സര്‍ക്കാര്‍ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് സിനിമയ്ക്ക് സെന്‍സര്‍ ബോര്‍ഡ് കത്രിക വയ്ക്കുന്നത് ശരിയല്ലെന്നും അത് അംഗീകരിക്കാന്‍ കഴിയില്ലെന്നും നടന്‍ കമല്‍ഹാസന്‍. സെന്‍സര്‍ ബോര്‍ഡ് എന്നത് ഇല്ല. സിനിമയ്ക്ക് സര്‍ട്ടിഫിക്കേഷന്‍ നല്‍കുന്നതിനുള്ള ബോര്‍ഡ് മാത്രമേ ഉള്ളൂ.
സെന്‍സര്‍ ബോര്‍ഡ് എന്നത് ബ്രിട്ടീഷ് സാമ്രാജ്യത്വകാലത്തെ സമീപനമാണെന്നും കമല്‍ഹാസന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. മനോരമ ഹോര്‍ത്തൂസില്‍ പങ്കെടുക്കാനെത്തിയ കമല്‍ഹാസന്‍ ജാനകി, ഹാല്‍ സിനിമകളിലെ സെന്‍സറിങ് വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രതികരിച്ചത്.
അതേസമയം, നടന്‍ വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനത്തില്‍ പ്രതികരണവുമായി മക്കൾ നീതി മയ്യം അധ്യക്ഷനും എംപിയുമായ കമൽ ഹാസൻ. വിജയ്ക്ക് ഉപദേശം കൊടുക്കാന്‍ കഴിയുന്ന സാഹചര്യത്തിലല്ല താനെന്ന് കമല്‍ പറഞ്ഞു. രാഷ്ട്രീയത്തില്‍ അനുഭവമാണ് ഗുരുവാകേണ്ടതെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. മനോരമ ഹോര്‍ത്തൂസ് വേദിയിലാണ് കമലിന്‍റെ പ്രതികരണം. ആരെയും തിരുത്താറില്ല, സ്വയം തിരുത്താന്‍ ശ്രമിക്കും. ഞാന്‍ മിണ്ടിക്കൊണ്ടേയിരിക്കും എന്ന് കമല്‍ഹാസന്‍ പറഞ്ഞു. ഉലകനായകന്‍ എന്ന് വിളിക്കേണ്ടെന്നും കമല്‍ പറഞ്ഞു. ലോകത്തിന്‍റെ വലിപ്പം എനിക്കറിയാം അതിന്‍റെ നായകനെന്ന് വിളിക്കുമ്പോള്‍ നാണം വേണ്ടേ? എന്നും അദ്ദേഹം ചോദിച്ചു.