്വസിക്കുന്ന വലിയ ഒരു ജനവിഭാഗത്തിന് അമർഷവും ദേഷ്യവും ഉളവാക്കുന്നതായിരുന്നു.

 

ഇതിന്റെയൊക്കെ പ്രതിഫലനം ആയിട്ടാകാം തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട കെഎസ്ആർടിസി ബസ്സിൽ ദിലീപ് അഭിനയിച്ച സിനിമയുടെ പ്രദർശനം തടഞ്ഞത്. ദിലീപിന്റെ ‘ഈ പറക്കും തളിക’ എന്ന സിനിമ ബസ്സിൽ കണ്ട സ്ത്രീകൾ രോഷാകുലരായി പ്രതിഷേധിച്ച് ചിത്രം നിർത്തിവപ്പിച്ചു. ഈ ബസ്സിലെ യാത്രക്കാരിൽ ആരും തന്നെ ദിലീപുമായി വ്യക്തിപരമായ വൈരാഗ്യമുളളവരോ ദിലീപിന്റെ ഡേറ്റ് കിട്ടാത്ത സിനിമാക്കാരോ ആരും തന്നെയായിരുന്നില്ല. ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങളാണ് അവരെന്നോർക്കുക. എറണാകുളം ശിവക്ഷേത്രത്തിലെ കൂപ്പൺ വിതരണ പരിപാടിയുടെ ഉദ്ഘാടകനായി ദിലീപിന്‍റെ പേര് വച്ച് പരസ്യം ചെയ്തിരുന്നു.

എന്നാൽ ക്ഷേത്ര ഭരണാധികാരികളിൽ ഒരു വിഭാഗത്തിന് കടുത്ത എതിർപ്പുണ്ടായതിനാൽ ദിലീപ് അതിൽ നിന്നും പിന്മാറുകയാണുണ്ടായത്. ഇവരാരും നേരത്തെ ദിലീപിനോട് വ്യക്തിപരമായി വിരോധമോ അടുപ്പമോ ഉണ്ടായിരുന്നവരായിരുന്നില്ല.

 

വിധി വന്ന ശേഷം പുറത്തിറങ്ങിയ ദിലീപ് ആദ്യത്തെ അമ്പെയ്തത് മഞ്ജു വാരിയരുടെ നേർക്കായിരുന്നു. എന്നാൽ ആ അമ്പിന്റെ മുനകൂടിച്ചു കൊണ്ട് മഞ്ജു വാരിയർ രംഗത്തെത്തി. അവർ പറയുന്നു ബഹുമാനപ്പെട്ട കോടതിയോട് ആദരവുണ്ട്. എന്നാൽ ഇക്കാര്യത്തിൽ നീതി പൂർണമായി നടപ്പായി എന്ന് പറയാനാവില്ല. കാരണം കുറ്റം ചെയ്തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ, ഇത് ആസൂത്രണം ചെയ്ത ആരായാലും അവർ പുറത്ത് പകൽ വെളിച്ചത്തിൽ ഉണ്ടെന്നുള്ളത് ഭയപ്പെടുത്തുന്ന ഒരു യാഥാർഥ്യമാണ്. അവർ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂർണമാവുകയുള്ളൂ. മഞ്ജു വാര്യരുടെ ഈ പ്രസ്താവനയിലൂടെ പകൽ വെളിച്ചത്തിൽ നിൽക്കുന്ന ഈ പ്രതി ആരാണെന്ന് പൊതുജനത്തിന്‍റെ മുമ്പിൽ ചൂണ്ടിക്കാണിക്കുകയാണ് ചെയ്തിട്ടുള്ളത്. ആദ്യം സംശയത്തോടെ പറഞ്ഞിരുന്ന കാര്യം ഇന്ന് ശക്തമായി വ്യക്തമാക്കി തന്നിരിക്കുകയാണ്.

