നടന്‍ ഹരീഷ് കണാരനില്‍ നിന്നും 20 ലക്ഷം രൂപ തട്ടിയെടുത്തെന്ന ആരോപണത്തില്‍ പ്രതികരണവുമായി നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ബാദുഷ. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന തന്‍റെ ചിത്രമായ റേച്ചലിന്‍റെ റിലീസിന് ശേഷം പറയാനുള്ളതെല്ലാം പറയാം എന്നാണ് ബാദുഷ പറഞ്ഞത്. ഹണി റോസ് പ്രധാന വേഷത്തിലെത്തുന്ന റേച്ചല്‍ ഡിസംബര്‍ ആദ്യവാരം തിയേറ്ററിലെത്തുെമന്നാണ് വിവരം.
കഴിഞ്ഞ ദിവസമാണ് പണം തട്ടിയത് ബാദുഷയാണെന്ന് ഹരീഷ് കണരാന്‍ തുറന്നു പറഞ്ഞത്. ഒരാഴ്ചത്തെ അവധിയില്‍ കടം വാങ്ങിയ 20 ലക്ഷം രൂപ തിരികെ നല്‍കുന്നില്ലെന്നാണ് ഹരീഷിന്‍റെ പരാതി. നാലു വര്‍ഷമായി ഒഴിഞ്ഞു മാറുകയാമെന്നും തനിക്കു വന്ന സിനിമകള്‍ ബാദുഷ മുടക്കിയെന്നും ഹരീഷ് ആരോപിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ബാദുഷ പ്രതികരണവുമായി എത്തിയത്. ''എനിക്ക് പറയാനുള്ളതെല്ലാം, എന്റെ സിനിമയായ റേച്ചലിന്റെ റിലീസിനു ശേഷം മാത്രം'' എന്നാണ് ബാദുഷ ഫെയ്സ്ബുക്കില്‍ കുറിച്ചത്. അതേസമയം, ബാദുഷയുടെ പോസ്റ്റിന് താഴെ അദ്ദേഹത്തെ എതിര്‍ത്തുകൊണ്ടാണ് കമന്‍റ് മുഴുവനും. അൽപ്പമെങ്കിലും ഉളുപ്പുണ്ടേൽ ആദ്യം വാങ്ങിയ പണം തിരികെ നൽകു എന്നാണ് ഒരു കമന്‍റ്.
ഒബ്റോണ്‍ മാളിന്‍റെ ബാക്കില്‍ വാങ്ങിയ സ്ഥലത്തിന്‍റെ റജിസ്ട്രേഷനായാണ് 20 ലക്ഷം രൂപ വാങ്ങിയതെന്നാണ് ഹരീഷ് കണാരന്‍ പറയുന്നത്. ''ഒരാഴ്ച കഴിഞ്ഞ പണം തരുമെന്ന ഉറപ്പിലാണ് ബാങ്കില്‍ വിളിച്ച് ഞാന്‍ പൈസ ട്രാന്‍സ്ഫര്‍ ചെയ്ത് കൊടുത്തത്. അത് കഴിഞ്ഞ് ഒരാഴ്ചയും രണ്ടാഴ്ചയും കഴിഞ്ഞു. പിന്നെ കൊറോണയായി, ലോക്ഡൗണ്‍ ആയി. കൊറോണയൊക്കെ കഴിഞ്ഞ് ഞാന്‍ ഈ വീട് രണ്ടാമത് പുതുക്കിപ്പണിയുന്ന സമയത്താണ് പണം തിരികെ ആവശ്യപ്പെട്ടത്'', ഹരീഷ് പറഞ്ഞു. 'പടച്ചോനേ ഇങ്ങള് കാത്തോളീ' എന്ന സിനിമ കഴിഞ്ഞ് 41–ാം ദിവസമാണ് ബാദുഷ എആര്‍എമ്മിന്‍റെ ഡേറ്റ് തന്നത്. ഈ സമയത്ത് പണത്തെ പറ്റി ചോദിച്ചപ്പോള്‍ വെടിക്കെട്ട് എന്ന സിനിമ റിലീസാവട്ടെ എന്നാണ് പറഞ്ഞത്. വെടിക്കെട്ട് റിലീസായപ്പോളും പൈസയില്ല എന്നും ഹരീഷ് പറഞ്ഞു.