ഭൂമി വറ്റിവരണ്ടുപോകുന്നതായി കാണുന്ന ഒരു ദു:സ്വപ്നം എത്രമാത്രം ഭീകരമായിരിക്കും? ഒരിറ്റു വെള്ളത്തിനായി പരക്കംപായുന്ന മനുഷ്യന്‍റെ ദയനീയത എങ്ങനെ ചിത്രീകരിക്കും? നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തിയപ്പോഴാണ് 'വാട്ടര്‍ പ്ലീസ്' സാധ്യമായത്. ഈ വര്‍ഷത്തെ ഗോവ രാജ്യാന്തര ചലച്ചിത്രമേളക്കൊപ്പം സംഘടിപ്പിച്ച, എഐ സിനിമ ഹാക്കത്തണിന്‍റെ അവസാന റൗണ്ടിലെത്തി ജൂറിയുടെ പ്രശംസ പിടിച്ചു പറ്റിയിരിക്കുകയാണ് ചിത്രം. പ്രശസ്ത സംവിധായകന്‍ ശേഖര്‍ കപൂര്‍ അധ്യക്ഷനായ ജൂറിയാണ് ചിത്രത്തെ അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുത്തത്. മനോരമ ന്യൂസ്, ചീഫ് ഗ്രാഫിക്സ് ആര്‍ട്ടിസ്റ്റ് ജോഷിത് മെല്‍വിനാണ് ചിത്രമൊരുക്കിയത്.
ഇതാദ്യമായാണ് ഗോവ ചലച്ചിത്ര മേളയില്‍ എഐ ചലച്ചിത്ര നിര്‍മാണത്തിനായി പ്രത്യേക മല്‍സരം സംഘടിപ്പിക്കുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്ന് ലഭിച്ച അപേക്ഷകളില്‍ നിന്ന് ജോഷിത് ഉള്‍പ്പെടെ 14 എഐ ചിത്ര നിര്‍മാതാക്കളെയാണ് അവസാന റൗണ്ടിലേക്ക് തിരഞ്ഞെടുത്തത്. മെമറീസ് റീ ഇമാജിന്‍ഡ് എന്ന തീമില്‍ എഐ ചിത്രങ്ങള്‍ നിര്‍മിക്കാനായിരുന്നു നിര്‍ദേശം. മല്‍സരത്തില്‍ അനുവദിക്കപ്പെട്ട 48 മണിക്കൂറിനുള്ളിലാണ് ആശയം മുതല്‍ ആവിഷ്കാരം വരെ പൂര്‍ത്തിയാക്കിയത്. തിരക്കഥ, വിഡിയോ, എഡിറ്റിങ്, സംഗീതം തുടങ്ങി എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും പൂര്‍ണമായും എഐയിലൊരുക്കി 'വാട്ടര്‍ പ്ലീസ്' പ്രദര്‍ശനത്തിനെത്തിച്ചു.
ദാഹമകറ്റാന്‍ ജലം തേടി ഒരു കുപ്പി വെള്ളവുമായി പായേണ്ടി വരുന്ന പേടി സ്വപ്നത്തിന്‍റെ പരിണാമമാണ് രണ്ടു മിനിറ്റില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഈ പാച്ചില്‍ ഒറ്റപ്പെട്ടതല്ല, സാര്‍വദേശീയമാണെന്നുള്ള തിരിച്ചറിവും ചിത്രം പങ്കുവയ്ക്കുന്നു. ‘എഐ രൂപപ്പെടുത്തിയതെങ്കിലും ദാഹം ജനിപ്പിച്ചത്’ എന്ന ടാഗ്‍ലൈനുമായാണ് 'വാട്ടര്‍ പ്ലീസ്' പ്രേക്ഷകരിലേക്കെത്തുന്നത്.