താന്‍ രാഷ്ട്രീയത്തിലേക്കില്ല എന്ന് നടി മഞ്ജു വാര്യര്‍. രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കേണ്ടത് അതിന് കഴിവും പ്രാപ്തിയും ഉള്ളവരാണെന്നും മഞ്ജു പറഞ്ഞു. എന്നാല്‍ ചുറ്റും നടക്കുന്ന കാര്യങ്ങളെ പറ്റി തനിക്ക് അഭിപ്രായവും നിലപാടുമുണ്ടെന്നും പക്ഷേ അതൊരു പബ്ലിക് പ്ലാറ്റ്ഫോമിൽ പറയേണ്ടതാണെന്ന് വിശ്വസിക്കുന്നില്ലെന്നും മഞ്ജു പറഞ്ഞു. കമല്‍ ഹാസനൊപ്പമുള്ള മനോരമ ഹോര്‍ത്തൂസ് വേദിയിലായിരുന്നു മഞ്ജുവിന്‍റെ പരാമര്‍ശം.
'പൊളിറ്റിക്സ് എന്റെ ഒരു മേഖല അല്ല. ഒരു രാഷ്ട്രീയ പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കണമെങ്കിൽ ഒന്നാമത് അറിവ് വേണം, അല്ലെങ്കിൽ ഒരു താല്‍പര്യം വേണം. അതിനുള്ള കഴിവ് എനിക്ക് എന്തായാലും ഇല്ല. പക്ഷേ ചുറ്റും നടക്കുന്ന കാര്യം കാര്യങ്ങളെ കുറിച്ചുള്ള ഒരു ബോധമുണ്ട്, അതിനെ കുറിച്ചുള്ള അഭിപ്രായങ്ങൾ ഉണ്ട്, നിലപാടുകൾ ഉണ്ട്, പക്ഷേ അത് ഒരു പബ്ലിക് പ്ലാറ്റ്ഫോമിൽ പറയേണ്ടതാണെന്നോ അല്ലെങ്കിൽ ആരെയെങ്കിലും അടിച്ചേൽപ്പിക്കേണ്ടതാണെന്നോ വിശ്വസിക്കുന്നില്ല.
ഞാൻ ഒന്നിനെയും അങ്ങനെ ആവശ്യത്തിൽ കൂടുതൽ പ്രാധാന്യം കൊടുത്ത് ആഴത്തിൽ ചിന്തിച്ച് തല പുകച്ചു കൊണ്ടിരിക്കുന്ന ഒരാളല്ല. വളരെ ലൈറ്റ് ഹാർട്ടഡ് ആയി ഓപ്റ്റിമിസ്റ്റിക് ആയി നല്ല കാര്യങ്ങൾ മാത്രം ചിന്തിച്ച്, സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്ന ഒരാളാണ്. ഞാന്‍ കേൾക്കുന്ന കഥ ഓഡിയൻസ് എന്ന നിലയ്ക്ക് എന്നെ ആകര്‍ഷിക്കുന്നുണ്ടോ, എൻറെ കഥാപാത്രം ചെയ്യാൻ എനിക്ക് കൊതി തോന്നുന്നുണ്ടോ എന്നുള്ളത് മാത്രമേ ചിന്തിക്കുന്നുള്ളൂ. അതിനപ്പുറത്തേക്ക് ചിന്തിക്കാനില്ല,' മഞ്ജു പറഞ്ഞു.
തിരഞ്ഞെടുപ്പില്‍ ആരെങ്കിലും വാഗ്ദാനവുമായിട്ട് സമീപിച്ചിരുന്നോ എന്ന ചോദ്യത്തിന് പല പ്രാവശ്യം വന്നിട്ടുണ്ടെന്നും മഞ്ജു മറുപടി നല്‍കി. കഴിവും താല്പര്യവും ഉള്ളവരാണ് രാഷ്ട്രീയത്തിലിറങ്ങേണ്ടത്. കമൽ സാറിനെ പോലെ അതിനുവേണ്ടി അറിവ് കൂടി ഉള്ളവരാണ് അത് ചെയ്യേണ്ടത് എന്ന് ഞാൻ വിശ്വസിക്കുന്നുവെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.