Image credit: instagram/badushanm
നാലുവര്‍ഷം മുന്‍പ് വാങ്ങിയ 20 ലക്ഷം രൂപ നല്‍കാതെ പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മാതാവുമായ ബാദുഷ തന്നെ വഞ്ചിച്ചുവെന്ന് നടന്‍ ഹരീഷ് കണാരന്‍ തുറന്ന് പറഞ്ഞത് ദിവസങ്ങള്‍ക്ക് മുന്‍പാണ്. ഹരീഷിന്‍റെ ആരോപണങ്ങള്‍ക്ക് തന്‍റെ പുതിയ സിനിമയുടെ റിലീസിന് ശേഷം മറുപടിയെന്ന് ബാദുഷ ഫെയ്സ്ബുക്കില്‍ കുറിപ്പുമിട്ടു. എന്നാല്‍ ഇന്‍സ്റ്റഗ്രാമില്‍ ഇതിനൊപ്പം ബാദുഷ പങ്കുവച്ച സിനിമാ വിഡിയോ സൈബര്‍ ലോകത്ത് ചര്‍ച്ചയാകുകയാണ്. ഇരുപതാം നൂറ്റാണ്ടിലെ മോഹന്‍ലാലിന്‍റെ ഡയലോഗാണ് ബാദുഷ പങ്കുവച്ചിരിക്കുന്നത്. 'ലോകത്തിലെ ഏറ്റവും വൃത്തികെട്ട ക്രിമിനല്‍ പോലും ഇത്രയും തരംതാഴ്ന്ന പ്രവൃത്തി ചെയ്യില്ല. സ്വന്തം കൂട്ടത്തിലൊരുത്തനെ ആവശ്യത്തിന് ഉപയോഗിച്ച ശേഷം ഒറ്റിക്കൊടുക്കുക. അതും ഒരു മൂന്നാംകിട പ്രതികാരത്തിന് വേണ്ടി. നീ ആണാണെങ്കില്‍ നേരിട്ട് വാ. ഇതുപോലെയുള്ള പാവങ്ങളെയൊന്നും വെറുതേ കുടുക്കരുത്. ശേഖരന്‍കുട്ടീ, നീ ഒന്നുറപ്പിച്ചോ, നീ ഈ നസ്രാണിയെ കണ്ട ദിവസം മുതല്‍ നിന്‍റെ അന്ത്യം ആരംഭിച്ചുകഴിഞ്ഞു. നൗ യൂ സ്റ്റാര്‍ട്ട് യുവര്‍ കൗണ്ട്ഡൗണ്‍' എന്ന ഡയലോഗാണ് ചേര്‍ത്തിരിക്കുന്നത്. Also Read: 'തരാടാ മോനേ'; 4 വര്‍ഷമായിട്ടും കടം വാങ്ങിയ 20 ലക്ഷം ബാദുഷ തന്നില്ല'
വ്യാപക വിമര്‍ശനമാണ് ബാദുഷയ്ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. 'ഇങ്ങനെ ഒരു കൂട്ടുകാരന്‍ എല്ലാവര്‍ക്കും ഉണ്ടാകും. പൈസ വാങ്ങിയിട്ട് തിരിച്ച് ചോദിക്കുമ്പോള്‍ മറ്റേടത്തെ ഡയലോഗ് പറയുന്നവന്‍' എന്നും ഡയലോഗ് സൂപ്പറാ, പൈസ കൊടുത്തേക്ക് എന്നും ആളുകള്‍ കുറിച്ചിട്ടുണ്ട്. 'ഈ സിനിമ ഞങ്ങളെല്ലാം കണ്ടതാണെന്നും ആ പൈസ തിരിച്ചു കൊടുത്തേക്ക് എന്നിട്ട് ഡയലോഗ് അടിക്കാ'മെന്ന് കമന്‍റ് ചെയ്യുന്നവരുമുണ്ട്. 'ഇപ്പോള്‍ പോസ്റ്റ് ചെയ്ത ഡയലോഗ് ഹരീഷ് കണാരന്‍ ഇടേണ്ടാണെന്നും പൈസ പറ്റിച്ച ശേഷം വര്‍ത്താനം പറയേണ്ടെ'ന്നും ആളുകള്‍ കുറിച്ചു.
ഈ പോസ്റ്റിന് പിന്നാലെ റേച്ചലിന്‍റെ പോസ്റ്റ് ബാദുഷ പങ്കുവച്ചതിന് ചുവടെയും ഹരീഷിന്‍റെ ആരോപണം ഉയര്‍ത്തി ആളുകള്‍ പ്രതികരിച്ചിട്ടുണ്ട്. ഒരാഴ്ചത്തെ അവധി പറഞ്ഞാണ് എറണാകുളം ഒബ്റോണ്‍ മാളിന് പിന്നിലുള്ള സ്ഥലം റജിസ്ട്രേഷനായി ബാദുഷ 20 ലക്ഷം രൂപ വാങ്ങിയതെന്നും ഇത്രയും കാലമായിട്ടും തിരികെ നല്‍കിയില്ലെന്നും മനോരമന്യൂസിലൂടെ ഹരീഷ് തുറന്ന് പറഞ്ഞിരുന്നു. പണം ബാങ്കുവഴിയാണ് കൈമാറിയതെന്നും താന്‍ രാപ്പകലില്ലാതെ അധ്വാനിച്ചുണ്ടാക്കിയ പണമാണെന്നും ഹരീഷ് വേദനയോടെ വെളിപ്പെടുത്തിയിരുന്നു. പണം ചോദിക്കുമ്പോള്‍ ഒഴിഞ്ഞുമാറുന്നതിന് പുറമെ തനിക്ക് വന്ന സിനിമകള്‍ ബാദുഷ മുടക്കിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു. താരസംഘടനയില്‍ പരാതി നല്‍കുമെന്നും നിയമവഴി സ്വീകരിക്കുമെന്നും ഹരീഷ് വെളിപ്പെടുത്തി.