തുടരും എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മോഹൻലാലും സംവിധായകൻ തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്നു. ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമ്മിക്കുന്നത്. രതീഷ് രവിയുടേതാണ് കഥ. ഷാജി കുമാർ ക്യാമറ ചലിപ്പിക്കും.രതീഷ് രവി, ആഷിഖ് ഉസ്മാന്‍, ഷാജി കുമാർ, തരുൺ മൂർത്തി എന്നിവരോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് മോഹൻലാൽ തന്നെയാണ് പുതിയ സിനിമയെ കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ചെയ്തത്. ചിത്രവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷൻസ് കീഴിൽ മുമ്പ് പ്രഖ്യാപിച്ച L-365 എന്ന സിനിമയാണോ ഇതെന്ന് സംബന്ധിച്ച് വ്യക്തതയില്ല. ആ ചിത്രത്തിന്റെയും ഇപ്പോൾ പ്രഖ്യാപിച്ച ചിത്രത്തിന്റെയും ടീം ആണ് ഇപ്പോൾ പ്രഖ്യാപിച്ച ചിത്രത്തിലുമുള്ളത്. എന്നാൽ സംവിധായകൻ മാത്രമാണ് മാറിയിരിക്കുന്നത്. മുൻ പ്രഖ്യാപനത്തിലുള്ള ചിത്രത്തിന്റെ സംവിധായകനെ മാറ്റിയതായി സാമൂഹികമാധ്യമങ്ങളിൽ നേരത്തെ പ്രചാരണമുണ്ടായിരുന്നു.
ഫഹദ് ഫാസിലിനെ നായകനാക്കി അല്‍ത്താഫ് സലിം സംവിധാനംചെയ്യുന്ന 'ഓടും കുതിര ചാടും കുതിര' എന്ന ചിത്രമാണ് ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറിൽ അവസാനം തിയറ്ററിലെത്തിയ ചിത്രം.