മലയാളി കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട ഹാസ്യ പരിപാടിയായ 'ബംബർ ചിരി' ഡിസംബർ 1 മുതൽ അടിമുടി പുതുമകളോടെ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നു.
പുതുമയുള്ള സെറ്റും പുതിയ ഫോർമാറ്റും അത്യുഗ്രൻ ചിരിക്കാഴ്ചകളുമായി തിങ്കൾ മുതൽ വെള്ളിവരെ ജനപ്രിയ താരങ്ങളായ ബിബിൻ ജോർജ്, ആര്യ ,നോബി മാർക്കോസ് എന്നിവർ അണിനിരക്കുന്ന ബംബർ ചിരി അൺലിമിറ്റഡ് ചിരിയും ശനിയും ഞായറും സിനിമാതാരങ്ങളായ രമേശ് പിഷാരടി, മഞ്ജുപിള്ള , കോട്ടയം നസീർ എന്നിവർ അണിനിരക്കുന്ന ബംബർ ചിരി ഫിനാലെയുമാണ് സംപ്രേഷണം ചെയ്യുക.
പുതുമകൾക്ക് മാറ്റുകൂട്ടുവാൻ ബംബർ ചിരി ഫിനാലെയിൽ മലയാളത്തിന്‍റെ സ്വന്തം ഉർവശിയും എത്തുന്നു. കാർത്തിക് സൂര്യയ്ക്കൊപ്പം പുതിയ അവതാരകയായി മീനാക്ഷി സുധീറുമുണ്ട്. രണ്ടുപേർ മാത്രം മത്സരിച്ചിരുന്ന ബംബർ ചിരിയിൽ ഇനിമുതൽ കൂടുതൽ ഹാസ്യ താരങ്ങൾ ഒരുമിക്കുന്ന വമ്പൻ സ്കിറ്റുകളും മാറ്റുരയ്ക്കാനെത്തും. ‘ചിരി മീറ്റർ’ എന്ന പുതിയ ഫോർമാറ്റിലൂടെ ഓരോ ആഴ്ചയിലും ബംബർ ചിരി ഫിനാലെയിൽ മത്സരാർത്ഥികൾക്ക് രണ്ടര ലക്ഷം രൂപ വരെ സമ്മാനത്തുകയായി നേടാൻ കഴിയും. പുതിയ ഹാസ്യതാരങ്ങൾക്ക് അവസരം നൽകാനായി ബംബർ ചിരി അണ്‍ലിമിറ്റഡ് ചിരിയിൽ സ്പോട്ട് ആക്ടും ഉൾപ്പെടുത്തിയിട്ടുണ്ട്.
മലയാളം ടെലിവിഷനിലെ എറ്റവും മികച്ച ഹാസ്യപരിപാടിയായ മഴവിൽ മനോരമയിലെ ബംബർ ചിരി അഞ്ച് വർഷമായി പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചു കൊണ്ട് റേറ്റിങ് ചാർട്ടിൽ മുൻനിരയിൽ തുടരുകയാണ്. ആയിരത്തി ഇരുന്നൂറ്റി അൻപത്തിൽപ്പരം എപ്പിസോഡുകൾ പിന്നിട്ടു കഴിഞ്ഞ ബംബർ ചിരിയിലൂടെ സാധാരണക്കാരായ പതിനായിരക്കണക്കിന് ആളുകള്‍ ഹാസ്യതാരങ്ങളായി മാറി എന്നതാണ് ഈ പരിപാടിയെ വേറിട്ടതാക്കുന്നത് . സമ്മാനത്തുകയായി 10 കോടിയോളം രൂപ ഹാസ്യതാരങ്ങൾക്ക് നൽകാനായി എന്നതും മറ്റൊരു സവിശേഷതയാണ്. ചിരിപ്പിക്കുക എന്ന വലിയ ദൗത്യം ഏറ്റെടുത്ത കലാകാരന്മാരാണ് ഈ പരിപാടിയുടെ ശക്തി സ്രോതസ്സ്. പ്രായഭേദമന്യേ എല്ലാവർക്കും മത്സരിക്കാമെന്നത് ബംബർ ചിരിയെ കൂടുതൽ ജനകീയമാക്കുന്നു. ഒരുപാട് കലാകാരന്മാരെ സിനിമ ലോകത്തേക്ക് എത്തിക്കാൻ ആയി എന്നതും ബംബർ ചിരിയുടെ നേട്ടമാണ്. മഴവിൽ മനോരമയിലൂടെ തിങ്കൾ മുതൽ വെള്ളിവരെ രാത്രി 8.30 ന് ബംബർ ചിരി അണ്‍ലിമിറ്റഡ് ചിരിയും, ശനിയും ഞായറും രാത്രി 9 ന് ബംബർ ചിരി ഫിനാലെയും സംപ്രേഷണം ചെയ്യുന്നു.