മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് പരിഹാസരൂപേണ മറുപടി പറഞ്ഞ് നടന്‍ ദിലീപ്. നടിയെ ആക്രമിച്ച കേസില്‍ വെറുതെവിട്ട കോടതി പ്രസ്താവം തീരുംമുന്‍പേ തന്നെ ദിലീപ് ഫാന്‍സ് കോടതിക്ക് പുറത്ത് ലഡു വിതരണം നടത്തി ആഘോഷം ആരംഭിച്ചിരുന്നു. കോടതിയില്‍ നിന്നും പുറത്തുവന്ന ദിലീപ് മഞ്ജു വാര്യര്‍ക്കും അന്വേഷണ ഉദ്യോഗസ്ഥ ബി സന്ധ്യയ്ക്കുമെതിരെ പരോക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു.
നടിയെ ആക്രമിച്ച കേസില്‍ വെറുതെ വിട്ട വിധിപ്രസ്താവം കേട്ട് കോടതിയില്‍ നിന്നിറങ്ങിയപ്പോഴും അഭിഭാഷകന്‍ രാമന്‍പിള്ളയുടെ ഓഫീസില്‍ നിന്നും മടങ്ങിയപ്പോഴും പ്രതികരണം സമാനമായിരുന്നു. ‘ക്രിമിനല്‍ ഗൂഢാലോചന’ എന്ന ഒരൊറ്റ വാക്കില്‍ നിന്നും ഉരുത്തിരിഞ്ഞ കേസാണിതെന്നായിരുന്നു നടന്റെ പ്രതികരണം. നടി ആക്രമിക്കപ്പെട്ട് രണ്ടു ദിവസം കഴിഞ്ഞ് ദര്‍ബാര്‍ ഹാള്‍ പരിസരത്ത് നടന്ന അമ്മ പരിപാടിക്കിടെ മഞ്ജു വാര്യരാണ് ‘ക്രിമിനല്‍ ഗൂഢാലോചന’ എന്ന വാക്ക് ഉപയോഗിച്ചത്.
പൊലീസിനൊപ്പം മാധ്യമങ്ങളും തനിക്കെതിരെ ഗൂഢാലോചനയ്ക്കു കൂട്ടുനിന്നെന്ന് ദിലീപ് പറയുന്നു. ക്രിമിനല്‍ ഗൂഢാലോചന ആരാണ് നടത്തിയതെന്ന മാധ്യമങ്ങളുടെ ചോദ്യത്തിനു നിങ്ങള്‍ കണ്ടുപിടിക്കൂവെന്നായിരുന്നു ദിലീപിന്റെ മറുപടി. കൂടുതല്‍ ചോദ്യങ്ങളുന്നയിച്ചപ്പോള്‍ കുറച്ച് തിരക്കുണ്ടെന്നും ദിലീപ് പറയുന്നു. ഇനിയെങ്ങോട്ടാ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എവിടേക്കെങ്കിലുമൊക്കെ പോട്ടെയെന്നും പരിഹാസരൂപേണ ദിലീപ് പറയുന്നു.