എല്ലാവരേയും തൃപ്തിപ്പെടുത്തി സിനിമ ചെയ്യാനാവില്ലെന്ന് സംവിധായകന്‍ തരുണ്‍ മൂര്‍ത്തി. സിനിമ ചെയ്യുമ്പോൾ അതിന്റെ രാഷ്ട്രീയത്തേക്കാൾ എന്നിലെ പ്രേക്ഷകനെ തൃപ്തിപ്പെടുത്തുക എന്നതാണ് പ്രധാനമെന്നും തരുണ്‍ മൂര്‍ത്തി പറഞ്ഞു. മനോരമ ഹോര്‍ത്തൂസ് വേദിയിലായിരുന്നു തരുണിന്‍റെ പ്രതികരണം. തുടരും സിനിമയില്‍ ശോഭന അവതരിപ്പിച്ച കഥാപാത്രമായ ലളിത എന്തുകൊണ്ട് ജോര്‍ജ് സാറിനെ കൊന്നില്ല എന്ന ഒരു പ്രേക്ഷകയുടെ ചോദ്യത്തിനായിരുന്നു തരുണിന്‍റെ മറുപടി.
'നമ്മൾ ഒരു സിനിമ ചെയ്യുമ്പോൾ അതിന്റെ രാഷ്ട്രീയത്തേക്കാൾ എന്നിലെ പ്രേക്ഷകനെ തൃപ്തിപ്പെടുത്തുക എന്നതാണ് പ്രധാനം. ലളിത ജോർജ് സാറിനെ കൊല്ലുമ്പോഴാണോ അതോ ബെൻസ് അത് ചെയ്യുമ്പോഴാണോ എന്നിലെ പ്രേക്ഷകന് തൃപ്തിയാവുക എന്നാണ് ചിന്തിക്കുക. ലളിത അനുഭവിച്ചതിനേക്കാൾ കൂടുതൽ മാനസിക സംഘർഷങ്ങളാണ് ബെൻസിനുണ്ടായത് എന്നാണ് എനിക്ക് എഴുതി വന്നപ്പോൾ മനസ്സിലായത്. ഞാൻ ഒരു തിരക്കഥാകൃത്ത് കൂടിയാണ്.
എന്റെ സഹ എഴുത്തുകാരൻ സുനിൽ കൂടി ഉണ്ടായിരുന്നു ഒപ്പം. എഴുത്തിൽ ലളിത അനുഭവിച്ച വികാരങ്ങളെ കുറച്ചു കാണുകയല്ല. അത് തെറ്റാണെന്നു പറയുകയല്ല. പക്ഷേ, അതിനേക്കാൾ ഇമോഷണലി ഡ്രിവൺ ആയത് ബെൻസിന്റെ കഥാപാത്രമാണ്. ഒരു വാണിജ്യ സിനിമയുടെ ഭാഗമായതുകൊണ്ടല്ല അങ്ങനെ തീരുമാനിച്ചത്. നിർമാതാവിന്റേയോ സൂപ്പർതാരത്തിന്റെയോ സമ്മർദമൊന്നും കൊണ്ടല്ല അങ്ങനെയൊരു തീരുമാനം ഉണ്ടായത്. എന്നിലെ പ്രേക്ഷകൻ അത് ആഗ്രഹിച്ചു. എന്നിലെ സംവിധായകൻ ചെയ്തു കൊടുത്തു. അപ്പോൾ എന്നിലെ പ്രേക്ഷകനും സംവിധായകനും സന്തോഷമായി. കാഴ്ചക്കാർക്ക് ചിലപ്പോൾ അതിൽ തൃപ്തി വന്നിട്ടുണ്ടാവില്ല. ആപേക്ഷികമാണ്. എല്ലാവരെയും തൃപ്തിപ്പെടുത്തി സിനിമ ചെയ്യാനാകില്ലല്ലോ,' തരുണ്‍ പറഞ്ഞു.