parvathi-rima-actress-case

നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടി എട്ടാം പ്രതി ദിലീപിനെ കോടതി വെറുതേ വിട്ടതിന് പിന്നാലെ സമൂഹമാധ്യമപ്പോസ്റ്റുകളുമായി താരങ്ങള്‍. എന്നെന്നും അവള്‍ക്കൊപ്പം തന്നെയാണെന്നും ആ പോരാട്ടം എല്ലാവര്‍ക്കും വേണ്ടിയുള്ളതാണെന്നും നടി പാര്‍വതി തിരുവോത്ത് സമൂഹമാധ്യമത്തില്‍ കുറിച്ചു. ദൈവം എന്നൊരാളുണ്ടെങ്കില്‍ ഇന്നൊരു നല്ല ദിവസമായിരിക്കുമെന്നായിരുന്നു വിധിയ്ക്ക് മുന്‍പ് പാര്‍വതിയുടെ കുറിപ്പ്. വിധി വന്നതിന്  പിന്നാലെ 'നീതിയോ? അതെന്താണ്? അതീവ സൂക്ഷ്മതയോടെ തയാറാക്കിയ തിരക്കഥയാണ് നമ്മളിപ്പോള്‍ കാണുന്നത്' എന്നും താരം കുറിച്ചു. 

പൂര്‍ണമായും അവള്‍ക്കൊപ്പം മാത്രമാണെന്നായിരുന്നു റിമാ കല്ലിങ്കല്‍ കുറിച്ചത്. രമ്യാ നമ്പീശനും അവള്‍ക്കൊപ്പമെന്ന ബാനര്‍ പങ്കുവച്ചു.

അതിജീവിത കാണിച്ച ധൈര്യവും പ്രതിരോധ ശേഷിയും സമാനതകളില്ലാത്തതാണെന്നും അവളുടെ പോരാട്ടം എല്ലാ അതിജീവിതകള്‍ക്കും വേണ്ടിയുള്ളതാണെന്നും ഇന്നലെ ഡബ്ല്യുസിസി സമൂഹമാധ്യമത്തില്‍ കുറിച്ചിരുന്നു. ഈ യാത്ര ഒരിക്കലും എളുപ്പമായിരുന്നില്ലെന്നും നീതിക്കായുള്ള 3215 ദിവസത്തെ കാത്തിരിപ്പാണ് കഴിയുന്നതെന്നുമായിരുന്നു കുറിപ്പില്‍.  

അതേസമയം, നിയമം നീതിയുടെ വഴിയേ പോകട്ടെയെന്നും അമ്മ കോടതി വിധിയെ ബഹുമാനിക്കുന്നുവെന്ന് താര സംഘടനയായ അമ്മ ഫെയ്സ്ബുക്കില്‍ കുറിച്ചു. 

'കഴിഞ്ഞു പോയ അസ്തമയത്തിൽ എനിക്ക് നിരാശയില്ല.. ഇന്നിന്റെ ഉദയത്തിൽ ഞാൻ അത്രമേൽ പ്രത്യാശിക്കുന്നു'വെന്നായിരുന്നു സംവിധായകന്‍ അരുണ്‍ഗോപിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. 'ദൈവത്തിന് നന്ദി...സത്യമേവ ജയതേ'യെന്ന് ദിലീപിനൊപ്പമുള്ള ചിത്രം പങ്കുവച്ച് നാദിര്‍ഷ എഴുതി. 

ENGLISH SUMMARY:

Following the court's decision to acquit eighth accused Dileep in the actress assault conspiracy case, the survivor's friends from the film industry voiced strong dissent on social media. Actress Parvathy Thiruvothu posted a sharp reaction, questioning 'Justice? What?' and calling the verdict a 'carefully prepared script.' Rima Kallingal and Remya Nambeesan also reaffirmed their absolute solidarity, echoing the stance of the Women in Cinema Collective (WCC) that the fight is for all survivors. In contrast, film body AMMA posted that the organization respects the court's decision, while director Arun Gopy and Nadirshah celebrated the verdict. The contrasting social media reactions highlight the deep divisions within the Malayalam film fraternity following the long-awaited judgment.