നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതി ദിലീപ് കുറ്റവിമുക്തനായെന്ന വിധി വന്നതോടെ ഇതിൽ പ്രതികരിച്ച് നിരവധി താരങ്ങൾ രംഗത്തുവന്നിരുന്നു. നടനെ അനുകൂലിച്ചും പ്രതികൂലിച്ചും പല പോസ്റ്റുകളും ഉയർന്നു. ഇപ്പോഴിതാ സൈബറിടത്ത് വൈറല്‍ താരത്തിന്‍റെ പഴയ ഒരു ഇന്‍റര്‍വ്യൂവും കാവ്യയുമായിട്ടുള്ള വിവാഹത്തെ പറ്റി പറയുന്ന കാര്യങ്ങളാണ്.
മനോരമ ഒാൺലൈനിന്റെ വിഡിയോ അഭിമുഖ പരിപാടിയായ മറുപുറത്തിലായിരുന്നു ദിലീപിന്‍റെ പ്രതികരണം. താന്‍ ഒരിക്കലും കാവ്യയെ കല്യാണം കഴിക്കുമെന്ന് സ്വപ്നത്തില്‍ വിചാരിച്ചില്ലെന്നും തന്‍റെ പേരും പറഞ്ഞ് ഒരുപാട് പഴികേട്ട പെണ്‍കുട്ടിയാണ് കാവ്യയെന്നും ദിലീപ് പറയുന്നു.
ദിലീപിന്‍റെ വാക്കുകള്‍
‘ഏകദേശം അഞ്ചുവർഷത്തിന് മുമ്പു വരെ വളരെ സന്തോഷകരമായ ജീവിതമായിരുന്നു എന്റേത്. 2013 ജൂൺ അഞ്ചാം തിയതി കോടതിയിൽ സമർപ്പിച്ച വിവാഹമോചന ഹർജി, അതെന്റെ കുടുംബചരിത്രമായിരുന്നു. അത് ഹർജി മാത്രമല്ല അതിൽ പ്രതികളുണ്ട് സാക്ഷികളുണ്ട്, നൂറുശതമാനം വിശ്വസിക്കുന്ന തെളിവുകളുണ്ട്. പ്രമുഖർ ഒരുപാട് പേരുണ്ട്. സമൂഹത്തിൽ നല്ല പേരുള്ള ഇക്കൂട്ടരുടെ യഥാര്‍ത്ഥ മുഖം പുറത്തുവരാതിരിക്കാനാണ് വിവാഹമോചനത്തിന് രഹസ്യവിചാരണ വേണമെന്ന് ഞാൻ ആവശ്യപ്പെട്ടത്.
മകളുടെ ഭാവി ഒാർത്ത് മാത്രമാണ് ഈ വിഷയത്തിൽ ഞാൻ മൗനം പാലിക്കുന്നത്. ആദ്യ ഭാര്യ നല്ലൊരു ജീവിതം നയിച്ച് അവരുടെ ജോലിയും കാര്യങ്ങളുമായി പോകുന്നുണ്ട്. ഞാൻ ആ വഴിക്കേ പോകുന്നില്ല. മറ്റുള്ള ആളുകൾ അവരെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്ന് പലവഴിക്ക് ഞാൻ അറിഞ്ഞു. എന്റെ മകളുടെ പഠിപ്പ് , ഭാവി ഇതിനെക്കുറിച്ചൊക്കെയാണ് എന്റെ ഉത്കണ്ഠ. .കാവ്യ അല്ല എന്റെ ആദ്യവിവാഹം തകരാൻ കാരണമെന്ന് ദൈവത്തെ മുൻനിർത്തി പറയാം. കാവ്യയാണ് ഇതിന് കാരണമെന്ന് ജനങ്ങളുടെ മുന്നില്‍ ധരിപ്പിച്ച് വച്ചിരിക്കുകയാണ് ചിലർ. ഞാനും എന്റെ ആദ്യഭാര്യയും തമ്മിലുള്ള ബന്ധം വെറുമൊരു ഭാര്യാഭർതൃബന്ധം മാത്രമല്ലായിരുന്നു ശക്തമായ കൂട്ടുകെട്ട് ഉണ്ടായിരുന്നു ഞങ്ങൾക്കിടയിൽ. അതുപോലെയുള്ളൊരു സുഹൃദ്ബന്ധത്തിനിടയിലാണ് സങ്കടകരമായ സംഭവങ്ങളുണ്ടായത്. അതിലേക്ക് കാവ്യയെയും വലിച്ചിഴയ്ക്കുകയായിരുന്നു.
ഞാനൊരു പെൺകുട്ടിയുടെ അച്ഛനാണ്. പന്ത്രണ്ട് മുതൽ പതിനാറ് വയസ്സുവരെ ഒരു പെൺകുട്ടിക്ക് ആരുടെ പിന്തുണ വേണമെന്ന് ഇവിടെയുള്ള സ്ത്രീകൾക്കറിയാം. എന്റെ സഹോദരിയാണ് അവളുടെ സമയം മാറ്റിവച്ച് വീട്ടിൽ വന്നുനിന്നത്. ബന്ധുക്കളും സുഹൃത്തുക്കളുമാണ് മറ്റൊരു വിവാഹത്തെക്കുറിച്ച് പറയുന്നത്. ഇത് ഞാൻ ആദ്യം ചർച്ച ചെയ്തത് എന്റെ മകളോടാണ്. കാവ്യയെ വിവാഹം കഴിക്കുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല. കാവ്യയുടെ വീട്ടിൽ ഈ വിവാഹത്തിന് താൽപര്യമില്ലായിരുന്നു. ഇപ്പോൾ ദിലീപിനെ വിവാഹം കഴിച്ചാൽ ഉണ്ടായ ഗോസിപ്പുകളെല്ലാം സത്യമാണെന്ന് പറയും എന്നൊക്കെയാണ് കാവ്യയുടെ അമ്മ പറഞ്ഞത്. പിന്നീട് ഞാൻ സത്യാവസ്ഥകളും മറ്റും പറഞ്ഞ് മനസ്സിലാക്കി അവരെക്കൊണ്ട് സമ്മതിപ്പിക്കുകയായിരുന്നു’ ദിലീപ് പറഞ്ഞു.