divya-pilla-dheeram

ഇന്ദ്രജിത്ത് സുകുമാരൻ നായകനായ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ‘ധീരം’ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. റിലീസിനോടനുബന്ധിച്ച് നടി ദിവ്യ പിള്ളയ്ക്കും മറ്റ് താരങ്ങളും തിയറ്റർ വിസിറ്റിനെത്തിയിയിരുന്നു. ഇതിനിടയ്​ക്ക് ഒരു പ്രേക്ഷകൻ അപ്രതീക്ഷിത പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. 

സിനിമ ഇഷ്​ടപ്പെട്ടോ എന്ന് ദിവ്യ പിള്ള പ്രേക്ഷകരോട് ചോദിച്ചപ്പോള്‍ ഇഷ്ടപ്പെട്ടില്ല എന്നാണ് ഒരു പ്രേക്ഷകന്‍ പറഞ്ഞത്. ‘വളരെ മോശം സിനിമ. ഞങ്ങളുടെ പെങ്ങന്മാരും കുഞ്ഞുങ്ങളും ഒക്കെ കാണുന്ന സിനിമയാണ്. ഇത് ഇങ്ങനെ കാണിച്ചത് തെറ്റായിപ്പോയി. സമൂഹത്തിൽ ഇങ്ങനെ കാണിക്കരുത്. എനിക്ക് ഈ സിനിമ ഇഷ്ടപ്പെട്ടില്ല, ഇത് എന്റെ അഭിപ്രായമാണ്, എ സർട്ടിഫിക്കറ്റ് നിങ്ങൾ ആസ്വദിച്ചിട്ടുണ്ടാകും. ഇത്രയും പ്രതീക്ഷിച്ചില്ല, വളരെ മോശം,’ എന്നാണ് പ്രേക്ഷകൻ തുറന്നുപറഞ്ഞത്. ഇതോടെ അണിയറപ്രവർത്തകരിൽ ചിലർ പ്രേക്ഷകന്റെ അഭിപ്രായത്തോട് വിയോജിപ്പ് പ്രകടിപ്പിച്ച് തർക്കത്തിലായി.

എന്നാൽ വിഷയത്തിൽ ഇടപെട്ട ദിവ്യ പിള്ള, പ്രേക്ഷകന്റെ നിലപാടിനെ പിന്തുണച്ചു. സിനിമയെക്കുറിച്ച് നെഗറ്റീവ് പറയാൻ പ്രേക്ഷകന് പൂർണ അവകാശമുണ്ടെന്ന് താരം പറഞ്ഞു. നെഗറ്റീവ് പറയുന്നതിന് കുഴപ്പമില്ല, സിനിമ കാണുന്ന പ്രേക്ഷകന് അത് പറയാൻ അവകാശമുണ്ട്, അത് കുഴപ്പമില്ല. എല്ലാവരും നല്ലത് പറയണം എന്ന് നമുക്ക് പറയാൻ പറ്റില്ലല്ലോ എന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു. 

ഇന്ദ്രജിത്ത് സുകുമാരൻ പോലീസ് വേഷത്തിൽ എത്തിയ ‘ധീരം’ നവാഗതനായ ജിതിൻ ടി. സുരേഷ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. ദീപു എസ്. നായർ, സന്ദീപ് സദാനന്ദൻ എന്നിവർ ചേർന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. അജു വർഗീസ്, നിഷാന്ത് സാഗർ, രഞ്ജി പണിക്കർ, റെബ മോണിക്ക ജോൺ, സാഗർ സൂര്യ, അവന്തിക മോഹൻ, ആഷിക അശോകൻ, സജൽ സുദർശൻ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.