 

 

വിധി പുറത്തുവന്നതിനുശേഷം നമ്മുടെ സൂപ്പർസ്റ്റാറുകൾ ഉൾപ്പെടെ ആരും തന്നെ അതിജീവിതയെ വിളിക്കുകയോ ആശ്വസിപ്പിക്കുകയോ ഒന്നും തന്നെ ചെയ്തില്ല, അവർ പ്രതികരിച്ചില്ല. ഇതൊക്കെയാണ് അവർക്കെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്നുവരുന്ന ആക്ഷേപം. അവരെയൊക്കെ സംബന്ധിച്ച് അവരാരും അങ്ങനെയൊന്നും പറയില്ല. ഉന്നതരെ ഒന്നും വെറുപ്പിക്കാൻ അവർ നിൽക്കുകയുമില്ല. അവരൊക്കെ എല്ലാത്തിനെയും ബിസിനസ് കണ്ണുകൾ കൊണ്ട് നോക്കിക്കാണുന്നവരാണ്.ഇനി സിനിമയെപ്പറ്റി പറഞ്ഞാൽ, എന്തൊക്കെ പറഞ്ഞാലും ആരൊക്കെ പറഞ്ഞാലും സിനിമ നല്ലതാണെങ്കിൽ എല്ലാവരും കാണുകയും ചെയ്യും, അത് വിജയിക്കുകയും ചെയ്യും.

 

 ഈ പടത്തിനെ സംബന്ധിച്ച് ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ഏതാനും ദിവസങ്ങൾ തിയറ്റർ നിറയ്ക്കാനുള്ള ഫാൻസുകാർ മോഹൻലാലിനും ഉണ്ട് ദിലീപിനും ഉണ്ട്. പടത്തിന് ഗംഭീര റിപ്പോർട്ട് ഉണ്ടെങ്കിൽ പിന്നെ പിടിച്ചാൽ കിട്ടില്ല. പടം അഭിപ്രായമില്ലാതെ തകർന്നടിഞ്ഞാൽ അത് ദിലീപിന്റെ സിനിമ ഭാവിയെ കാര്യമായി ബാധിക്കുകയും ചെയ്യും. ഈ ചിത്രം ദിലീപിന്റെ ജീവൻ മരണ പോരാട്ടം തന്നെയാണ്. ഇവിടെ ഒരു സിനിമാ പ്രവർത്തകൻ എന്ന നിലയിൽ എനിക്ക് പറയുവാനുള്ളത് ഒരു സിനിമ കാണണമോ വേണ്ടയോ എന്ന് തീരുമാനിക്കുവാനുള്ള അവകാശം ഇവിടെ നമുക്കോരോരുത്തർക്കുമുണ്ട്. സിനിമയെ തകർക്കുന്ന രീതിയിലുള്ള സൈബർ ആക്രമണം, അതുകൊണ്ട് ഉപജീവനം നടത്തുന്നവരുടെ അന്നം മുട്ടിക്കുന്ന രീതിയിൽ ആകരുത്. ഒരു ദിലീപ് മാത്രമല്ല അതിന്റെ പിന്നിൽ ഒരുപാട് പേരുടെ അധ്വാനമുണ്ട് അവരുടെ വിയർപ്പുമുണ്ട്. ഈ വരുമാനം കൊണ്ട് മാത്രം ജീവിക്കുന്ന ഒരുപാട് കുടുംബങ്ങളുമുണ്ട്. അതൊക്കെ ഓർക്കുമ്പോഴാണ് ദിലീപിനെ എതിർക്കുമ്പോഴും സിനിമയെ എതിർക്കാത്തത്. സിനിമ ഉണ്ടായതുകൊണ്ടാണല്ലോ അതിജീവിതയും മഞ്ജു വാരിയരും ഒക്കെ ഉണ്ടായത്. സിനിമയും സിനിമക്കാരും നിലനിൽക്കുന്നത് നിങ്ങൾ ഉള്ളതുകൊണ്ടാണ്. ഇനി എന്ത് വേണമെന്ന് നിങ്ങൾ തീരുമാനിക്കൂ, ഞാൻ എപ്പോഴും പൊതുസമൂഹത്തോടൊപ്പമാണ്, അതിജീവിതക്കൊപ്പവും.

ENGLISH SUMMARY:

Dileep's Cyber Attacks involves recent cyber attacks against actor Dileep following his acquittal in the actress assault case, addressed by director Alappuzha Ashraf. Ashraf highlights the impact of cyberbullying on the livelihoods of many involved in the film industry, emphasizing the importance of separating personal opinions from the support of cinema as a whole.