നടൻ ഹരീഷ് കണാരനുമായി സാമ്പത്തിക കാര്യത്തില്‍ ഒത്തുതീർപ്പിനില്ലെന്ന് വ്യക്തമാക്കി നിർമാതാവ് ബാദുഷ. ബാദുഷയുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്നും തര്‍ക്ക വിഷയം പരിഹരിക്കാമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയെന്ന ഹരീഷിന്റെ പ്രസ്താവനയ്ക്കു മറുപടിയെന്നോണമാണ് വിശദീകരണ കുറിപ്പുമായി ബാദുഷ എത്തിയത്.
‘ഹരീഷിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും ഞാൻ വിളിച്ചിരുന്നു. അവർ ഫോൺ എടുത്തില്ല. അന്നു തന്നെ നിർമ്മലിനെ (നിർമൽ പാലാഴി) വിളിച്ചു, ഞാൻ കാര്യങ്ങൾ സംസാരിച്ചു. ഞാൻ സെറ്റിൽ ചെയ്യാമെന്ന് പറഞ്ഞിട്ടില്ല, ഈ ജനങ്ങളുടെ മുന്നിൽ ഇത്രയ്ക്കും അപമാനിതനാക്കിയിട്ട് ഇനി എന്ത് ഒത്ത് തീർപ്പ്. എനിക്ക് പറയാനുള്ളതെല്ലാം എന്റെ ‘റേച്ചൽ’ സിനിമയുടെ റിലീസിന് ശേഷം മാധ്യമങ്ങൾക്കു മുന്നിൽ തുറന്ന് പറയും. അത് വരെ എനിക്ക് എതിരെ കൂലി എഴുത്തുകാരെ കൊണ്ട് ആക്രമിച്ചോളു. ഈ അവസ്ഥയിൽ എന്നോടൊപ്പം കൂടെ നിൽക്കുന്ന എന്റെ എല്ലാ പ്രിയപ്പെട്ടവരോടും ഒരു പാട് നന്ദി.’–ബാദുഷയുടെ വാക്കുകൾ.
‘മധുരക്കണക്ക്’ എന്ന സിനിമയുടെ തിയറ്റര്‍ വിസിറ്റിനിടെ ‘ബാദുഷയെ വിളിച്ചിരുന്നോ?’ എന്ന യുട്യൂബേഴ്സിന്‍റെ ചോദ്യത്തിന് മറുപടിയായി ഹരീഷ് പറഞ്ഞ പ്രസ്താവനയോട് മറുപടി പറയുകയായിരുന്നു ബാദുഷ. സാമ്പത്തിക തർക്കവുമായി ബന്ധപ്പെട്ട് ബാദുഷയെ വിളിച്ച് സംസാരിച്ചിരുന്നുവെന്നും സെറ്റിൽ ചെയ്യാമെന്ന് പറഞ്ഞതായുമാണ് ഹരീഷ് പ്രതികരിച്ചത്. കടമായി നൽകിയ 20 ലക്ഷം രൂപ തിരികെ ചോദിച്ചതിന് തന്റെ ഡേറ്റ് കൈകാര്യം ചെയ്തിരുന്ന പ്രൊഡക്ഷൻ കൺട്രോളർ പല സിനിമകളിൽ നിന്നും തന്റെ പേര് വെട്ടിയെന്ന് ഹരീഷ് കണാരൻ വെളിപ്പെടുത്തിയിരുന്നു.