TOPICS COVERED

നായകളെ പറ്റി ഭയപ്പെടുത്തുന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ നടത്തരുതെന്ന് നടി നിവേദ പെതുരാജ്. നായ കടിക്കുന്നത് ഒരു വലിയ കാര്യമാക്കി കാണിക്കരുതെന്നും ഒപ്പം അതിനുള്ള പരിഹാരം കൂടി പ്രചരിപ്പിക്കാമെന്നും നിവേദ പറഞ്ഞു. ഷെല്‍ട്ടറുകളില്‍ അടക്കുന്നതിന് പകരം നായ്ക്കളെ വാക്സിനേറ്റ് ചെയ്യാന്‍ പണം ഉപയോഗിക്കണമെന്നും നിവേദ പറഞ്ഞു. ചെന്നൈയില്‍ തെരുവുനായകളെ സംരക്ഷിക്കുന്നതിനെ പിന്തുണച്ച് സംഘടിപ്പിച്ച റാലിയില്‍ വച്ച് മാധ്യമങ്ങളോടായിരുന്നു താരത്തിന്‍റെ പ്രതികരണം. 

'ഭയപ്രചാരണമാണ് നടക്കുന്നത്. ഒരു നായ കടിച്ചാൽ അത് വലിയ കാര്യമാക്കുകയോ ഭയം ഉണ്ടാക്കുകയോ ചെയ്യരുത്. നായ കടിക്കുന്നത് ശരിയാണെന്ന് ഞാൻ പറയുന്നില്ല. പേവിഷബാധ പടർന്നാൽ അത് വളരെ ദോഷകരവും ആരോഗ്യത്തിന് ഹാനികരവുമാണ്. എന്നാൽ ഭയം ജനിപ്പിക്കുന്നതിന് പകരം, നമുക്ക് പരിഹാരം നോക്കാം. ചെറിയ പ്രായം മുതലേ അനുകമ്പയോടെ പെരുമാറാന്‍ കുട്ടികളെ പഠിപ്പിക്കാം. ആരെങ്കിലും എന്തെങ്കിലും തെറ്റ് ചെയ്യുമ്പോൾ, നമ്മൾ അവരെ കൊല്ലാൻ ആവശ്യപ്പെടുന്നില്ലല്ലോ. മൃഗങ്ങളോടും നമ്മൾ അതേ തെറ്റ് ആവർത്തിക്കരുത്. മാധ്യമങ്ങളും ഞങ്ങളെ പിന്തുണക്കണം. നായ കടിക്കുന്ന വാര്‍ത്തകള്‍ക്കൊപ്പം പരിഹാരം കൂടി പറയണം. നായകളെ പൂര്‍ണമായും ഒഴിവാക്കണം എന്ന് പറയുന്നത് പരിഹാരമല്ല. അവബോധം, കാരുണ്യം, വാക്സിനേഷൻ, വന്ധ്യംകരണം തുടങ്ങിയ പ്രായോഗിക നടപടികൾക്ക് കൂടുതൽ ശ്രദ്ധ നൽകേണ്ടത് ആവശ്യമാണ്. 

ഷെല്‍ട്ടറുകള്‍ ഉണ്ടാക്കുന്നതിന് പകരം നായ്ക്കളെ മുഴുവന്‍ വാക്സിനേറ്റ് ചെയ്യൂ. തമിഴ്​നാട്ടിലെ നാലരലക്ഷത്തോളം നായ്​ക്കളുണ്ട്. അതിനെല്ലാമായിട്ട് 2500 ഷെല്‍ട്ടറുകള്‍ വേണ്ടിവരും. അതിനെയെല്ലാം നോക്കാന്‍ എത്ര പേര് വേണ്ടി വരും. അതിനുപകരം വാക്സിനേറ്റ് ചെയ്യാന്‍ പണം ചെലവാക്കണം. മനുഷ്യന്മര്‍ക്ക് മാത്രമാണ് ഭൂമി എന്ന് വിചാരിച്ചാല്‍ നമുക്ക് അതിജീവിക്കാനാവില്ല. അനുകമ്പയോടെ ചിന്തിക്കാമെന്നും നിവേദ പറഞ്ഞു. 

ENGLISH SUMMARY:

Nivetha Pethuraj advocates against spreading fear regarding dog bites. Instead of focusing on the negative, she suggests promoting solutions such as vaccination and fostering compassion for animals.