മീന്‍ കഴിക്കുന്ന വിഡിയോ പുറത്തുവന്നതിനുപിന്നാലെ ബോളിവുഡ് താരം രണ്‍ബീര്‍ കപൂറിനെതിരെ സൈബര്‍ ആക്രമണം. നിതീഷ് തിവാരി സംവിധാനം ചെയ്യുന്ന ‘രാമായണ’ സിനിമയ്ക്ക് വേണ്ടി സസ്യാഹാരിയായി എന്ന് രണ്ട് വര്‍ഷം മുന്‍പ് ഒരു അഭിമുഖത്തില്‍ രണ്‍ബീര്‍ പറഞ്ഞിരുന്നു. ഇത് ലംഘിച്ചതാണ് ഒരു വിഭാഗത്തെ ചൊടിപ്പിച്ചിരിക്കുന്നത്.
നെറ്റ്ഫ്ലിക്സ് ഷോയായ 'ഡൈനിങ് വിത്ത് കപൂർസ്'-ൽ നിന്നുള്ള വിഡിയോയിലാണ് രണ്‍ബീര്‍ മീന്‍ കഴിക്കുന്നത്. രാജ് കപൂറിന്‍റെ 100–ാം ജന്മവാര്‍ഷികം ആഘോഷിക്കാനാണ് കപൂര്‍ കുടുംബാംഗങ്ങള്‍ ഒത്തുകൂടിയത്. നീതു കപൂർ, കരീന കപൂർ, കരിഷ്മ കപൂർ, റിമ ജെയിൻ, സെയ്ഫ് അലി ഖാൻ ഉള്‍പ്പെടെയുള്ളവര്‍ വിരുന്നിനെത്തിയിരുന്നു. ഇതിൽ കുടുംബാംഗങ്ങൾ ഫിഷ് കറി റൈസ്, ജംഗ്ലി മട്ടൺ തുടങ്ങിയ വിഭവങ്ങളെക്കുറിച്ച് സംസാരിക്കുന്നതും രൺബീർ ഭക്ഷണം കഴിക്കുന്നതും കാണാം.
വിഡിയോ പുറത്തുവന്നതിന് പിന്നാലെ കടുത്ത സൈബര്‍ ആക്രമണമാണ് താരത്തിന് നേരെ നടക്കുന്നത്. "നിങ്ങളുടെ പിആർ ടീമിനെ പിരിച്ചുവിടൂ" എന്നാണ് പലരും കമന്‍റ് ചെയ്തത്. രാമായണത്തിൽ ശ്രീരാമനായി അഭിനയിക്കുന്നതിനായി രൺബീർ കപൂർ നോൺ-വെജ് ഭക്ഷണം ഉപേക്ഷിച്ചുവെന്നും, മദ്യപാനവും പുകവലിയും നിർത്തിയെന്നും, ധ്യാനവും കർശനമായ സാത്വിക ഭക്ഷണരീതികളും പിന്തുടരുന്നുവെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
ഒന്നാം ഭാഗം ചിത്രീകരണം പൂർത്തിയായ ‘രാമായണ’ 2026-ലെ ദീപാവലിക്ക് റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. സീതയെ സായ് പല്ലവിയും രാവണനെ യഷും ആണ് അവതരിപ്പിക്കുന്നത്. സണ്ണി ഡിയോൾ, രവി ദുബെ, കാജൽ അഗർവാൾ, രാകുൽ പ്രീത് സിംങ്, അരുൺ ഗോവിൽ, കുനാൽ കപൂർ, ആദിനാഥ് കൊത്താരെ, ഷീബ ഛദ്ദ, ഇന്ദിര കൃഷ്ണൻ തുടങ്ങിയ വന്‍താരനിരയാണ് ചിത്രത്തില്‍ എത്തുന്നത്.