jewel-mary

നടിയെ ആക്രമിച്ച കേസിലെ ശിക്ഷാ വിധിയിൽ വിമര്‍ശനവുമായി നടിയും അവതാരകയുമായ ജുവൽ മേരി. കുറ്റവാളികൾക്ക് 20 വർഷം കഠിനതടവ് ശിക്ഷ വിധിച്ചതിനെതിരെയാണ് താരം സോഷ്യല്‍ മീഡിയ വഴി പ്രതികരിച്ചത്. ‘എന്ത് തേങ്ങയാണ് ഇത്’ എന്നാണ് ജുവല്‍ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്. പ്രതികള്‍ക്ക് ലഭിച്ച ശിക്ഷയുടെ വാര്‍ത്ത പങ്കുവച്ച് ‘ഒരു ചൂരലെടുത്ത് ഓരോ അടി കൊടുത്ത് വിട്ടാൽ മതിയായിരുന്നു,' ജുവല്‍ കുറിച്ചു. 

വിധിയെ പറ്റി മുന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി.ആസഫ് അലിയുടെ ഒരു ഫെയ്സ്ബുക്ക് പോസ്റ്റും ജുവല്‍ പങ്കുവച്ചു. ‘‘ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങള്‍ പകർത്തി മറ്റുള്ളവർക്ക് വിതരണം ചെയ്‌ത അതിക്രൂരവും അത്യപൂർവവുമായ ഒരു കൂട്ടബലാത്സംഗ കേസാണിത്. അങ്ങനെയൊരു കേസിൽ ഒരു സാധാരണ ബലാത്സംഗ കുറ്റത്തിന് നൽകുന്ന 20 വർഷം എന്ന ഏറ്റവും ചെറിയ ശിക്ഷയാണ് നൽകിയിരിക്കുന്നത്. കോടതിക്ക് തെറ്റ് പറ്റിയിരിക്കുന്നു എന്നതിൽ സംശയമില്ല,’ ആസഫ് അലിയുടെ വാക്കുകള്‍.

പൾസർ സുനിൽ ഉൾപ്പെടെയുള്ള ആറ് പ്രതികൾക്ക് 20 വർഷം കഠിനതടവാണ് ശിക്ഷ വിധിച്ചത്. പ്രതികളുടെ പ്രായം, അവരുടെ കുടുംബ സാഹചര്യം എന്നിവ കൂടി കണക്കിലെടുത്ത് കുറഞ്ഞ ശിക്ഷയായിരുന്നു വിധിച്ചത്. ശിക്ഷ വിധിക്കുമ്പോള്‍ കുറ്റകൃത്യം ഇരയിലും സമൂഹത്തിലും ഉണ്ടാക്കിയ ആഘാതം കണക്കിലെടുക്കേണ്ടതുണ്ടെന്നും സമൂഹത്തോടും കുറ്റവാളിയോടും നീതി പുലർത്തുന്ന രീതിയിൽ സന്തുലിതമായിരിക്കണം എന്നാണ് ജഡ്ജി ഹണി എം.വര്‍ഗീസ് പറഞ്ഞത്. കൂട്ടബലാല്‍സംഗമെന്ന കുറ്റം തെളിഞ്ഞതിനാല്‍ പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്. ഇത് കോടതി കണക്കിലെടുത്തില്ല. 

ENGLISH SUMMARY:

Actress assault case verdict sparks controversy. Jewel Mary criticizes the 20-year sentence, while legal experts question the leniency in light of the crime's severity.