കേരള ക്രിക്കറ്റ് ലീഗിനോട് അനുബന്ധിച്ച് കേരള ക്രിക്കറ്റ് അസോസിയേഷനും മഴവില്‍ മനോരമയും ചേര്‍ന്ന് സംഘടിപ്പിച്ച് കേരളാസ് ബിഗെസ്റ്റ് ക്രിക്കറ്റ് ഫാന്‍ സെല്‍ഫി മല്‍സരത്തിന്‍റെ ജേതാക്കള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. മെഗാ സമ്മാനം കേരള ടീം മുന്‍ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയും മറ്റ് സമ്മാനങ്ങള്‍ കേരള ടീം താരങ്ങളും ചേര്‍ന്ന് വിജയികള്‍ക്ക് സമ്മാനിച്ചു. ഇന്ത്യ– ന്യൂസിലന്‍ഡ് ട്വന്‍റി 20 ക്രിക്കറ്റ് മല്‍സരത്തിന്‍റെ ടിക്കറ്റ് വില്‍പന ഉദ്ഘാടന വേദിയിലായിരുന്നു ചടങ്ങ്.
കഴിഞ്ഞ സീസണില്‍ കേരളത്തെ രഞ്ജിട്രോഫി ക്രിക്കറ്റിന്‍റെ ഫൈനല്‍ വരെ എത്തിച്ച നായകന്‍ സച്ചിന്‍ ബേബിയില്‍ ക്രിക്കറ്റ് കിറ്റ് ഏറ്റുവാങ്ങാന്‍ ഭാഗ്യമുണ്ടായത് കൊല്ലം സ്വദേശി ജെ. ജിതിന്. കഴിഞ്ഞ കേരള ക്രിക്കറ്റ് ലീഗിന്‍റെ ഭാഗമായി കേരള ക്രിക്കറ്റ് അസോസിയേഷനും മഴവില്‍ മനോരമയും ചേര്‍ന്ന് സംഘടിപ്പിച്ച കേരളാസ് ബിഗെസ്റ്റ് ഫാന്‍ സെല്‍ഫി കോണ്‍ടെസ്റ്റില്‍ വിജയികളായ അഞ്ചുപേരില്‍ നിന്ന് നടന്‍ നന്ദുവാണ് മെഗാസമ്മാന ജേതാവിനെ തിരഞ്ഞെടുത്ത്. മറ്റുള്ളവര്‍ക്ക് ക്രിക്കറ്റ് ബാറ്റാണ് സമ്മാനം.
കേരള ടീം അംഗങ്ങളായ എം.ഡി. നിധീഷ്, സല്‍മാന്‍ നിസാര്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, വിഷ്ണു വിനോദ് എന്നിവരില്‍ നിന്ന് വഴയില സ്വദേശി ഷെറിന്‍ പോള്‍, പാങ്ങപ്പാറ സ്വദേശി ആഷ്‌ലി ബിനു, കല്ലയം സ്വദേശി ജെബിന്‍ വിന്‍സെന്‍റ്, കാര്യവട്ടം സ്വദേശി സി.കെ. ഷിജിന്‍ എന്നിവര്‍ ബാറ്റ് ഏറ്റുവാങ്ങി. കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്‍റ് ശ്രീജിത്ത് വി. നായര്‍, സെക്രട്ടറി വിനോദ് എസ്. കുമാര്‍, ട്രഷറര്‍ അജിത്ത് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.